വാഷിംഗ്ടണ്‍: അമേരിക്കയില്‍ കോവിഡ് കോവിഡ് കേസുകള്‍ ഉയരുന്നു. കോവിഡ് പ്രതിരോധ വാക്‌സിന്‍ വിതരണം ചെയ്യുന്നതിലെ കാലതാമസവും ഡെല്‍റ്റ വകഭേദത്തിന്റെ സാന്നിധ്യവുമാണ് കേസുകള്‍ വര്‍ധിക്കുന്നതിന് കാരണമായത്. നാല്‍പതോളം സംസ്ഥാനങ്ങളിലാണ് കേസുകള്‍ വർധിച്ചത്. 

ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാല റിപ്പോര്‍ട്ട് പ്രകാരം കേസുകളില്‍ കഴിഞ്ഞ ആഴ്ചത്തേക്കാള്‍ 47 ശതമാനത്തിന്റെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. കോവിഡ് ബാധിച്ച് മരിക്കുന്നവരില്‍ 99 ശതമാനം പേരും കോവിഡ് പ്രതിരോധ വാക്‌സിന്‍ സ്വീകരിക്കാത്തവരാണെന്ന് യു.എസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ ഡയറക്ടര്‍ റഷേല്‍ വലെന്‍സ്‌കി പറഞ്ഞു. കഴിഞ്ഞ ആറു മാസത്തെ പ്രാഥമിക കണക്കുകള്‍ പ്രകാരം വിവിധ സംസ്ഥാനങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്ത കോവിഡ് മരണങ്ങളെല്ലാം വാക്‌സിന്‍ സ്വീകരിക്കാത്തവരുടേതാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 

രാജ്യത്ത് വാക്‌സിനേഷന്‍ വിതരണത്തിന്റെ വേഗത കുറഞ്ഞിരിക്കുകയാണ്. 48 ശതമാനം പേര്‍ യുഎസില്‍ ഇതിനകം രണ്ടുഡോസ് വാക്‌സിന്‍ സ്വീകരിച്ചിരുന്നു. 55.5 ശതമാനം പേര്‍ ഒരു ഡോസ് വാക്‌സിനെങ്കിലും സ്വീകരിച്ചതായും ഡേറ്റകള്‍ സൂചിപ്പിക്കുന്നു. 

കോവിഡ് വ്യാപനം തടയുന്നതിനും വൈറസ് വകഭേദങ്ങള്‍ കൂടുതല്‍ അപകടകരമായ ജനിതകവ്യതിയാനം സംഭവിക്കുന്നത് ഒഴിവാക്കാനും കോവിഡ് പ്രതിരോധ വാക്‌സിനുകള്‍ ആവശ്യമാണെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. 'ധാരാളം ആളുകള്‍ ഇനിയും വാക്സിന്‍ എടുക്കേണ്ടതായിട്ടുണ്ട്, അതാണ് ഏക പ്രതിവിധി' - വൈറ്റ് ഹൗസ് ചീഫ് മെഡിക്കല്‍ ഓഫീസര്‍ ആന്റണി ഫൗച്ചി പറഞ്ഞു.