സാവോ പോളോ: ബ്രസീലിൽ തിരഞ്ഞെടുപ്പ് വിജയിക്കാൻ സ്ഥാനാർഥികൾ ചെയ്യുന്ന ഒരു പരിപാടിയുണ്ട്. സ്വന്തം പേരിന് പകരം ഒരു ഇരട്ടപ്പേര് അവർ സ്വയം സ്വീകരിക്കും. എട്ട് തിരഞ്ഞെടുപ്പുകളിൽ തോൽവി നേരിട്ട റെജീന ബെന്റോ സെകൈ്വറ ഇത്തവണ മത്സരിക്കാനെത്തിയിരിക്കുന്നത് കാലത്തിനനുസരിച്ചുള്ള പേരുമായാണ്- ക്യാപ്റ്റൻ ക്ലോറോക്വിൻ.

ഞായറാഴ്ച പ്രാദേശികതിരഞ്ഞെടുപ്പ് നടക്കുന്ന ബ്രസീലിൽ ബാലറ്റ് പേപ്പറുകളിൽ ഈ അപരനാമമാണ് പ്രത്യക്ഷപ്പെടുക. പ്രസിഡന്റ് ജെയിർ ബോൽസനാരോയുടെ കോവിഡ് പ്രതിരോധത്തിനായുള്ള ക്ലോറോക്വിൻ ഉപയോഗത്തിന് അനുഭാവം പ്രകടിപ്പിച്ചാണ് സെകൈ്വറ ഈ സ്പെഷ്യൽ പേര് സ്വീകരിച്ചത്. രാഷ്ട്രീയരംഗത്ത് സെകൈ്വറ ഏറ്റവുമധികം ആരാധിക്കുന്ന വ്യക്തിയാണ് ബോൽസനാരോ. കോവിഡ് പ്രതിരോധത്തിൽ പരാജയമാണെന്ന് പഠനങ്ങൾ തെളിയിച്ചിട്ടും ക്ലോറോക്വിൻ ഒരു അദ്ഭുതമരുന്നാണെന്നാണ് ബോൽസനാരോ കരുതുന്നു.

സെകൈ്വറ ഈ പേര് സ്വീകരിച്ചതിൽ നിരവധിപേർ പ്രതിഷേധിച്ച് രംഗത്തെത്തി. എന്നാൽ വോട്ടർമാരുടെ ശ്രദ്ധയാകർഷിക്കാൻ ഇത്തരത്തിലുള്ള വിദ്യകൾ പ്രയോഗിക്കണമെന്ന പക്ഷക്കാരിയാണ് സെകൈ്വറ. കോവിഡ്, അഴിമതി നിർമാർജനമാണ് സെകൈ്വറ നൽകുന്ന തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ. 59 കാരിയായ സെകൈ്വറ ഒരു അഭിഭാഷകയാണ്.

2004 ലാണ് സെകൈ്വറ ആദ്യമായി തിരഞ്ഞെടുപ്പിൽ മത്സരിച്ചത്. അന്ന് മുതലിങ്ങോട്ട് പല പേരുകളാണ് സെകൈ്വറ തിരഞ്ഞെടുത്തത്. സെഫ എന്ന പേരിനൊപ്പം പല പേരുകളും അവർ പരീക്ഷിച്ചു- പോകെ സെഫ, സെഫ വൈറ്റ്, കേവ് സെഫ, സൂപ്പർ സെഫ തുടങ്ങി പലതും. പക്ഷെ ഈ പേരുകളൊന്നും അവർക്ക് ഭാഗ്യം നൽകിയില്ല. ക്ലോറോക്വിന്നിനെ കുറിച്ച് നിരന്തരം ചർച്ചകൾ നടക്കുന്നതിലാണ് ആ പേര് ഇക്കുറി സ്വീകരിച്ചതെന്ന് സെകൈ്വറ പറയുന്നു.

ഞായറാഴ്ചത്തെ ബാലറ്റ് പേപ്പറിൽ ക്യാപ്റ്റൻ ക്ലോറോക്വിൻ മാത്രമല്ല സൂപ്പർമാനും ബാറ്റ്മാനും വണ്ടർ വുമണും ബിൻ ലാദനും ട്രംപും ഒബാമയുമൊക്കെയായി 5,76,000 സ്ഥാനാർഥികളുടെ പേരുകൾ നിരക്കും. 64,000 സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ഇരട്ടപ്പേരുകൾ സ്ഥാനാർഥികൾക്ക് ഏതെങ്കിലും വിധത്തിലുള്ള ഗുണം നൽകിയതായി തെളിവൊന്നുമില്ല. എന്നാൽ 2010 ൽ കോമാളികഥാപാത്രത്തിന്റെ പേരിൽ മത്സരിച്ച സ്ഥാനാർഥിയുടെ വമ്പിച്ച വിജയം ആവർത്തിക്കാമെന്ന പ്രതീക്ഷയിലാണ് ഇത്തവണത്തെ ബ്രസീലിയൻ സ്ഥാനാർഥികൾ.

Content Highlights: Captain Chloroquine Seeks Superhero Win In Brazil Local Elections