ഒട്ടാവ: എല്‍ജിബിടി സമൂഹത്തെക്കുറിച്ചുള്ള പ്രസംഗത്തിനിടെ നാക്കുപിഴയില്‍ കുരുങ്ങി കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ. നാക്കുപിഴയുടെ 16 സെക്കന്റ് വീഡിയോ ട്വിറ്ററില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

എല്‍.ജി.ബി.ടി.ക്യു+ (LGBTQ2+)  വിഭാഗത്തിന്റെ അവകാശങ്ങളെക്കുറിച്ച് പൊതുവേദിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. എല്‍.ജി.ബി.ടി.ക്യു എന്ന് പറയാന്‍ ശ്രമിക്കുമ്പോള്‍ നാക്കുപിഴ സംഭവിച്ച് എല്‍.ജി.ഡി.പി, എല്‍.ജി.ടി.ബി, എല്‍.ബി.ജി എന്നിങ്ങനെയാണ് ട്രൂഡോ പറയുന്നത്. ഒടുവില്‍ തിരുത്തിപ്പറഞ്ഞ് പ്രസംഗം തുടര്‍ന്നു. 

എപ്പോള്‍ നടന്ന പൊതുപ്രസംഗത്തില്‍ നിന്നുള്ള ദൃശ്യങ്ങളാണ് ഇതെന്ന് വ്യക്തമല്ല. എന്നിരുന്നാലും കാനഡയില്‍ ട്രൂഡോ സര്‍ക്കാര്‍ വീണ്ടും അധികാരത്തിലേറാന്‍ ഒരുങ്ങുന്നതിനിടെയാണ് നാക്കുപിഴയുടെ വീഡിയോ ട്വിറ്ററില്‍ പ്രചരിക്കുന്നത്. നാക്കുപിഴയുടെ വീഡിയോയ്ക്ക് രസകരവും വിമര്‍ശനാത്മകവുമായ നിരവധി കമന്റുകളും ലഭിക്കുന്നുണ്ട്. 

എല്‍.ജി.ബി.ടിക്ക് അനുകൂല നിലപാടുകള്‍ സ്വീകരിച്ചതിന്റെ പേരില്‍ ആഗോളതലത്തില്‍ നിരവധി പ്രശംസകള്‍ ഏറ്റുവാങ്ങിയ രാജ്യമാണ് കാനഡയും പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയും. 

Content Highlights: Canadian PM Justin Trudeau stumbles while pronouncing LGBTQ2+, netizens react