ഗൗരി ലങ്കേഷ്| Photo: Mathrubhumi Library
ബര്‍ണബി: സെപ്റ്റംബര്‍ അഞ്ച് 'ഗൗരി ലങ്കേഷ് ദിന'മായി ആചരിക്കുമെന്ന് കനേഡിയന്‍ നഗരമായ ബര്‍ണബി പ്രഖ്യാപിച്ചു. കൊല്ലപ്പെട്ട മാധ്യമപ്രവര്‍ത്തകയും സാമൂഹ്യപ്രവര്‍ത്തകയുമായിരുന്ന ഗൗരി ലങ്കേഷ് സമൂഹത്തിന് വേണ്ടി നടത്തിയ മഹത്തായ പ്രവര്‍ത്തനങ്ങളെ അവരുടെ ചരമവാര്‍ഷിക ദിനത്തില്‍ നഗരം അനുസ്മരിക്കും. ഓഗസ്റ്റ് 30 ന് ബര്‍ണബി സിറ്റി കൗണ്‍സിലിനിടെയാണ് സെപ്റ്റംബര്‍
അഞ്ച് ഗൗരി ലങ്കേഷ് ദിനമായി അനുസ്മരിക്കാനുള്ള തീരുമാനം കൗണ്‍സില്‍ കൈക്കൊണ്ടത്. ഈ തീരുമാനം അറിയിച്ചുകൊണ്ട് സിറ്റി മേയര്‍ മൈക്ക് ഹാര്‍ലി ഒപ്പിട്ട പ്രഖ്യാപനം നഗര ഭരണകൂടത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു.
2017 സെപ്റ്റംബര്‍ അഞ്ചിനാണ് ലങ്കേഷ് ബെംഗളൂരുവിലെ രാജരാജേശ്വരി നഗറിലെ വീടിന് മുന്നില്‍വെച്ച് വെടിയേറ്റ് മരിച്ചത്. സത്യത്തിനും നീതിക്കും വേണ്ടി നിലകൊണ്ട ധീരയായ ഇന്ത്യന്‍ പത്രപ്രവര്‍ത്തകയായി ഔദ്യോഗിക പ്രഖ്യാപനത്തില്‍ ലങ്കേഷിനെ ബര്‍ണബി സിറ്റി കൗണ്‍സില്‍ പ്രശംസിച്ചു. 'ഗൗരി ലങ്കേഷ് തന്റെ എഴുത്തിലൂടെ ശാസ്ത്രീയമായ ബോധം വളര്‍ത്താനും മതഭ്രാന്ത്, ജാതി അടിസ്ഥാനത്തിലുള്ള വിവേചനം എന്നിവ നിരസിക്കാനും വായനക്കാരെ പ്രോത്സാഹിപ്പിച്ചു,' ബര്‍ണബി സിറ്റി കൗണ്‍സിലിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച പ്രഖ്യാപനത്തില്‍ പറഞ്ഞു.
2020 ഏപ്രില്‍ 14 ന് ഡോ. ബി ആര്‍ അംബേദ്കര്‍ തുല്യത ദിനമായി ബര്‍ണബി നഗരം ആചരിച്ചിരുന്നു. കൂടാതെ, പൗരാവകാശ പ്രവര്‍ത്തകനായ ജസ്വന്ത് സിംഗ് ഖല്‍റയ്ക്ക് വേണ്ടിയും സിഖ് പൈതൃകത്തിന് വേണ്ടിയും ഒരു ദിവസം ബര്‍ണബി നഗരം സമര്‍പ്പിച്ചിരുന്നു.
Content Highlights: Canadian city to celebrate September 5 as Gauri Lankesh Day
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..