ഒട്ടാവ: പാര്‍ലമെന്റിന്റെ സൂം മീറ്റിങ്ങില്‍ അബദ്ധത്തില്‍ നഗ്നനായി പ്രത്യക്ഷപ്പെട്ട കനേഡിയന്‍ എംപി പുലിവാല് പിടിച്ചു. ലിബറല്‍ പാര്‍ട്ടി എംപിയായ വില്യം ആമോസാണ് ബുധനാഴ്ച ഹൗസ് ഓഫ് കോമണ്‍സിന്റെ ഓണ്‍ലൈന്‍ മീറ്റിങ്ങിനിടയില്‍ മറ്റ് എംപിമാരുടെ മുന്നില്‍ നഗ്നനായി സ്‌ക്രീനില്‍ പ്രത്യക്ഷപ്പെട്ടത്. 

കനേഡിയന്‍ മാധ്യമങ്ങള്‍ പുറത്തുവിട്ട സ്‌ക്രീന്‍ ഷോട്ടില്‍ വില്യം ആമോസ് നഗ്നനായി നില്‍ക്കുന്നത് ദൃശ്യമാണ്. സംഭവം വിവാദമായതോടെ വിശദീകരണവുമായി അദ്ദേഹം രംഗത്തെത്തി. തന്റെ ഭാഗത്തുനിന്നുണ്ടായ തെറ്റാണെന്ന് സമ്മതിച്ച അദ്ദേഹം സംഭവത്തില്‍ ക്ഷമ ചോദിക്കുകയും ചെയ്തു. 

ഇത് ദൗര്‍ഭാഗ്യകരമായ ഒരു പിഴവായിരുന്നുവെന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. വസ്ത്രം മാറുന്നതിനിടയില്‍ തന്റെ വീഡിയോ ആകസ്മികമായി ഓണായെന്നും മനപ്പൂര്‍വമല്ലാത്ത ഈ പ്രവര്‍ത്തിയുടെ പേരില്‍ സഹ എംപിമാരോട് ക്ഷമ ചോദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. 

ഇന്റേണല്‍ കോണ്‍ഫറന്‍സ് ഫീഡില്‍ പാര്‍ലമെന്റ് അംഗങ്ങള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും മാത്രമേ ആമോസിനെ കാണാന്‍ സാധിച്ചിരുന്നുള്ളൂ. അദ്ദേഹം സംസാരിക്കാത്തതിനാല്‍, അദ്ദേഹത്തിന്റെ ചിത്രം പൊതു ഫീഡില്‍ കാണിച്ചില്ല. കോവിഡിനേത്തുടര്‍ന്നാണ് കനേഡിയന്‍ പാര്‍ലമെന്റ് അംഗങ്ങള്‍ വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് പാര്‍ലമെന്റ് യോഗങ്ങളില്‍ പങ്കെടുക്കുന്നത്.

Content Highlights: Canada MP William Amos Appears Naked On Parliament Zoom