വാഷിങ്ടണ്‍: ബ്രിട്ടണ്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയ വിശകലന സ്ഥാപനമായ കേംബ്രിജ്‌ അനലറ്റിക്ക പാപ്പര്‍ ഹര്‍ജി സമര്‍പ്പിച്ചു.

ഫെയ്‌സ്ബുക്കിലെ ലക്ഷക്കണക്കിന് ഉപയോക്താക്കളുടെ വിവരങ്ങള്‍ അനധികൃതമായി മോഷ്ടിക്കുകയും മറ്റ് ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുകയും ചെയ്തതിന്റെ പേരില്‍ ഉയര്‍ന്ന വിവാദത്തിന് പിന്നാലെയാണ്‌ സ്വയം പാപ്പരായി പ്രഖ്യാപിക്കാന്‍ തീരുമാനിച്ചത്. 

കേംബ്രിജ് അനലറ്റിക്കയ്ക്ക് ഒരു ലക്ഷം മുതല്‍ അഞ്ച് ലക്ഷം ഡോളറിന്റെ  ആസ്തിയാണുള്ളത്. എന്നാല്‍, ഒരു മില്ല്യണ്‍ മുതല്‍ 10 മില്ല്യണ്‍ വരെ ബാധ്യതയുള്ളതായും കമ്പനി അറിയിച്ചു. 

ഫെയ്‌സ്ബുക്കില്‍നിന്ന് അനധികൃതമായി വിവരങ്ങള്‍ ശേഖരിച്ചെന്ന വെളിപ്പെടുത്തലുകള്‍ ഇടപാടുകാരെ നഷ്ടപ്പെടാന്‍ കാരണമായി. ഈ സാഹചര്യത്തില്‍ ബിസിനസ് മുന്നോട്ടു കൊണ്ടുപോകാന്‍ സാധിക്കില്ല. അതുകൊണ്ട് യുഎസ് കമ്പനി പാപ്പരായി പ്രഖ്യാപിക്കുകയാണെന്നും കമ്പനി പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. 

ഇക്കഴിഞ്ഞ മാര്‍ച്ച് മാസത്തിലാണ് ഫെയ്‌സ്ബുക്ക് ഉപഭോക്താക്കളുടെ സ്വകാര്യവിവരങ്ങള്‍ അനലിറ്റിക്ക ചോര്‍ത്തുന്നുവെന്ന വെളിപ്പെടുത്തലുണ്ടായത്. 

ഈ വിവരങ്ങള്‍ അമേരിക്കയിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പു കാലത്തും ബ്രിട്ടണില്‍ ബ്രെക്സിറ്റ് കാലത്തും രാഷ്ട്രീയ പ്രചാരണ തന്ത്രങ്ങള്‍ ആസൂത്രണം ചെയ്യാനും ഫെയ്സ്ബുക്ക് ഉപയോക്താക്കളെ സ്വാധീനിക്കാനും ഉപയോഗിച്ചു എന്നാണ് കണ്ടെത്തിയത്. ഇന്ത്യയില്‍ ബിജെപിയും കോണ്‍ഗ്രസും ഇവരെ സമീപിച്ചുവെന്നും വെളിപ്പെടുത്തലുണ്ടായിരുന്നു.