Donald Trump | AFP
വാഷിങ്ടണ്‍: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ സ്ഥാനത്ത് നിന്ന് നീക്കം ചെയ്യുന്നതിനായി യുഎസ് കാബിനറ്റ് അംഗങ്ങള്‍ ചര്‍ച്ചകള്‍ നടത്തുന്നതായി റിപ്പോര്‍ട്ട്. യുഎസ് പാര്‍ലമെന്റ് മന്ദിരമായ കാപ്പിറ്റോളില്‍ ട്രംപ് അനുകൂലികള്‍ നടത്തിയ ആക്രമണത്തിന് പിന്നാലെയാണിത്. യുഎസ് മാധ്യമങ്ങളാണ് ട്രംപിനെ വൈറ്റ്ഹൗസില്‍ നിന്ന് പുറത്താക്കുന്നതിനുള്ള സാധ്യതകള്‍ കാബിനറ്റ് അംഗങ്ങള്‍ തേടുന്ന കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.
അമേരിക്കന്‍ ഭരണഘടനയുടെ 25-ാം ഭേദഗതിയെ ചുറ്റിപ്പറ്റിയാണ് ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്. ഒരു പ്രസിഡന്റിന് തന്റെ ഓഫീസിന്റെ അധികാരങ്ങളും ചുമതലകളും നിറവേറ്റാന്‍ കഴിയുന്നില്ല എന്ന് വിധിക്കുകയാണെങ്കില്‍ വൈസ് പ്രസിഡന്റിനും കാബിനറ്റിനും അദ്ദേഹത്തെ നീക്കം ചെയ്യാന്‍ അനുവദിക്കുന്നതാണ് ഈ ചട്ടം.
ട്രംപിനെ നീക്കം ചെയ്യാനുള്ള നടപടികള്‍ നടപ്പിലാകണമെങ്കില്‍ വൈസ് പ്രസിഡന്റ് മെക്കല്‍ പെന്‍സ് മുന്നിട്ടിറങ്ങേണ്ടതുണ്ട്.
ട്രംപില്‍ നിന്ന് നിയന്ത്രണം നഷ്ടപ്പെട്ടതായി ചില റിപ്പബ്ലിക്കന്‍ നേതാക്കള്‍ വിശേഷിപ്പിച്ചെന്നും 25-ാം ഭേദഗതി ചര്‍ച്ച ചെയ്‌തെന്നും സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു.
അതേ സമയം മൈക്കല്‍ പെന്‍സ് ഇതുവരെ ഔപചാരികമായി ഒന്നും സമര്‍പ്പിച്ചിട്ടില്ലെന്നും എന്നാല്‍ അഭൂതപൂര്‍വ്വമായ നീക്കത്തെ കുറിച്ച് ചര്‍ച്ചകള്‍ നടന്നാതായും സി.ബി.എസ് റിപ്പോര്‍ട്ട് ചെയ്തു.
തന്റെ അനുകൂലികളായ പ്രതിഷേധക്കാരെ പ്രോത്സാഹിപ്പിക്കല്‍, നവംബര്‍ മൂന്നിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് സംബന്ധിച്ച അടിസ്ഥാനരഹിതമായ അവകാശവാദങ്ങള്‍, മറ്റ് വിചിത്രമായ പെരുമാറ്റം എന്നിവ ട്രംപിന്റെ നയിക്കാനുള്ള കഴിവിനെക്കുറിച്ച് ചോദ്യങ്ങള്‍ ഉയര്‍ത്തിയിട്ടുണ്ട്.
പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ജോ ബെഡന്‍ അധികാരമേറ്റെടുക്കാന്‍ രണ്ടാഴ്ച മാത്രം ശേഷിക്കെ, ഡെമോക്രാറ്റിക് എംപിമാര്‍ 25-ാം ഭേദഗതി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ട്രംപിനെ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് ഡെമാക്രാറ്റിക് ഹൗസ് ജൂഡീഷ്യറി കമ്മിറ്റി വൈസ് പ്രസിഡന്റ് പെന്‍സിന് കത്തയക്കുകയും ചെയ്തു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..