പൗരത്വനിയമം
വാഷിങ്ങ്ടണ്‍: പൗരത്വ നിയമ ഭേദഗതി പൂര്‍ണമായും ഭരണഘടനാലംഘനമാണെന്ന് അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയായ ആംനെസ്റ്റി ഇന്‍ര്‍നാഷണല്‍. ഇന്ത്യന്‍ ഭരണഘടനയ്ക്ക് മാത്രമല്ല, അന്താരാഷ്ട്ര മനുഷ്യാവകാശത്തിനും എതിരാണ് പൗരത്വ നിയമ ഭേദഗതി. ജനങ്ങളെ മതത്തിന്റെ പേരില്‍ ഭിന്നിപ്പിക്കുകയാണ് പൗരത്വ നിയമഭേദഗതിയിലൂടെ ചെയ്യുന്നതെന്നും ആംനസ്റ്റി അഭിപ്രായപ്പെട്ടു.
ആഫ്രിക്കയിലെ വിദേശകാര്യ ഉപകമ്മിറ്റി, ആഗോള ആരോഗ്യ സംഘടനകള്‍, ആഗോള മനുഷ്യാവകാശ സംഘടനകള്‍ എന്നിവരുടെ മുമ്പാകെ സമര്‍പ്പിച്ച സാക്ഷ്യപത്രത്തിലാണ് ആംനെസ്റ്റി ഇന്റര്‍നാഷണല്‍ ഏഷ്യ പസഫിക് അഡ്വക്കേസി മാനേജര്‍ ഫ്രാന്‍സിസ്‌കോ ബെന്‍കോസ്മി ഇക്കാര്യം വ്യക്തമാക്കിയത്.
അതേസമയം, പൗരത്വ നിയമഭേദഗതി എന്നത് ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്നും രാജ്യത്തെ ജനാധിപത്യ സംവിധാനങ്ങളെ ഉള്‍ക്കൊണ്ടാണ് ഈ നിയമം പ്രാബല്യത്തില്‍ വന്നതെന്നും വിദേശകാര്യ മന്ത്രാലയം വക്താവ് രവീഷ് കുമാര്‍ പറഞ്ഞു.
ഇന്ത്യയിലും അതിന്റെ ഭരണഘടനയിലും വിശ്വസിക്കുന്ന ലോകത്തെ ഏത് രാജ്യത്തു നിന്നുമുള്ള ഏതൊരു മതത്തിലെയും വ്യക്തിക്ക് ഉചിതമായ പ്രക്രിയയിലൂടെ ഇന്ത്യന്‍ പൗരത്വത്തിന് അപേക്ഷിക്കാവുന്നതാണ്. അതില്‍ ഒരു പ്രശ്‌നവുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2019 ഡിസംബറിലാണ് പാര്‍ലമെന്റ് പൗരത്വ നിയമഭേദഗതി പാസാക്കിയത്. പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്ന് ഇന്ത്യയിലേക്കെത്തിയ മുസ്ലിങ്ങളും ന്യൂനപക്ഷ മതക്കാര്‍ക്കും പൗരത്വം നല്‍കുകയെന്ന ഉദ്ദേശത്തോടെയാണ് പൗരത്വ നിയമഭേദഗതി കൊണ്ടുവന്നത്. എന്നാല്‍, ആരുടെയും പൗരത്വ അവകാശങ്ങള്‍ നിഷേധിക്കാന്‍ വേണ്ടിയുള്ളതല്ല ഈ നിയമമെന്നാണ് സര്‍ക്കാര്‍ അവകാശപ്പെടുന്നത്.
Content Highlights: CAA is the clear violation of Constitution, Amnesty International Report on CAA
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..