ലണ്ടന്‍: അപസര്‍പ്പക നോവലുകളുടെ രാജ്ഞിയായ അഗതാ ക്രിസ്റ്റിയുടെ കൃതികളെ അനുസ്മരിക്കാന്‍ കുറ്റാന്വേഷണ സ്റ്റാമ്പുകള്‍ പുറത്തിറക്കിയിരിക്കുകയാണ് ബ്രിട്ടണ്‍ തപാല്‍ കമ്പനി. അഗതാ ക്രിസ്റ്റിയുടെ ആദ്യ കുറ്റാന്വേഷണ നോവലായ 'മിസ്റ്റീരിയസ് അഫയര്‍ അറ്റ് സ്റ്റൈല്‍സി'ന്റെ നൂറാം വാര്‍ഷികത്തിലാണ് പുതുമയുള്ള അനുസ്മരണവുമായി ബ്രിട്ടണ്‍ റോയല്‍ മെയില്‍ സ്റ്റാമ്പുകള്‍ പുറത്തിറക്കിയിരിക്കുന്നത്.

അഗതാ ക്രിസ്റ്റിയുടെ 126ആം ജന്മദിനത്തിലാണ് അവരുടെ ആറ് നോവലുകളെ അടിസ്ഥാനമാക്കി ആറ് സ്റ്റാമ്പുകള്‍ പുറത്തിറക്കിയത്. ചുരുളഴിയാത്ത രഹസ്യങ്ങള്‍ കണ്ടെത്താന്‍ അവസരമൊരുക്കുന്ന വിധത്തിലാണ് സ്റ്റാമ്പുകള്‍ രൂപകല്‍പന ചെയ്തിരിക്കുന്നത്. ഓരോ സ്റ്റാമ്പിലും ഓരോ നോവലുകളെ ഓര്‍മിപ്പിക്കുന്ന ചിത്രീകരണങ്ങള്‍ ഉണ്ടായിരിക്കും. ഒപ്പം രഹസ്യം കണ്ടെത്താന്‍ സഹായിക്കുന്ന സൂചകങ്ങളും.

മര്‍ഡര്‍ ഓണ്‍ ദി ഓറിയന്റ് എക്‌സ്പ്രസ്, ബോഡി ഇന്‍ ദി ലൈബ്രറി, ആന്‍ഡ് ദെന്‍ ദേര്‍ വേര്‍ നോണ്‍, മര്‍ഡര്‍ ഓഫ് റോജര്‍ അക്രോയ്ഡ്, എ മര്‍ഡര്‍ ഈസ് അനൗണ്‍സ്ഡ് എന്നീ നോവലുകളാണ് സ്റ്റാമ്പുകളായി പുറത്തുവന്നിരിക്കുന്നത്. 

Agatha Christieവിദഗ്ധമായ രചനാതന്ത്രങ്ങളും അപ്രതീക്ഷിത ട്വിസ്റ്റുകളുമുള്ള സവിശേഷ  രചനകളാണ് അഗതാ ക്രിസ്റ്റിയുടേത്. ലോകത്തെമ്പാടുമുള്ള വായനാ പ്രേമികളെ ആകാംഷയുടെ മുള്‍മുനയില്‍ നിര്‍ത്തുന്നവയാണ് അവരുടെ നോവലുകള്‍. സ്റ്റാമ്പുകളില്‍ ഈ നോവലുകള്‍ ഓരോന്നിന്റെയും സവിശേഷതകള്‍ ഉള്‍ച്ചേര്‍ക്കാനാണ് താന്‍ ശ്രമിച്ചതെന്ന് സ്റ്റാമ്പ് രൂപകല്‍പന ചെയ്ത ജിം സതര്‍ലാന്‍ഡ് പറയുന്നു.

അഗതാ ക്രിസ്റ്റി 66 നോവലുകളും 150 ചെറുകഥകളും 19 നാടകങ്ങളും രചിച്ചിട്ടുണ്ട്. നൂറിലധികം ഭാഷകളിലേയ്ക്ക് ഇവ തര്‍ജ്ജമ ചെയ്യപ്പെട്ടിട്ടുണ്ട്. ഷേക്‌സ്പിയര്‍ കൃതികളും ബൈബിളും കഴിഞ്ഞാല്‍ ഏറ്റവുമധികം വില്‍ക്കപ്പെട്ടിട്ടുള്ള കൃതികളാണ് അഗതാ ക്രിസ്റ്റിയുടേത്.