ഗുൽബുദ്ദീൻ ഹെക്മത്യാർ | ചിത്രം: AFP
'കാബൂളിലെ കശാപ്പുകാരന്‍' എന്നറിയപ്പെടുന്ന ഗുല്‍ബുദ്ദീന്‍ ഹെക്മത്യാര്‍ അഫ്ഗാനിസ്താനില്‍ താലിബാന്‍ സര്‍ക്കാര്‍ രൂപവത്കരണത്തിലേക്ക് എത്തുന്നതിന് മുന്‍പുതന്നെ വളരെയധികം ചര്‍ച്ച ചെയ്യപ്പെടുന്ന പേരായിരുന്നു. ഒരിക്കല്‍ തീവ്രവാദിയായി പ്രഖ്യാപിക്കപ്പെട്ട ഹെക്മത്യാര്‍, നിലപാടുകളില്‍ മാറ്റമൊന്നും ഉണ്ടായില്ലെങ്കിലും പിന്നീട് അംഗീകരിക്കപ്പെട്ട രാഷ്ട്രീയ നേതാവായി മാറി. ഇപ്പോള്‍ താലിബാന്റെ നേതൃത്വത്തില്‍ പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ ഉന്നത സ്ഥാനം ലഭിച്ചേക്കാനിടയുള്ള നേതാവാണ് ഹെക്മത്യാര്‍.
സംഘര്‍ഷങ്ങളുടെയും അട്ടിമറികളുടെയും ഭൂമികയാണ് അഫ്ഗാന്‍. പതിറ്റാണ്ടുകളുടെ ചരിത്രമുണ്ട് അഫ്ഗാനിസ്താനിലെ സംഘര്‍ഷങ്ങള്‍ക്ക്. മുന്‍ അഫ്ഗാനിസ്താന്‍ പ്രധാനമന്ത്രിയും ഹിസ്ബ്-ഇ-ഇസ്ലാമി ഗുല്‍ബുദ്ദീന്‍ പാര്‍ട്ടി തലവനുമായ ഹെക്മത്യാര്‍ എഴുപതുകള്‍ മുതല്‍ അഫ്ഗാനിസ്താന്‍റെ ചരിത്രത്തിലെ ഒരു പ്രധാന മുഖമാണ്. ആദ്യകാലത്ത് അമേരിക്കയ്ക്കൊപ്പം നില്‍ക്കുകയും പിന്നീട് അമേരിക്കയ്‌ക്കെതിരെ പോരാടുകയും ചെയ്ത ഹെക്മത്യാര്‍ ഇപ്പോള്‍ രാജ്യത്ത് നടന്ന സംഘര്‍ഷങ്ങള്‍ക്കിടയിലും ശക്തനായി തുടരുന്നു. അഫ്ഗാന്‍ സര്‍ക്കാരും താലിബാനും തമ്മിലുള്ള പോരാട്ടത്തില്‍ വിജയിക്കുമെന്നുറപ്പുള്ള താലിബാന്‍ പക്ഷം ചേര്‍ന്ന് അയാള്‍ യുദ്ധം അതിജീവിച്ചു. അടുത്തിടെ ദോഹയില്‍ നടന്ന അഫ്ഗാന്‍ സമാധാന ചര്‍ച്ചകളുടെ ഭാഗമായിരുന്നു ഹെക്മത്യാര്‍.
ആരാണ് ഗുല്‍ബുദ്ദീന്‍ ഹെക്മത്യാര്‍?
1949ല്‍ അഫ്ഗാന്‍ നഗരമായ ഗസ്‌നിയിലാണ് ഗുല്‍ബുദ്ദീന്‍ ഹെക്മത്യാര്‍ ജനിച്ചത്. 1968-ല്‍ സൈനിക അക്കാദമിയിലേക്ക് എത്തിയെങ്കിലും കടുത്ത ഇസ്ലാമിക വാദിയായതിനാല്‍ അവിടെ നിന്ന് പുറത്താക്കി. ഈ സംഭവത്തിന് ശേഷം കാബൂള്‍ സർവകലാശാലയില്‍ ചേര്‍ന്ന ഹെക്മത്യാര്‍ ഒരു സജീവ ഇസ്ലാമിക വാദിയായി തുടര്‍ന്നുകൊണ്ടുതന്നെ എഞ്ചിനീയറിങ് പഠനം പൂര്‍ത്തിയാക്കി.
അഫ്ഗാനിസ്താനിലെ സോവിയറ്റ് അനുകൂല ഭരണത്തിനെതിരെ 70കളില്‍ ഇസ്ലാമിക ഗ്രൂപ്പുകള്‍ പ്രക്ഷോഭം ആരംഭിച്ചു. വിയറ്റ്‌നാം യുദ്ധത്തിലേറ്റ തിരിച്ചടികള്‍ക്ക് പകരംവീട്ടാനുള്ള അവസരമായാണ് അമേരിക്ക ഇതിനെ കണ്ടത്. അതിനാല്‍ തന്നെ അമേരിക്ക മുജാഹിദീനുകള്‍ക്ക് ധനസഹായം നല്‍കുകയും സോവിയറ്റ് അനുകൂല ഭരണത്തിനെതിരെയുള്ള പോരാട്ടത്തിന് പരോക്ഷ പിന്തുണ നല്‍കുകയും ചെയ്തു.
ഹെക്മത്യാര്‍ ആ സമയത്ത് തീവ്ര ഇസ്ലാമിക ഗ്രൂപ്പായ ഹെസ്ബ്-ഇ-ഇസ്ലാമിയില്‍ ചേര്‍ന്നിരുന്നു. അവിടെ നിന്നും തെറ്റിപ്പിരിഞ്ഞ് ഹെസ്ബ്-ഇ-ഇസ്ലാമി ഗുല്‍ബുദ്ദീന്‍ എന്ന പേരില്‍ മറ്റൊരു ഗ്രൂപ്പുണ്ടാക്കുകയും തന്റെ നയങ്ങളുമായി മുന്നോട്ടുപോകുകയും ചെയ്തു. തുടര്‍ന്നു നടത്തിയ ശക്തമായ പ്രവര്‍ത്തനങ്ങളില്‍ പാകിസ്താനിലെ മൂന്ന് അഫ്ഗാന്‍ അഭയാര്‍ത്ഥി ക്യാമ്പുകളില്‍ സ്വാധീനം നേടാന്‍ ഹെക്മത്യാറിന് കഴിഞ്ഞു.
അപ്പോഴേക്കും സംഘടനയെ നയിക്കാനുള്ള പ്രാഗത്ഭ്യം കാരണം ഹെക്മത്യാര്‍ അമേരിക്കയുടെയും പാകിസ്താന്റെയും പ്രിയപ്പെട്ടവനായിത്തീര്‍ന്നിരുന്നു. അതുകൊണ്ടുതന്നെ അമേരിക്കയില്‍ നിന്നും പാകിസ്താന്‍ ചാര സംഘടനയായ ഐഎസ്‌ഐയില്‍ നിന്നും ഹെക്മത്യാറിന് സൈനികമായും സാമ്പത്തികമായും പിന്തുണ ലഭിച്ചിരുന്നു. ഇതുകൂടാതെ സൗദി അറേബ്യയുടെയും ബ്രിട്ടനിന്റെയും പിന്തുണയും അയാള്‍ക്ക് ലഭിച്ചു.
'കാബൂളിലെ കശാപ്പുകാരന്‍'
90-കളില്‍ അഫ്ഗാനിസ്താനില്‍ നടന്ന ആഭ്യന്തര യുദ്ധത്തില്‍ ആയിരക്കണക്കിന് പേരെ ഹെക്മത്യാര്‍ കൊന്നതായാണ് റിപ്പോര്‍ട്ടുകള്‍. തന്റെ സുഹൃത്തുക്കളോടോ ശത്രുവിനോടോ യാതൊരു കരുണയുമില്ലാതെയുള്ള ഹെക്മത്യാറിന്റെ പ്രവൃത്തികള്‍ അയാള്‍ക്ക് 'കാബൂളിലെ കശാപ്പുകാരന്‍' എന്ന വിളിപ്പേര് സമ്മാനിച്ചു.
പ്രമുഖ അഫ്ഗാന്‍ സൈനിക കമാന്‍ഡറായിരുന്ന അഹ്മദ് ഷാ മസൂദിന്റെ കടുത്ത എതിരാളിയായിരുന്ന ഹെക്മത്യാര്‍, പാഞ്ച്ശിറില്‍ അദ്ദേഹത്തിന്റെ വിഭാഗത്തിനെതിരായ പോരാട്ടത്തിന് നേതൃത്വം നല്‍കി. 1976ല്‍ ചാരവൃത്തി നടത്തിയതിന് മസൂദിനെ ഹെക്മത്യാറിന്റെ സഹകരണത്തോടെയാണ് പാകിസ്താനില്‍ അറസ്റ്റ് ചെയ്തത്. 1990ല്‍ പ്രസിഡന്റ് നജീബുള്ളയ്ക്കെതിരെ ഹെക്മത്യാര്‍ ഒരു അട്ടിമറി ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടു.
1992 മുതല്‍ 1996 വരെ അഫ്ഗാനില്‍ വിവിധ വിഭാഗങ്ങള്‍ നടത്തിയ കാബൂള്‍ ആക്രമണത്തില്‍ നഗരത്തിന്റെ ഭൂരിഭാഗവും നശിപ്പിക്കുകയും സാധാരണക്കാരായ ആയിരക്കണക്കിന് ആളുകളെ കൊല്ലുകയും ചെയ്തപ്പോള്‍ കൂടുതല്‍ നാശനഷ്ടങ്ങള്‍ക്ക് ഉത്തരവാദികള്‍ ഹെക്മത്യാര്‍ നേതൃത്വം നല്‍കിയ ഗ്രൂപ്പായിരുന്നു.
90കളില്‍ ഹെക്മത്യാര്‍ അഫ്ഗാനിസ്താന്റെ പ്രധാനമന്ത്രിയായി രണ്ട് തവണ ഹ്രസ്വകാലം പ്രവർത്തിച്ചിട്ടുണ്ട്. 1996 മേയിലാണ് ഹെക്മത്യാര്‍ സര്‍ക്കാര്‍ രൂപീകരിച്ച് അഫ്ഗാന്‍ പ്രധാനമന്ത്രിയായത്. എന്നാല്‍ 1996 സെപ്റ്റംബറില്‍ താലിബാന്‍ കാബൂളിന്റെ നിയന്ത്രണം ഏറ്റെടുത്തതോടെ അയാള്‍ പഞ്ച്ഷീര്‍ പ്രവിശ്യയിലേക്കും പിന്നീട് ഇറാനിലേക്കും പലായനം ചെയ്തു. പിന്നീട് അമേരിക്കയിലെ 9/11 ആക്രമണത്തിന് ശേഷം അയാള്‍ പാകിസ്താനിലേക്ക് കടന്നു. എന്നാല്‍, ഈ കാലയളവിലെല്ലാം ഹിസ്ബ്-ഇ-ഇസ്ലാമി ഗുല്‍ബുദ്ദീന്‍ എന്ന സംഘടനയെ ഹെക്മത്യാര്‍ നിയന്ത്രിച്ചുകൊണ്ടിരുന്നു.
തീവ്രവാദിയില്‍നിന്ന് രാഷ്ട്രീയ നേതാവിലേക്ക്
തോറ ബോറ പര്‍വതങ്ങള്‍ കേന്ദ്രീകരിച്ച് നടന്ന തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് തടയിടാന്‍ മേഖലയില്‍ അമേരിക്കന്‍ സേന ആക്രമണം നടത്തിയപ്പോള്‍ അവിടെ നിന്ന് ഒസാമ ബിന്‍ ലാദനെയും അയാന്‍ അല്‍ സവാഹിരിയെയും രക്ഷപ്പെടാന്‍ സഹായിച്ചത് ഹെക്മത്യാര്‍ ആണെന്ന് റിപ്പോര്‍ട്ടുകളുണ്ട്. 2010ഓടെ ഒരു തീവ്രവാദിയില്‍ നിന്നും രാഷ്ട്രീയക്കാരനിലേക്ക് വളര്‍ന്ന ഹെക്മത്യാര്‍ അമേരിക്കയ്‌ക്കെതിരായ അഫ്ഗാനിസ്താനുള്ളിലെ പോരാട്ടത്തില്‍ ഒരു പ്രമുഖ മുഖമായി മാറി. താലിബാനുമായും അല്‍-ഖ്വയ്ദയുമായും അയാള്‍ ബന്ധം സ്ഥാപിച്ചു.
ഹെക്മത്യാറും സംഘവും 2016ല്‍ അന്നത്തെ അഫ്ഗാനിസ്ഥാന്‍ സര്‍ക്കാരുമായി സമാധാന കരാറില്‍ ഒപ്പിടുകയും അയാള്‍ക്കെതിരെയുണ്ടായിരുന്ന എല്ലാ കുറ്റങ്ങളും റദ്ദാക്കുകയും ചെയ്തു. എന്നാല്‍, അഫ്ഗാന്‍ സര്‍ക്കാരും താലിബാനും തമ്മിലുള്ള പോരാട്ടത്തില്‍ വിജയിക്കുമെന്നുറപ്പുള്ള താലിബാന്‍ പക്ഷം ചേര്‍ന്ന് ബുദ്ധിപൂര്‍വ്വം അയാള്‍ യുദ്ധം അതിജീവിച്ചു. അന്നുമുതല്‍ അദ്ദേഹം താലിബാന്റെ വിശ്വാസ്യത നേടിയെടുത്തു. താലിബാന്റെ പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ ഉന്നത സ്ഥാനംതന്നെ 'കാബൂളിലെ പഴയ കശാപ്പുകാരന്' ലഭിച്ചേക്കും.
Content Highlights: Butcher of kabul: Hekmatyars journey from a terrorist to a politician


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..