പ്രതീകാത്മകചിത്രം | ഫോട്ടോ: മാതൃഭൂമി
ചെംസ്ഫോഡ്: വിദ്യാര്‍ഥികള്‍ തമ്മിലുള്ള പരസ്പര ആലിംഗനവും ഹസ്തദാനവും വിലക്കി ബ്രിട്ടണിലെ സ്കൂള്‍. ചെംസ്ഫോഡിലെ ഹൈലാന്‍ഡ് സ്കൂളാണ് വിചിത്രമായ ഉത്തരവിറക്കിയത്. സുരക്ഷ കണക്കിലെടുത്ത് സ്കൂള്‍ പരിസരത്ത് വിദ്യാര്‍ഥികള്‍ യാതൊരു വിധത്തിലും പരസ്പരം ശരീരത്തില്‍ സ്പര്‍ശിക്കരുതെന്നാണ് കര്‍ശന നിര്‍ദേശം. രക്ഷിതാക്കള്‍ക്ക് അയച്ച കത്തിലാണ് സ്കൂള്‍ അധികൃതരുടെ നിര്‍ദേശം.
ആലിംഗനം, ഹസ്തദാനം, മര്‍ദനം തുടങ്ങിയ ശാരീരിക സമ്പര്‍ക്കം സ്കൂളിനകത്ത് വെച്ചുപൊറുപ്പിക്കില്ലെന്നാണ് രക്ഷിതാക്കള്‍ക്ക് അയച്ച കത്തില്‍ സ്കൂള്‍ അധികൃതര്‍ പറയുന്നത്. കുട്ടികളില്‍ യഥാര്‍ഥ സൗഹൃദമുണ്ടാക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്നും അതിനാല്‍ സ്കൂളിനകത്ത് പ്രണയ ബന്ധങ്ങള്‍ അനുവദിക്കില്ലെന്നും കത്തില്‍ പറയുന്നു. എന്നാല്‍ സ്കൂളിന് പുറത്ത് രക്ഷിതാക്കളുടെ സമ്മതത്തോടെ ഇത്തരം ബന്ധങ്ങളാകാമെന്നും കത്തില്‍ പറയുന്നുണ്ട്.
സ്കൂളിനുള്ളില്‍ സമ്മതത്തോടെയോ അല്ലാതെയോ നിങ്ങളുടെ കുട്ടി ആരെയെങ്കിലും സ്പര്‍ശിച്ചാല്‍ എന്തുവേണമെങ്കിലും സംഭവിക്കാം. ഒരുപക്ഷേ ഇത് അനുചിതമായ സ്പര്‍ശനത്തിനോ മറ്റൊരാളില്‍ അസ്വസ്ഥതയ്ക്കോ പരിക്കിനോ പോലും വഴിവെച്ചേക്കാമെന്നും കത്തില്‍ വിശദീകരിക്കുന്നു. മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് പിടിക്കപ്പെടുന്ന വിദ്യാര്‍ഥികളെ സ്കൂള്‍ സമയം കഴിയുന്നതുവരെ സുരക്ഷിതരായി പൂട്ടിയിടുമെന്നും സ്കൂളിലെ പ്രധാനധ്യാപിക രക്ഷിതാക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
അതേസമയം സ്കൂളിന്റെ കര്‍ക്കശമായ നിര്‍ദേശത്തെ രൂക്ഷമായി വിമര്‍ശിച്ച് രക്ഷിതാക്കളും നാട്ടുകാരും രംഗത്തെത്തി. എന്നാല്‍ ഭൂരിഭാഗം രക്ഷിതാക്കളും കുട്ടികളും തങ്ങളുടെ നടപടിയെ പിന്തുണയ്ക്കുന്നുണ്ടെന്നാണ് സ്കൂള്‍ അധികൃതരുടെ പക്ഷം. നടപടി വിദ്യാര്‍ഥികള്‍ക്കിടയില്‍ പരസ്പരം ബഹുമാനം ജനിപ്പിക്കുകയും ഭാവിയില്‍ ഏതൊരു തൊഴിലുടമയും പ്രതീക്ഷിക്കുന്നതുപോലെ പ്രൊഫഷണലായി പെരുമാറാന്‍ കുട്ടികളെ പ്രോത്സാഹിപ്പിക്കുമെന്നുമാണ് സ്കൂള്‍ അധികൃതര്‍ വിശദീകരണം.
Content Highlights: British School Bans Romance And Physical Contact To Keep Children Safe
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..