നിക്കോളാസ് സിന്നോട്ടിന്റെ ശരീരത്തിൽ ജീവൻ ബാക്കി നിൽക്കുന്നുണ്ടെന്ന് എല്ലാ ദിവസവും ഉറപ്പു വരുത്തി ആശ്വസിക്കുകയായിരുന്നു ആ അമ്പത്തൊമ്പതുകാരനെ ചികിത്സിക്കുന്ന ഡോക്ടർമാർ. കോവിഡ്-19 ബാധിച്ച് ഏതാണ്ടെല്ലാ ശാരീരികാവയവങ്ങളും തകരാറിലായി വെന്റിലേറ്ററിൽ കഴിയുന്ന ഒരു രോഗി ജീവിച്ചിരിക്കുന്നവെന്ന സന്തോഷം ടെക്സാസ് യുടി ഹെൽത്ത് ആൻഡ് മെമ്മോറിയൽ ഹെർമൻ ഹോസ്പിറ്റലിലെ വിവിധ വിഭാഗങ്ങളിൽ പ്രവർത്തിക്കുന്ന ഡോക്ടർമാർ ഓരോ ദിവസവും അനുഭവിച്ചു. അവസാനം 243 ദിവസത്തെ ആശുപത്രിവാസത്തിന് ശേഷം നിക്കോളാസ് വീട്ടിലേക്ക് മടങ്ങി.

ബ്രിട്ടീഷ് എയർവേയ്സിൽ പൈലറ്റാണ് നിക്കോളാസ്. എന്നാൽ, നിക്കോളാസിന്റെ അതിജീവനത്തിന് പിന്നിൽ ഭാര്യ നിക്കോളയാണെന്ന് ഡോക്ടർമാർ പറയുന്നു. എട്ട് മാസക്കാലത്തോളം നിക്കോളാസിന്റെ അരികിൽ തന്നെയിരുന്ന് അദ്ദേഹത്തെ ശുശ്രൂഷിക്കുകയായിരുന്നു അമ്പത്തിനാലുകാരിയായ നിക്കോള. നിക്കോളയുടെ പരിചരണമാണ് അദ്ദേഹത്തെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നതെന്ന് ക്രിട്ടിക്കൽ കെയർ സ്പെഷ്യലിസ്റ്റായ ഡോ. ബിന്ദു അക്കാന്തി പറഞ്ഞു.

എല്ലാ അവയവങ്ങളേയും കോവിഡ് ബാധിച്ചിരുന്നു, പൈലറ്റായി പ്രവർത്തിച്ചിരുന്നതിനാൽ ആരോഗ്യനില മെച്ചമായിരുന്നത് മാത്രമാണ് പ്രതീക്ഷ നൽകിയത്- കാർഡിയോളജിസ്റ്റായ ഡോ. ബിശ്വജിത്ത് കാർ പറഞ്ഞു. രോഗം ഭേദമായി അദ്ദേഹം സാധാരണനിലയിലേക്ക് മടങ്ങിവന്നപ്പോൾ തങ്ങളെല്ലാവരും അതിയായി സന്തോഷിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.

ക്രിസ്മസിന് മുമ്പ് തന്നെ ഡിസ്ചാർജായ നിക്കോളാസ് ഇംഗ്ലണ്ടിലെ ബെച്ച് വർത്തിലെ വീട്ടിൽ മടങ്ങിയെത്തി. ആശുപത്രിയിലെ എല്ലാ ജീവനക്കാരേയും ആലിംഗനം ചെയ്യുന്നതും ആഹ്ലാദം പ്രകടിപ്പിക്കുന്നതും അദ്ദേഹത്തിന്റെ യാത്രയയപ്പ് വീഡിയോയിലുണ്ട്.

അതികഠിനമായ യാത്രയായിരുന്നെങ്കിലും ഭാര്യയുടെ പിന്തുണയാണ് തന്റെ മക്കൾക്കരികിലേക്ക് തന്നെ മടക്കിയെത്തിച്ചതെന്ന് നിക്കോളാസ് പറഞ്ഞു. ഒരിക്കൽ കൂടി ഹൂസ്റ്റണിലേക്ക് മടങ്ങിപ്പോകണമെന്നും സഹായിച്ച എല്ലാവരേയും ഒരിക്കൽ കൂടി കാണണമെന്നും ആശുപത്രി ജനാലയിലൂടെ എന്നും കണ്ടിരുന്ന മ്യൂസിയം സന്ദർശിക്കണമെന്നും ആഗ്രഹിക്കുന്നതായി നിക്കോളാസ് അറിയിച്ചു.

Content Highlights: British Pilot Returns Home After 243 Days Of COVID-19 Treatment