ലണ്ടന്‍: ബ്രിട്ടനിലെ കോവിഡ് വാക്‌സിന്‍ വിതരണത്തില്‍ ഏപ്രില്‍ മാസത്തില്‍ കുറവുണ്ടാകാന്‍ സാധ്യത. ഇന്ത്യയില്‍ നിന്നുള്ള ദശലക്ഷക്കണക്കിന് ഡോസ് കോവിഷീല്‍ഡ് വാക്‌സിന്‍  കയറ്റുമതി വൈകുന്നതാണ് കാരണം. മാര്‍ച്ച് 29 മുതല്‍ വാക്‌സിന്‍ വിതരണത്തില്‍ ഗണ്യമായ കുറവ് അനുഭവപ്പെടുമെന്നാണ് രാജ്യത്തെ ആരോഗ്യവിദഗ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്. 

ബ്രിട്ടനിലെത്തുന്ന വാക്‌സിന്‍ ഡോസുകളുടെ അളവില്‍ താമസിയാതെ കുറവുണ്ടാകുമെന്നും ഒരാഴ്ച മുമ്പ് തയ്യാറാക്കിയ പദ്ധതിയനുസരിച്ചുള്ള വിതരണം നടപ്പാക്കുന്നത് അസാധ്യമാകുമെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ പറഞ്ഞു. ഇന്ത്യയിലെ സിറം ഇന്‍സ്റ്റിട്യൂട്ടില്‍ നിന്നുള്ള വാക്‌സിന്‍ കയറ്റുമതി കുറയുന്നതും യുകെയിലെ ഒരു ബാച്ച് വാക്‌സിന്റെ പുന:പരീക്ഷണം വൈകുന്നതുമാണ് കാരണമെന്ന് ബോറിസ് ജോണ്‍സണ്‍ കൂട്ടിച്ചേര്‍ത്തു. 

ഫെബ്രുവരിയില്‍ ലഭിച്ചതിലേക്കാള്‍ കൂടുതലായിരിക്കും മാര്‍ച്ചില്‍ ലഭിക്കുന്ന വാക്‌സിന്റെ അളവെങ്കിലും ഏപ്രിലില്‍ ലഭിക്കുന്ന അളവ് മാര്‍ച്ചിനേക്കാള്‍ കുറവായിരിക്കും. വിതരണം ചെയ്യാനുദ്ദേശിക്കുന്ന അളവ് ലഭ്യമാകാത്തതിനാല്‍ പദ്ധതി പ്രകാരമുള്ള വിതരണലക്ഷ്യം പൂര്‍ത്തീകരിക്കാന്‍ സാധിക്കില്ലെന്ന് ബോറിസ് ജോണ്‍സണ്‍ വ്യക്തമാക്കി. ഒരു ബാച്ചിലെ 1.7 ദശലക്ഷം ഡോസുകള്‍ വൈകുന്നതായി ആരോഗ്യമന്ത്രി മാറ്റ് ഹാന്‍കോക്ക് നേരത്തെ പ്രസ്താവിച്ചിരുന്നു. 

ഫൈസറിന്റേയും ആസ്ട്രസെനകയുടേയും വാക്‌സിനുകളാണ് ബ്രിട്ടനില്‍ നിലവില്‍ വിതരണം ചെയ്യുന്നത്. ഓര്‍ഡര്‍ നല്‍കിയ 100 ദശലക്ഷം ആസ്ട്രസെനക വാക്‌സിന്‍ ഡോസുകളില്‍ 10 ദശലക്ഷം സിറം ഇന്‍സ്റ്റിട്യൂട്ടില്‍ നിന്നാണ് ലഭിക്കേണ്ടത്. അഞ്ച് ദശലക്ഷം ഡോസുകള്‍ ആഴ്ചകള്‍ക്ക് മുമ്പ് ബ്രിട്ടനില്‍ എത്തിച്ചതായി സിറം ഇന്‍സ്റ്റിട്യൂട്ടിന്റെ വക്താവ് അറിയിച്ചു. ഇന്ത്യയിലെ വാക്‌സിന്‍ വിതരണം കണക്കിലെടുത്തായിരിക്കും ശേഷിക്കുന്ന ഡോസുകളുടെ കയറ്റുമതിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

തങ്ങള്‍ക്കുള്ള വാക്‌സിന്‍ വിതരണം ഇന്ത്യ നിര്‍ത്തിയതായി കരുതുന്നില്ലെന്നും സാങ്കേതികതടസങ്ങള്‍ ഒഴിവാകുന്നതോടെ വിതരണം പുനരാരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ബോറിസ് ജോണ്‍സണ്‍ വ്യക്തമാക്കി. യുകെയിലെ ജനങ്ങളില്‍ പ്രായപൂര്‍ത്തിയായ പകുതിയോളം പേര്‍ക്കും ആദ്യ ഡോസ് വാക്‌സിന്‍ നല്‍കിക്കഴിഞ്ഞു.

 

 

Content Highlights: Britain to slow Covid-19 vaccine rollout due to delay in supplies from India