ഹാരി രാജകുമാരൻ | Photo : AP
ന്യൂയോര്‍ക്ക്: സ്വകാര്യവും വ്യക്തിപരവുമായ ജീവിതാനുഭവങ്ങളെ കുറിച്ചുള്ള ഹാരി രാജകുമാരന്റെ ഓര്‍മക്കുറിപ്പുകള്‍ പുസ്തകമാകുന്നു. ജീവിതത്തിലുടനീളം സംഭവിച്ച പിഴവുകള്‍, ഉള്‍ക്കൊണ്ട പാഠങ്ങള്‍ എന്നിവ ഹാരിയുടെ പുസ്തകത്തില്‍ സത്യസന്ധമായി വെളിപ്പെടുത്തുമെന്ന് പ്രസാധകസ്ഥാപനമായ പെന്‍ഗ്വിന്‍ റാന്‍ഡം ഹൗസ് തിങ്കളാഴ്ച അറിയിച്ചു.
ബ്രിട്ടീഷ് രാജകുടുംബവും ഹാരിയും തമ്മിലുള്ള ബന്ധം ഏറെക്കുറെ ദുര്‍ബലമായിരിക്കുന്ന സന്ദര്‍ഭത്തിലാണ് പുസ്തകം പുറത്തിറങ്ങുന്നത്. കൂടാതെ രാജകുടുംബത്തില്‍ നിന്ന് നേരിടേണ്ടി വന്ന വംശീയാധിക്ഷേപത്തെ കുറിച്ച് ഹാരിയുടെ പത്‌നി മേഗന്‍ വെളിപ്പെടുത്തിയിരുന്നു. രാജകുടുംബവുമായുള്ള അസ്വാരസ്യങ്ങളെ തുടര്‍ന്ന് ഹാരിയും മേഗനും യുഎസിലേക്ക് താമസം മാറുകയും ചെയ്തു. ആദ്യമായാണ് രാജകുടുംബത്തിലെ ഒരു മുതിര്‍ന്ന അംഗത്തിന്റെ ഇത്തരമൊരു പുസ്തകം പുറത്തു വരുന്നതെന്ന് ബ്രിട്ടീഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഒരു രാജകുമാരനായി ജനിച്ച രീതിയിലല്ല മറിച്ച് ഒരു മനുഷ്യനായി തീര്‍ന്ന നിലക്കാണ് പുസ്തകമെഴുതുന്നതെന്ന് പെന്‍ഗ്വിന്‍ റാന്‍ഡം ഹൗസിന്റെ വാര്‍ത്താക്കുറിപ്പില്‍ ഹാരി വ്യക്തമാക്കി. 'അക്ഷരാര്‍ഥത്തിലും ഒപ്പം ആലങ്കാരികമായും പറയുകയാണെങ്കില്‍ വര്‍ഷങ്ങള്‍ക്കിടെ ഞാന്‍ പല പല തൊപ്പികള്‍ മാറിമാറി ധരിച്ചു, ജീവിതത്തിലുണ്ടായ ഉയര്‍ച്ചകളും താഴ്ചകളും കൂടാതെ ഉള്‍ക്കൊണ്ട പാഠങ്ങളും എന്റെ കഥയിലൂടെ പറയാമെന്നാണ് കരുതുന്നത്. നാമെവിടെ നിന്ന് വരുന്നു എന്നത് അപ്രസക്തമാണ്, നാം കരുതുന്നതിനേക്കാള്‍ പൊതുവായ കാര്യങ്ങള്‍ നമുക്കിടയിലുണ്ട്', ഹാരി പറഞ്ഞു.
അടുത്ത കൊല്ലം പുസ്തകം പുറത്തിറങ്ങുമെന്ന് പ്രസാധകര്‍ വ്യക്തമാക്കി. ഈ കാലഘട്ടത്തിലെ ഏറ്റവും ആകര്‍ഷണീയവും സ്വാധീനശേഷിയുള്ളതുമായ വ്യക്തിത്വങ്ങളിലൊരാളില്‍ നിന്നുള്ള ഓര്‍മക്കുറിപ്പെന്നാണ് പുസ്തകത്തെ പെന്‍ഗ്വിന്‍ റാന്‍ഡം ഹൗസ് ട്വിറ്ററില്‍ വിശേഷിപ്പിച്ചിരിക്കുന്നത്. തന്റെ കുട്ടിക്കാലത്തെ കുറിച്ചും അമ്മ ഡയാന രാജകുമാരിയുടെ മരണത്തെ കുറിച്ചും അഫ്ഗാനിസ്ഥാനിലുള്‍പ്പെടെയുള്ള തന്റെ സൈനിക സേവനത്തെ കുറിച്ചുമുള്ള വിവരങ്ങള്‍ ഹാരിയുടെ പുസ്തകത്തിലുണ്ടാകുമെന്നാണ് സൂചന. ഭര്‍ത്താവെന്ന നിലയിലും അച്ഛനെന്ന നിലയിലും അനുഭവിക്കുന്ന ആനന്ദത്തെ കുറിച്ചും ഹാരി പുസ്തകത്തില്‍ വ്യക്തമാക്കും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..