ലണ്ടന്‍: ഓഗസ്‌റ്റോടെ രാജ്യം കോവിഡ് മുക്തമാകുമെന്ന് ബ്രിട്ടീഷ് ആരോഗ്യവകുപ്പ്. 2022 ആദ്യത്തോടെ കോവിഡ് വാക്‌സിന്റെ ബൂസ്റ്റര്‍ ഡോസ് വിതരണം പുനരാരംഭിക്കാമെന്ന് പ്രതീക്ഷിക്കുന്നതായും ആരോഗ്യവകുപ്പ് ഉന്നത ഉദ്യോഗസ്ഥനായ ക്ലൈവ് ഡിക്‌സ് പറഞ്ഞു. ഡെയ്‌ലി ടെലഗ്രാഫിനോടാണ് ഡിക്‌സ് ഇക്കാര്യം വ്യക്തമാക്കിയത്. 

ക്ലൈവ് ഡിക്‌സാണ് ബ്രിട്ടന്റെ വാക്‌സിന്‍ വിതരണപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. ജൂലായ് അവസാനത്തോടെ രാജ്യത്തെ എല്ലാ ജനങ്ങള്‍ക്കും വാക്‌സിന്‍ നല്‍കാനാവുമെന്നും അതിലൂടെ വൈറസിന്റെ വിവിധ വകഭേദങ്ങളില്‍ നിന്ന് ജനങ്ങള്‍ക്ക് സംരക്ഷണം ഉറപ്പുവരുത്താമെന്നും കരുതുന്നതായി ഡിക്‌സ് വ്യക്തമാക്കി. 

ജനസംഖ്യയുടെ പകുതിയോളം പേര്‍ക്ക് ആദ്യ ഡോസ് വാക്‌സിന്‍ കുറഞ്ഞ സമയത്തിനുള്ളില്‍ വിതരണം ചെയ്ത രണ്ടാമത്തെ രാജ്യമാണ് ബ്രിട്ടന്‍. 51 ദശലക്ഷം ഡോസ് വാക്‌സിന്‍ ഇതിനോടകം രാജ്യത്ത് വിതരണം നടത്തിക്കഴിഞ്ഞു. 

പ്രതിരോധശേഷി കുറഞ്ഞ വ്യക്തികള്‍ക്ക് കൂടുതല്‍ ഫലപ്രദമാകുന്ന വിധത്തിലുള്ള ബൂസ്റ്റര്‍ വാക്‌സിന്‍ ലഭ്യമാക്കാനുള്ള ശ്രമത്തിലാണ് ബ്രിട്ടന്‍. നേരിയ പാര്‍ശ്വഫലമുള്ളതിനാല്‍ ഓക്‌സ്‌ഫോഡ്/ അസ്ട്രസെനകയുടെ വാക്‌സിന് പകരം 40 വയസ്സിന് താഴെയുള്ളവര്‍ക്ക് മറ്റൊരു വാക്‌സിന്‍ ലഭ്യമാക്കാന്‍ ബ്രിട്ടന്‍ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.

Content Highlights: Britain Free Of Covid By August Says UK Vaccine Task Force Chief