ന്ധം അവസാനിച്ചാലും തന്റെ മുന്‍ കാമുകനോ കാമുകിയോ മറ്റൊരാളുടെ പ്രണയഭാജനമാകുന്നത് പൂര്‍ണമായും ഉള്‍ക്കൊള്ളാന്‍ എല്ലാവര്‍ക്കും സാധിക്കണമെന്നില്ല. അവസാനിച്ച ബന്ധത്തിന്റെ സ്മരണകള്‍ ഉള്ളില്‍ തങ്ങിനില്‍ക്കുന്നവര്‍ മുന്‍ കാമുകന്റെയോ കാമുകിയുടേയോ വിവാഹച്ചടങ്ങില്‍ നിന്ന് വിട്ടുനില്‍ക്കാനാവും പലപ്പോഴും ശ്രമിക്കുക.

എന്നാല്‍ തന്റെ മുന്‍കാമുകിയുടെ വിവാഹത്തിനെത്തി ഞെട്ടിച്ച യുവാവും തന്റെ മുന്‍കാമുകനെ ഒന്നാലിംഗനം ചെയ്‌തോട്ടെയെന്ന് വരനോട് അനുവാദം ചോദിച്ച് സ്‌നേഹത്തോടെയും സന്തോഷത്തോടെയും കെട്ടിപ്പിടിച്ച വധുവും ചേര്‍ന്ന ഒരു 'മുന്‍കാല പ്രണയജോഡി'യാണ് ഇപ്പോള്‍ സാമൂഹികമാധ്യമങ്ങളിലെ താരങ്ങള്‍. ഇന്തോനേഷ്യയില്‍നിന്നുള്ളതാണ് ഈ വീഡിയോ.

ടിക് ടോക്കിലാണ് വിവാഹച്ചടങ്ങില്‍ നിന്ന് പകര്‍ത്തിയ ഈ വീഡിയോ ആദ്യം പ്രത്യക്ഷപ്പെട്ടത്. പിന്നീട് നിരവധിപേര്‍ ഷെയര്‍ ചെയ്തതോടെ വീഡിയോ വൈറലായി. തന്റെ വിവാഹത്തില്‍ പങ്കെടുക്കാനെത്തിയ മുന്‍കാമുകനെ കണ്ട് ഏറെ സന്തോഷത്തിലാണ് യുവതി. യുവതിയ്ക്ക് ആശംസകള്‍ നേര്‍ന്ന് ഹസ്തദാനത്തിനായി മുന്‍കാമുകന്‍ കൈനീട്ടുമ്പോഴാണ് യുവതി അപ്രതീക്ഷിതമായി ഭര്‍ത്താവിനോട് ആലിംഗനത്തിനായി അനുമതി തേടുന്നത്. 

ഉടന്‍ തന്നെ ഭര്‍ത്താവ് അനുവാദം നല്‍കുകയും ഇരുവരും ആഹ്ലാദത്തോടെ കെട്ടിപ്പിടിക്കുകയും ചെയ്യുന്നു. തുടര്‍ന്ന് യുവാവ് വരന് ഹസ്തദാനം ചെയ്യുന്നു. ഹസ്തദാനത്തിന് ശേഷം വരനും യുവാവിനെ ആലിംഗനം ചെയ്യുന്നത് വീഡിയോയില്‍ കാണാം. മൂവരും ഏറെ സന്തോഷത്തോടെ വര്‍ത്തമാനം പറയുകയും ചെയ്യുന്നുണ്ട്. 

മുന്‍ബന്ധത്തിന്റെ പേരില്‍ മാനസികമായും ശാരീരികമായും നടക്കുന്ന അക്രമസംഭവങ്ങള്‍ തുടര്‍ക്കഥയാവുന്നതിനിടെയുള്ള ഈ ആഹ്‌ളാദക്കാഴ്ച നിരവധി പ്രതികരണങ്ങളാണുയര്‍ത്തിയത്. മുന്‍കാമുകനെ ഭര്‍ത്താവിന്റെ മുന്നില്‍ ആലിംഗനം ചെയ്ത യുവതിയെ കുറ്റപ്പെടുത്തിയവരും അനുവാദം ചോദിച്ച യുവതിയെ അഭിനന്ദിച്ചവരും നിരവധി. ഭര്‍ത്താവിന്റെ മുഖത്തുണ്ടായ വിഷമം കണ്ടോയെന്ന് പരിഹാസമുയര്‍ത്തിയവരുമുണ്ട്. 

Content Highlights: Bride asks for husband's permission to hug ex-boyfriend at their wedding