ജെയ്ർ ബൊൽസൊനാരോയുടെ മോട്ടോർസൈക്കിൾ റാലിയിൽനിന്ന്| Photo: AFP
സാവോപോളോ: കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചതിന് ബ്രസീല്‍ പ്രസിഡന്റ് ജെയ്ര്‍ ബൊല്‍സൊനാരോയ്ക്ക് പിഴ. സാവോ പോളോ സംസ്ഥാന അധികൃതരാണ് 552.71 ബ്രസീലിയന്‍ റീല്‍ അഥവാ ഏകദേശം 108 ഡോളര്‍ പിഴ വിധിച്ചത്. മാസ്‌ക് ധരിക്കാതിരുന്നതിനും അനുയായികളുടെ വമ്പന്‍ മോട്ടോര്‍ സൈക്കിള്‍ റാലി സംഘടിപ്പിച്ചതിനും പിന്നാലെയാണ് പ്രസിഡന്റിന് പിഴ വീണത്.
ബൊല്‍സൊനാരോ, മകന്‍ ഇക്വാര്‍ഡോ ബൊല്‍സെനാരോ, അടിസ്ഥാന സൗകര്യ വകുപ്പുമന്ത്രി ടാര്‍സിഷ്യോ ഗോമസ് എന്നിവര്‍ക്കാണ് പിഴ വിധിച്ചതെന്ന് സാവോപോളോ സംസ്ഥാന അധികൃതര്‍ പറഞ്ഞു.
ആക്‌സലറേറ്റ് ഫോര്‍ ക്രൈസ്റ്റ് എന്ന പേരില്‍ സാവോ പോളോയില്‍ സംഘടിപ്പിച്ച റാലിയില്‍ ആയിരക്കണക്കിന് ആളുകളാണ് മോട്ടോര്‍സൈക്കിളുകളില്‍ പങ്കെടുത്തത്. ബൊല്‍സൊനാരോ ആയിരുന്നു റാലി നയിച്ചത്. മുഖം പൂര്‍ണമായും മറയ്ക്കാത്ത വിധത്തിലുള്ള ഹെല്‍മറ്റ് ധരിച്ച ബൊല്‍സൊനാരോ, മാസ്‌കും ധരിച്ചിട്ടുണ്ടായിരുന്നില്ല. സാവോ പോളോയില്‍ നിലവിലുള്ള കോവിഡ് മാനദണ്ഡങ്ങളുടെ ലംഘനമാണ് ബൊല്‍സൊനാരോയുടെ ഭാഗത്തുനിന്നുണ്ടായത്.
അടുത്ത കൊല്ലം നടക്കാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പില്‍ വിജയിക്കാനും വീണ്ടും അധികാരത്തിലെത്താനുമായി രാജ്യത്ത് അങ്ങോളമിങ്ങോളം ബൊല്‍സൊനാരോ വമ്പന്‍ റാലികള്‍ സംഘടിപ്പിക്കുന്നുണ്ട്. സംസ്ഥാനത്ത് നിലവിലുള്ള കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിക്കുന്ന പക്ഷം പിഴ ഈടാക്കുമെന്ന് സാവോ പോളോ ഗവര്‍ണറും ബൊല്‍സൊനാരോയുടെ രാഷ്ട്രീയ എതിരാളിയുമായ ജൊവാവോ ഡോറിയ മുന്നറിയിപ്പ് നല്‍കിയിരുന്നു. കോവിഡ് മാനദണ്ഡങ്ങളുമായി ബന്ധപ്പെട്ട് മുന്‍പും ബൊല്‍സൊനാരോയും ഡോറിയയും തമ്മില്‍ കൊമ്പുകോര്‍ത്തിട്ടുണ്ട്.
മാസ്‌ക് ധരിക്കാനും വീട്ടില്‍ത്തന്നെ കഴിയാനുമുള്ള കോവിഡ് പ്രതിരോധ നിര്‍ദേശങ്ങളുടെ നിരന്തര വിമര്‍ശകനാണ് ബൊല്‍സൊനാരോ. കോവിഡിന് ഫലപ്രദമല്ലെന്ന് പഠനങ്ങളില്‍ വ്യക്തമായിട്ടും ക്ലോറോക്വയ്‌നും ഹൈഡ്രോക്‌സിക്ലോറോക്വയ്‌നും പോലുള്ളവ ഉപയോഗിക്കാനും അദ്ദേഹം പ്രേരിപ്പിക്കുക പതിവായിരുന്നു. കോവിഡ് പ്രതിരോധ കുത്തിവെപ്പ് എടുത്തവര്‍ മാസ്‌ക് വെക്കേണ്ടതില്ലെന്ന ഉത്തരവ് പുറപ്പെടുവിക്കാന്‍ ആലോചിക്കുന്നതായും അദ്ദേഹം റാലിയില്‍ പറഞ്ഞിരുന്നു.
content highlights: brazilian president jair bolsonaro fined for maskless motor cycle rally
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..