താലിറ്റ ഡുവാലി. photo: news flash/daily mail
കീവ്: യുക്രൈന്‍ സൈന്യത്തിന്റെ ഭാഗമായി റഷ്യയ്‌ക്കെതിരേ യുദ്ധത്തിനിറങ്ങിയ ബ്രസീലിയന്‍ മോഡല്‍ താലിറ്റ ഡുവാലി റഷ്യയുടെ മിസൈലാക്രമണത്തില്‍ കൊല്ലപ്പെട്ടു. യുക്രൈനിലെ വടക്കുകിഴക്കന്‍ നഗരമായ ഹര്‍കീവിലുണ്ടായ മിസൈല്‍ ആക്രമണത്തിലാണ് 39-കാരിയായ താലിറ്റ കൊല്ലപ്പെട്ടത്. ഹര്‍കീവിലെ യുക്രൈന്‍ സന്നദ്ധസേനാ സംഘത്തില്‍ അംഗമായിരുന്നു താലിറ്റ.
റഷ്യയ്‌ക്കെതിരേ യുദ്ധമുഖത്ത് പോരാടാനായി മൂന്നാഴ്ച മുമ്പാണ് താലിറ്റ യുക്രൈനിലെത്തിയത്. രാജ്യത്തെ വിവിധ മേഖലകളില്‍ യുക്രൈന്‍ സൈന്യത്തിനൊപ്പം ആയുധമെടുത്ത് താലിറ്റ പോരാടിയിരുന്നു. യുദ്ധം ശക്തമായ ഹര്‍കീവ് മേഖലയിലെ ബങ്കറിന് നേരെയുള്ള റഷ്യയുടെ അപ്രതീക്ഷിത മിസൈല്‍ ആക്രമണത്തിലാണ് താലിറ്റ കൊല്ലപ്പെട്ടത്. യുക്രൈന്‍ സൈനികര്‍ക്കൊപ്പം പോരാടിയ ബ്രസീലിയന്‍ സന്നദ്ധ പ്രവര്‍ത്തകനായ ഡഗ്ലസ് ബൂറിഗോയും ഈ മിസൈല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു.
നേരത്തെ ഇറാഖില്‍ ഐഎസ് ഭീകര്‍ക്കെതിരേയും താലിറ്റ പോരാട്ടത്തിനിറങ്ങിയിരുന്നു. ഇറാഖിലെ കുര്‍ദ്ദിസ്ഥാന്‍ മേഖലയിലെ സായുധസേനയായ പെഷ്‌മേര്‍ഗാസില്‍ അംഗമായിരുന്നു അന്ന് താലിറ്റ. അവിടെവച്ചാണ് സ്‌നൈപ്പര്‍ റൈഫിള്‍ ഉപയോഗിക്കുന്നതില്‍ താലിറ്റ വൈദഗ്ധ്യം നേടിയത്. വിവിധ എന്‍.ജി.ഒകളുടെ ഭാഗമായി മൃഗസംരക്ഷണ പ്രവര്‍ത്തനങ്ങളിലും താലിറ്റ സജീവമായിരുന്നു.
യുക്രൈനില്‍ എത്തിയതു മുതല്‍ സൈന്യത്തിനൊപ്പമുള്ള പരിശീലനത്തിന്റെയും യുദ്ധഭൂമിയിലെ മറ്റു വിവരങ്ങളും യുട്യൂബിലൂടെയും ടിക്ക്‌ടോക്കിലൂടെയും താലിറ്റ പങ്കുവച്ചിരുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..