സാവോപോളോ (ബ്രസീല്‍): കഴിഞ്ഞ 22 വര്‍ഷമായി ആമസോണ്‍ വനാന്തരങ്ങളില്‍ ഏകാകിയായി ജീവിക്കുന്ന ഒരു മനുഷ്യനുണ്ട്. ആര്‍ക്കും അയാളുടെ പേരറിയില്ല, അയാളുടെ ഗോത്രമേതെന്നറിയില്ല, അയാളെക്കുറിച്ച് ഒന്നുമറിയില്ല. പുറംലോകത്തുനിന്ന് തീര്‍ത്തും ഒറ്റപ്പെട്ട് അയാള്‍ അയാളുടേതായ ജീവിതം ജീവിക്കുകയാണ്. 

ബ്രസീലിലെ ആമസോണ്‍ മഴക്കാടുകളിലാണ് ഗോത്രവര്‍ഗ വിഭാഗത്തില്‍പ്പെട്ട ഈ മനുഷ്യന്‍ ജീവിക്കുന്നത്. ഇയാളെക്കുറിച്ച് കൂടുതല്‍ അറിയാന്‍ ശ്രമിക്കുന്ന ബ്രസീലിലെ ഇന്ത്യന്‍ ഫൗണ്ടേഷന്‍ ആണ് ഇപ്പോള്‍ ഈ മനുഷ്യന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. വനത്തില്‍ മരം മുറിച്ചുകൊണ്ടിരിക്കുന്ന ആളുടെ വീഡിയോ ദൃശ്യങ്ങളാണ് അത്. 1996 മുതല്‍ ഈ സംഘടന ഇയാളെ നിരീക്ഷിച്ചുവരികയാണ്. 

2018 മെയ് മാസം വരെ ഈ മനുഷ്യനെ വനത്തില്‍ കണ്ടതായി സംഘടന വെളിപ്പെടുത്തുന്നു. ഇയാളുടെ ഗോത്രത്തില്‍പ്പെട്ട മറ്റാരെയും കണ്ടെത്താന്‍ സാധിക്കാത്തതിനാല്‍ ഇയാള്‍ ആ ഗോത്രത്തിലെ അവസാന മനുഷ്യനാണെന്നാണ് കരുതുന്നത്. വനസമ്പത്തു തേടി പുറത്തുനിന്നെത്തുന്നവര്‍ ആ ഗോത്രത്തിലെ മറ്റ് അംഗങ്ങളെ കൊന്നൊടുക്കിയതാവാമെന്നാണ് ഇന്ത്യന്‍ ഫൗണ്ടേഷന്‍ അധികൃതര്‍ പറയുന്നത്.

ഇന്ത്യന്‍ ഫൗണ്ടേഷന്‍ പുറത്തുവിട്ട വീഡിയോ ദൃശ്യം

പുറത്തുനിന്നുള്ള മനുഷ്യരുടെ ഇടപെടലുകള്‍ മൂലം ആമസോണ്‍ വനാന്തരങ്ങളിലെ നിരവധി ഗോത്രവിഭാഗങ്ങള്‍ ഭീഷണി നേരിടുന്നുണ്ട്. ഭൂമിക്കും വനസമ്പത്തിനുമായി എത്തുന്ന പരിഷ്‌കൃതരായ മനുഷ്യര്‍ ഇവരെ കൊന്നൊടുക്കുന്നു. കഴിഞ്ഞ വര്‍ഷം മാത്രം ഇത്തരത്തില്‍ 71 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് ബ്രസീല്‍ അധികൃതര്‍ പറയുന്നു.

Content Highlights: Brazil, lonely man, Amazon forest, indian foundation, Funai