വാഷിങ്ടണ്‍: ഇന്ത്യയുടെ ലാന്‍ഡറിനെ കുറിച്ച് അന്വേഷിച്ച് പ്രശസ്ത നടന്‍ ബ്രാഡ് പിറ്റും. ബ്രാഡ് പിറ്റ് ബഹിരാകാശ യാത്രികനായി അഭിനയിക്കുന്ന ആഡ് ആസ്ട്ര എന്ന ചലച്ചിത്രത്തിന്റെ പ്രചരണഭാഗമായി നാസ ടിവി സംപ്രേക്ഷണം ചെയ്ത പരിപാടിയില്‍ പങ്കെടുക്കുന്നതിതിനിടെയാണ് താരം ലാന്‍ഡറിനെക്കുറിച്ച് ചോദിച്ചത്‌.

ഇന്റര്‍നാഷണല്‍ സ്‌പേസ് സ്റ്റേഷനില്‍ തങ്ങുന്ന അമേരിക്കന്‍ ബഹിരാകാശ യാത്രികന്‍ നിക്ക് ഹേഗുമായി ബ്രാഡ് പിറ്റ് നടത്തിയ സൗഹൃദസംഭാഷണത്തിനിടെയാണ്‌ വിക്രം ലാന്‍ഡറിന്റെ കാര്യം കടന്നു വന്നത്. 

20 മിനിറ്റ് നീണ്ട വീഡിയോ കോളിലൂടെയാണ് പിറ്റ് നിക്ക് ഹേഗുമായി സംവദിച്ചത്.  ഭാരമില്ലായ്മകളില്‍ ഉണ്ടാകുന്ന അപ്രതീക്ഷിത പ്രത്യാഘാതങ്ങളെ കുറിച്ച് നിക്കുമായി ബ്രാഡ് പിറ്റ് സംസാരിച്ചു. ഉപയോഗിക്കാത്തതിനാല്‍ പാദങ്ങളുടെ ചര്‍മത്തിന് കട്ടി കൂടിയത് ബുദ്ധിമുട്ടിക്കുന്നുണ്ടെന്ന് നിക്ക് പറഞ്ഞു. മറ്റ് രണ്ട് അമേരിക്കന്‍ ബഹിരാകാശയാത്രികര്‍ക്കും രണ്ട് റഷ്യന്‍ യാത്രികര്‍ക്കും ഒരു ഇറ്റാലിയന്‍ യാത്രികനും ഒപ്പമാണ് നിക്ക് ഹേഗ് ഇപ്പോള്‍ ഐഎസ്എസില്‍ തങ്ങുന്നത്. 

വീഡിയോ നാസ ട്വിറ്ററിലൂടെ പങ്കു വെച്ചിട്ടുണ്ട്. 

നാസയുടെ വാഷിങ്ടണ്‍ ആസ്ഥാനത്തെത്തിയാണ് ബ്രാഡ് പിറ്റ് വീഡിയോകോള്‍ നടത്തിയത്. ബഹിരാകാശ കേന്ദ്രത്തില്‍ ഇരിക്കുന്നതു പോലെ കാണുന്ന നിക്കിനോട് സീറോ ജി (ഗുരുത്വാകര്‍ഷണം ഇല്ലാത്ത അവസ്ഥ)യില്‍ എങ്ങനെയാണനുഭവം എന്ന് ബ്രാഡ് പിറ്റ് ചോദിക്കുന്നുണ്ട്. വളരെ നല്ല അനുഭവമെന്ന് നിക്കിന്റെ മറുപടി. 

ആകാശജീവിതത്തെ കുറിച്ചും തന്റെ അഭിനയത്തെ കുറിച്ചും കൂടുതല്‍ ചോദ്യങ്ങള്‍ ബ്രാഡ് പിറ്റ് ചോദിക്കുന്നത് വീഡിയോയിലുണ്ട്. അതിനിടെയാണ് ഇന്ത്യയുടെ ലാന്‍ഡര്‍ ചന്ദ്രന്റെ ഉപരിതലത്തില്‍ ഇടിച്ചിറങ്ങിയത് കാണാനായോ എന്നുള്ള ബ്രാഡ് പിറ്റിന്റെ ചോദ്യവും ഇല്ല എന്നുള്ള നിക്കിന്റെ മറുപടിയും.

 

Content Highlights: Brad Pitt Phones Astronaut, Asks about Indian Moon Lander