ഭാര്യ മുംതാസ് മഹലിന്റെ ഓര്‍മയ്ക്കായി ഷാജഹാന്‍ ചക്രവര്‍ത്തി താജ് മഹല്‍ പണിതെങ്കില്‍ ബോസ്‌നിയയില്‍ നിന്നുള്ള ഒരാള്‍ ഭാര്യയെ സന്തോഷിപ്പിക്കാന്‍ നിര്‍മിച്ചത് കറങ്ങുന്ന വീടാണ്. കുടുംബ വീട് പല തവണ പുതുക്കിപ്പണിതിട്ടും ഭാര്യയുടെ പരാതി തീരാതെ ആയതോടെ 72-കാരനായ വോജിന്‍ കുസിക് കറങ്ങുന്ന വീടുണ്ടാക്കുകയായിരുന്നു. രാവിലെ സൂര്യോദയം കണ്ടശേഷം ഈ വീട് ഒന്നു കറക്കിയാല്‍ തൊട്ടടുത്ത നിമിഷം വഴിയിലൂടെ പോകുന്ന യാത്രക്കാരെ കാണാം.

വടക്കന്‍ ബോസ്‌നിയയിലെ സെര്‍ബാച്ച് പട്ടണത്തിന് അടുത്താണ് ഈ വീട്. ഏഴ് മീറ്റര്‍ അച്ചുതണ്ടില്‍ കറങ്ങുന്ന വീടിന്റെ വശങ്ങളില്‍ ചോളപ്പാടങ്ങളും കൃഷിഭൂമിയുമാണ്. ആവശ്യമുള്ള വേഗതയില്‍ കറക്കിയാല്‍ കാടും പുഴയുമെല്ലാം ബാല്‍ക്കണിയിലിരുന്ന് കാണാം. ഏറ്റവും വേഗത കുറച്ച് കറക്കുകയാണെങ്കില്‍ വീടിന് ചുറ്റുമുള്ള കാഴ്ച്ചകള്‍ കാണാന്‍ 24 മണിക്കൂര്‍ എടുക്കും. വേഗത്തില്‍ കറക്കുകയാണെങ്കില്‍ 22 സെക്കന്റ് മാത്രമാണെടുക്കുക. 

Vojin Kusic
കറങ്ങുന്ന വീടിന് മുന്നില്‍ വോജിന്‍ കുസിക്‌ I Photo: Reuters

ആറു വര്‍ഷമാണ് ഈ വീട് നിര്‍മിക്കാനെടുത്തത്. അതിനിടയില്‍ ഹൃദയം പണിമുടക്കിയതിനെ തുടര്‍ന്ന് കുസിക് കുറച്ചുകാലം ആശുപത്രിയിലും കഴിഞ്ഞു. സാധാരണ വീടുകളേക്കാള്‍ കൂടുതലായി ഭൂകമ്പത്തെ ഈ കറങ്ങുന്ന വീട് പ്രതിരോധിക്കുമെന്നും കുസിക് പറയുന്നു. 

സെര്‍ബിയന്‍-അമേരിക്കന്‍ ശാസ്ത്രഞ്ജരായ നിക്കോള ടെസ്ലയുടേയും മിഹാലൊ പുപിന്റേയും കണ്ടുപിടുത്തങ്ങളാണ് കുസികിന് പ്രചോദനമായത്. ഇതൊരു കണ്ടുപിടുത്തമല്ലെന്നും അറിവും സമയവുമുള്ള ആര്‍ക്കും ഇങ്ങനെയൊരു വീട് നിര്‍മിക്കാമെന്നും കുസിക് വ്യക്തമാക്കുന്നു. 

Content Highlights: Bosnian man builds rotating house so that his wife has changing views