ജക്കാര്‍ത്ത: 62 പേരുമായി പുറപ്പെട്ട ഇന്‍ഡൊനീഷ്യയിലെ സിരിവിജയ എയര്‍ലൈന്‍സ് വിമാനം കടലില്‍ തകര്‍ന്നു വീണ സ്ഥലം കണ്ടെത്തി. വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സില്‍ നിന്ന് സിഗ്നല്‍ ലഭിച്ചതായി അധികൃതര്‍ അറിയിച്ചു.
വിമാനത്തിന്റെ അവശിഷ്ടങ്ങളും മനുഷ്യശരീരത്തിന്റെ ഭാഗങ്ങളും നാവികര്‍ കണ്ടെടുത്തിട്ടുണ്ട്. തിരയല്‍ രക്ഷാപ്രവര്‍ത്തര്‍ രണ്ടു ബാഗുകള്‍ കരയിലെത്തിച്ചതായി ജക്കാര്‍ത്ത പോലീസ് പറഞ്ഞു. ഇതില്‍ ഒന്നില്‍ യാത്രക്കാരുടെ വസ്തുക്കളായിരുന്നു. മറ്റൊരു ബാഗില്‍ ശരീരഭാഗങ്ങളും. വിമാനത്തില്‍ യാത്ര ചെയ്ത ആരും രക്ഷപ്പെട്ടിട്ടില്ലെന്നാണ് നിഗമനം.
കടലില്‍ 75 അടി താഴ്ചയില്‍ നിന്നാണ് വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. ശനിയാഴ്ച ജക്കാര്‍ത്തയില്‍നിന്ന് വെസ്റ്റ്കലിമന്താനിലെ പോണ്ടിയാനക്കിലേക്കുപോയ ബോയിങ് 737-500 വിമാനമാണ് കാണാതായത്.ഉച്ചയ്ക്ക് 1.56-ഓടെ പുറപ്പെട്ട വിമാനത്തിന് 2.40-ഓടെയാണ് എയര്‍ലൈന്‍സുമായുള്ള ബന്ധം നഷ്ടമായത്.
വിമാനം തകര്‍ന്നു വീണതിന്റെ യഥാര്‍ത്ഥ കാരണം വ്യക്തമല്ലെങ്കിലും വന്‍പൊട്ടിത്തെറിയുടെ ശബ്ദം കേട്ടതായി മത്സ്യത്തൊഴിലാളികള്‍ പറഞ്ഞു.
'എന്തോ പൊട്ടിത്തെറിക്കുന്നത് ഞങ്ങള്‍ കേട്ടു, ഒരു ബോംബ് സ്‌ഫോടനമോ അല്ലെങ്കില്‍ സുനാമിയോ ആണെന്ന് ഞങ്ങള്‍ കരുതി, അതിനുശേഷം വെള്ളത്തില്‍ വലിയ ഓളം തെളിയുന്നത് ഞങ്ങള്‍ കണ്ടു' ഒരു മത്സ്യത്തൊഴിലാളി വാര്‍ത്താഏജന്‍സികളോട് പറഞ്ഞു.
'കനത്ത മഴയായിരുന്നു, കാലാവസ്ഥ വളരെ മോശമായിരുന്നു. അതിനാല്‍, ചുറ്റും വ്യക്തമായി കാണാന്‍ പ്രയാസമാണ്. എന്നാല്‍ ശബ്ദം കേട്ട ഞങ്ങള്‍ ഞെട്ടിപ്പോയി, ചില വസ്തുക്കള്‍ പൊന്തിക്കിടക്കുന്നത് കാണാമായിരുന്നു. ഞങ്ങളുടെ ബോട്ടിന് ചുറ്റും എണ്ണ തളംകെട്ടിനിന്നു'-മത്സ്യത്തൊഴിലാളി കൂട്ടിച്ചേര്‍ത്തു.
62 യാത്രക്കാരില്‍ മൂന്ന് കൈക്കുഞ്ഞുങ്ങളടക്കം 10 പേര്‍ കുട്ടികളാണ്. അപകടവിവരമറിഞ്ഞ് പ്രിയപ്പെട്ടവരെ കുറിച്ചറിയാന്‍ വിമാനത്താവളത്തിലും തുറമുഖത്തുമായി യാത്രക്കാരുടെ ബന്ധുക്കള്‍ തടിച്ചുകൂടിയിരിക്കുകയാണ്.
'എന്റെ ഭാര്യയും മൂന്ന് മക്കളും വിമാനത്തിലുണ്ടായിരുന്നു. കരഞ്ഞ് തളര്‍ന്നുകൊണ്ട് പോണ്ടിനായക് വിമാനത്താവളത്തില്‍ കാത്തിനില്‍ക്കുന്ന യമന്‍ സായി എന്നായാള്‍ പറഞ്ഞു. വിമാനയാത്രയ്ക്ക് തൊട്ടുമുമ്പ് ഭാര്യ തനിക്ക് അയച്ചു തന്ന കുഞ്ഞിന്റെ ഫോട്ടോ എടുത്ത് കാണിച്ചു....എങ്ങനെ തകരാതിരിക്കും എന്റെ ഹൃദയം..?തേങ്ങികൊണ്ട് അയാള്‍ ചോദിച്ചു.