@AsaadHannaa
ബെയ്‌റൂത്ത്: ലബനനിലെ ബെയ്‌റൂത്തിലുണ്ടായ സ്‌ഫോടനം ലോകത്തെ ഒന്നാകെ ഞെട്ടിച്ചതാണ്. വലിയ അളവിലുള്ള അമോണിയം നൈട്രേറ്റ് പൊട്ടിത്തെറിച്ചാണ് 150ല്‍ അധികം പേര്‍ മരിക്കാനിടയായ സ്‌ഫോടനം ഉണ്ടായത്. ഈ സ്‌ഫോടനത്തിന്റെ ഭീകരത വെളിവാക്കുന്ന ദൃശ്യങ്ങളില്‍ ഒന്നാണ് ഇപ്പോള്‍ പുറത്തുവരുന്നത്. സ്‌ഫോടനത്തില്‍ തകര്‍ന്ന ആശുപത്രിയില്‍ മിനിറ്റുകള്‍ മാത്രം പ്രായമുള്ള നവജാത ശിശുവിനെ നെഞ്ചോടുചേര്‍ത്ത് നില്‍ക്കുന്ന യുവാവായ പിതാവിന്റെ ദൃശ്യങ്ങളാണ് ഇത്. സാമൂഹ്യമാധ്യമങ്ങളില്‍ വലിയ തോതിലാണ് ഈ ദൃശ്യങ്ങള്‍ പ്രചരിക്കുന്നത്.
ക്രിസ്റ്റല്‍ സവായ എന്ന യുവതി ബെയ്‌റൂത്തിലെ അല്‍ റൗം ആശുപത്രിയില്‍ ഒരു ആണ്‍കുട്ടിക്ക് ജന്മം നല്‍കി മിനിറ്റുകള്‍ക്കു ശേഷമാണ് ശക്തമായ സ്‌ഫോടനം ഉണ്ടായത്. സ്‌ഫോടനത്തില്‍ ആശുപത്രിയുടെ ചില്ലുകളും ചുവരിന്റെ ഭാഗങ്ങളുമെല്ലാം ചിതറിത്തെറിച്ചു. കഞ്ഞിന്റെ പിതാവ് ജാദ് ഓടിയെത്തി അമ്മയ്‌ക്കൊപ്പം കിടന്നിരുന്ന കുഞ്ഞിനെ വാരിയെടുത്ത് നെഞ്ചോടുചേര്‍ത്ത് പിടിച്ചിരിക്കുന്നതാണ് ഈ ചിത്രങ്ങളിലുള്ളത്. ജാദിന്റെ ശരീരത്തിലും വസ്ത്രത്തിലും രക്തക്കറകളും കാണാം. കുഞ്ഞിന്റെ അമ്മ ക്രിസ്റ്റല്‍ സവായ ചിതറിത്തെറിച്ച ചില്ലുകഷണങ്ങള്‍ക്കിടയില്‍ കിടക്കുന്നതും മറ്റൊരു ചിത്രത്തിലുണ്ട്.
'വല്ലാത്തൊരു സാഹചര്യമായിരുന്നു അത്. ആ ഉഗ്ര സ്‌ഫോടനം നടക്കുമ്പോള്‍ ഞങ്ങള്‍ ആശുപത്രി മുറിയിലായിരുന്നു. എന്താണ് സംഭവിച്ചതെന്ന് ഞങ്ങള്‍ക്ക് മനസ്സിലായില്ല. എല്ലാം പൊട്ടിത്തകര്‍ന്നിരുന്നു. തകരാത്തതായി മുറിയില്‍ ഒന്നും ബാക്കിയുണ്ടായിരുന്നില്ല. ഞാന്‍ പെട്ടെന്ന് കുഞ്ഞിനെ വാരിയെടുത്തു, മറ്റൊരു സ്‌ഫോടനംകൂടി നടക്കുമെന്ന് ഞാന്‍ ഭയന്നു', ക്രിസ്റ്റല്‍ സവായ ഓര്‍ക്കുന്നു.
'സ്‌ഫോടനത്തില്‍ അമ്മയും കുഞ്ഞും കിടന്ന ഭാഗത്തേയ്ക്കാണ് ആശുപത്രിക്കെട്ടിടത്തില്‍നിന്ന് വലിയൊരു ചില്ലുപാളി തെറിച്ചുവീണത്. ചില്ല് കഷ്ണങ്ങള്‍ തെറിച്ച് എന്റെ തലയ്ക്കും കഴുത്തിനും മുറിവുപറ്റി. ക്രിസ്റ്റലിന്റെയും നെറ്റിയിലും തലയിലും പരിക്കേറ്റു. എന്നാല്‍ ദൈവത്തിന്റെ സഹായംകൊണ്ട് നബീലിനു മാത്രം ഒന്നും സംഭവിച്ചില്ല', ജാദ് പറഞ്ഞു.
ഓഗസ്റ്റ് നാലിന് വൈകീട്ട് പ്രാദേശിക സമയം ആറുമണിയോടെയാണ് ബെയ്റൂത്തിനെ നടുക്കിയ സ്ഫോടനം ഉണ്ടായത്. ആറായിരത്തിലധികം പേര്‍ക്ക് പരിക്കേറ്റ അപകടത്തില്‍ ഏകദേശം 150 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ബെയ്റൂത് തുറമുഖത്തിന് സമീപമുളള വെയര്‍ഹൗസില്‍ കഴിഞ്ഞ ആറുവര്‍ഷമായി വലിയ അളവില്‍ അമോണിയം നൈട്രേറ്റ് സൂക്ഷിച്ചുവെച്ചിരുന്നു. ഇത് പൊട്ടിത്തെറിച്ചതാണെന്നാണ് അപകടത്തെ കുറിച്ചുള്ള ഔദ്യോഗിക വിശദീകരണം.
Content Highlights: Bloodied Clothes, Newborn In His Arms- Photo Captures Beirut Blast Horror
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..