കോവിഡ് 19 രോഗികളില്‍ രക്തം കട്ടപിടിക്കുന്ന പ്രവണത കാണപ്പെടുന്നതായി പഠനം


-

വാഷിങ്ടണ്‍: കോവിഡ് 19 ബാധിച്ച രോഗികളുടെ ശരീരത്തിലെ രക്തക്കുഴലുകളില്‍ രക്തം കട്ടപിടിക്കുന്ന പ്രവണത കാണപ്പെടുന്നതായി റിപ്പോര്‍ട്ട്. ചൈന, യൂറോപ്യന്‍ രാജ്യങ്ങള്‍, അമേരിക്ക എന്നിവിടങ്ങളില്‍ കൊറോണ വൈറസ് ബാധിച്ച രോഗികളിലാണ് ഇത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍ എന്തുകൊണ്ട് ഇത് സംഭവിക്കുന്നു എന്ന കാര്യത്തില്‍ കൃത്യമായ നിഗമനത്തിലെത്താന്‍ ആരോഗ്യ വിദഗ്ധര്‍ക്ക് ഇനിയും സാധിച്ചിട്ടില്ല.

കൊറോണ വൈറസ് ബാധിച്ച രോഗികളുടെ ശരീരത്തിലെ ചില ഭാഗങ്ങളിലെ രക്തക്കുഴലുകളില്‍ രക്തം കട്ട പിടിക്കുകയും ആ ഭാഗത്തേയ്ക്കുള്ള രക്തപ്രവാഹം തടയപ്പെടുകയും ചെയ്യുന്നതായാണ് നിരീക്ഷിക്കപ്പെടുന്നത്. ഗുരുതര ആരോഗ്യസ്ഥിതിയുള്ള രോഗികളില്‍ ഇത്തരം പ്രവണത പൊതുവെ കാണപ്പെടാറുണ്ടെങ്കിലും കോവിഡ് ബാധിച്ച രോഗികളില്‍ ഇതിന്റെ നിരക്ക് വളരെയധികമാണെന്ന് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

ലോസ് ആഞ്ജലിസിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന നാല്‍പ്പത്തൊന്നുകാരനായ രോഗിയുടെ ശരീരത്തില്‍ രക്തപ്രവാഹത്തിന് തടസ്സം നേരിട്ടതിനെ തുടര്‍ന്ന് വലതു കാല് മുറിച്ചു നീക്കേണ്ടി വന്നിരുന്നു. ന്യൂയോര്‍ക്കിലെ ലാങ്‌ഗോണിലും തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലിരുന്ന കോവിഡ് രോഗിയുടെ കൈവിരലുകള്‍ രക്തപ്രവാഹമില്ലാതായ സ്ഥിതിയുണ്ടായി. വിരല്‍ മുറിച്ചുനീക്കുക മാത്രമാണ് പോംവഴിയെന്നാണ് ഡോക്ടര്‍മാരുടെ അഭിപ്രായം.

രക്തയോട്ടം തടയപ്പെടുന്ന അവസ്ഥ കോവിഡ് രോഗിയുടെ ശരീരത്തിന്റെ ഏത് ഭാഗത്തും പ്രത്യക്ഷപ്പെടാം എന്നതാണ് കൂടുതല്‍ മാരകമാക്കുന്നത്. ശ്വാസകോശം, ഹൃദയം, തലച്ചോര്‍ തുടങ്ങിയ ഭാഗങ്ങളില്‍ രക്തം കട്ട പിടിച്ച് രക്തപ്രവാഹം തടയപ്പെടുന്നതു മൂലം മരണം വരെ സംഭവിക്കാമെന്ന് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

നെതര്‍ലാന്‍ഡ്‌സില്‍ 184 കോവിഡ് രോഗികളില്‍ നടത്തിയ പഠനത്തില്‍ 31% രോഗികളിലും ശരീരത്തില്‍ രക്തപ്രവാഹം സംബന്ധിച്ച പ്രശ്‌നങ്ങള്‍ ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്. ശരീരഭാഗം മുറിച്ചു നീക്കുന്നതു പോലുള്ള നടപടികളിലേയ്ക്ക് പോകേണ്ടിവരുന്നില്ലെങ്കിലും ഇത് അസാധാരണമാണെന്ന് ത്രോംബോസിസ് റിസര്‍ച്ച് ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു.

ഇതു സംബന്ധിച്ച് ന്യൂയോര്‍ക്കിലെ പ്രെസ്ബിറ്റേറിയന്‍ ആശുപത്രിയിലെ ഡോ. ബെഹനൂദ് ബിക്‌ദേലിയുടെ നേതൃത്വത്തില്‍ രൂപം നല്‍കിയ ഡോക്ടര്‍മാരുടെ സംഘം നടത്തിയ പഠനം അമേരിക്കന്‍ ജേണലില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇത്തരം കണ്ടെത്തലുകളുടെ പശ്ചാത്തലത്തില്‍ കോവിഡ് 19 രോഗികള്‍ക്ക് മുന്‍കരുതല്‍ നടപടി എന്ന നിലയില്‍ രക്തം കട്ട പിടിക്കാതിരിക്കാന്‍ സഹായിക്കുന്ന മരുന്നുകള്‍ നല്‍കുന്ന കാര്യം പരിഗണിക്കേണ്ടി വരുമെന്ന് ഡോ. ബെഹനൂദ് ബിക്‌ദേലി പറയുന്നു.

എന്തു കൊണ്ടാണ് കോവിഡ് രോഗികളില്‍ ഇത് സംഭവിക്കുന്നത് എന്നത് സംബന്ധിച്ച് വ്യക്തമായ നിഗമനത്തില്‍ എത്തിച്ചേരാന്‍ ഗവേഷകര്‍ക്ക് സാധിച്ചിട്ടില്ല. എന്നാല്‍ ഹൃദയ, ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങള്‍ ഉള്ളവരില്‍ രക്തം കട്ടപിടിക്കുന്ന അവസ്ഥ കൂടുതലായി കാണുന്നുണ്ടെന്ന് അവര്‍ പറയുന്നു. കോവിഡ് രോഗാവസ്ഥ ശരീരത്തിന്റെ പ്രതിരോധ വ്യവസ്ഥയുമായി ബന്ധപ്പെട്ടിരിക്കുന്നതായി വ്യക്തമായിട്ടുണ്ട്. രക്തം കട്ട പിടിക്കുന്ന അവസ്ഥയ്ക്ക് ഇതുമായി ബന്ധമുള്ളതായും ചില ഗവേഷകര്‍ സംശയിക്കുന്നു.

Content Highlights: blood clots in COVID-19 patients

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
poornima indrajith

'ഓക്കേ അല്ലേ..ഇതു പെര്‍ഫെക്റ്റ് ആണ്'; വീട് നിര്‍മാണത്തിനിടെ ഭിത്തി തേച്ച് പൂര്‍ണിമ

May 16, 2022


sabu jacob and pv sreenijan

1 min

കുന്നംകുളത്തിന്റെ മാപ്പുണ്ടോ, ഒരാള്‍ക്ക് കൊടുക്കാനാണ്- സാബുവിനെ പരിഹസിച്ച് ശ്രീനിജിന്‍

May 16, 2022


Ukraine

1 min

യുക്രൈനില്‍നിന്നെത്തിയ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് രാജ്യത്ത് തുടര്‍പഠനം നടത്താനാകില്ല- കേന്ദ്രം

May 17, 2022

More from this section




Most Commented