ജറുസലേം:  ഗാസ നഗരത്തിന്റെ പുനര്‍നിര്‍മാണത്തിന് അമേരിക്ക സഹായം നല്‍കുമെന്ന് യു.എസ് വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കന്‍. രക്തച്ചൊരിച്ചില്‍ ഉണ്ടാകാതിരിക്കാന്‍ അടിയന്തരമായി ദുരിതാശ്വാസ സഹായം എത്തിക്കേണ്ടതുണ്ടെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷം അദ്ദേഹം പറഞ്ഞു. എന്നാല്‍ ഗാസയുടെ നിയന്ത്രണമുള്ള ഹമാസിന് യാതൊരു സഹായവും ലഭിക്കില്ലെന്ന് അമേരിക്ക ഉറപ്പാക്കുമെന്നും ബ്ലിങ്കന്‍ വ്യക്തമാക്കിയിട്ടുണ്ട്.

നിലവിലെ വെടിനിര്‍ത്തല്‍ തുടരുന്ന സാഹചര്യം ഒരുക്കാനാണ് ഗാസയുടെ പുനര്‍നിര്‍മാണത്തിന് യു.എസ് സഹായം നല്‍കുന്നത്. ആക്രമണങ്ങളെ പ്രതിരോധിക്കാനുള്ള ഇസ്രയേലിന്റെ അവകാശത്തെ അമേരിക്ക പിന്തുണയ്ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇസ്രയേലും പലസ്തീനിലെ തീവ്രവാദി സംഘടനകളും തമ്മില്‍ 11 ദിവസമായി നടന്ന ഏറ്റുമുട്ടലിനിടെ 250 ലധികം പേരാണ് കൊല്ലപ്പെട്ടതെന്ന് ബിബിസി റിപ്പോര്‍ട്ടുചെയ്തു. ഗാസയിലാണ് കൂടുതല്‍ മരണങ്ങളും. ഈജിപ്തിന്റെ മധ്യസ്ഥതയില്‍ വെള്ളിയാഴ്ചയാണ് പോരാട്ടം അവസാനിച്ചത്.

അതിനിടെ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി ജറുസലേമില്‍ നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷം അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ മൂന്ന് ദിവസത്തെ മിഡില്‍ ഈസ്റ്റ് സന്ദര്‍ശനത്തിന് തുടക്കം കുറിച്ചു. സമാധാന അന്തരീക്ഷം തകര്‍ത്ത് ഇസ്രയേലിനെതിരെ ആക്രമണം നടത്താന്‍ ഹമാസ് മുതിര്‍ന്നാല്‍ തിരിച്ചടി ശക്തമായിരിക്കുമെന്ന് കൂടിക്കാഴ്ചക്കിടെ നെതന്യാഹു മുന്നറിയിപ്പ് നല്‍കി. റോക്കറ്റ് ആക്രമണങ്ങള്‍ പ്രതിരോധിക്കുന്നതിനുള്ള അയണ്‍ ഡോം മിസൈല്‍ പ്രതിരോധ സംവിധാനത്തിന്റെ പോരായ്മകള്‍ പരിഹരിക്കുന്ന കാര്യവും ചര്‍ച്ചയായി.

വെടിനിര്‍ത്തല്‍ യാഥാര്‍ഥ്യമാക്കാന്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനും പരിശ്രമിച്ചുവെന്ന് ബ്ലിങ്കന്‍ കൂട്ടിച്ചേര്‍ത്തു. പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങളും ഇനി നടത്തേണ്ടതുണ്ടെന്നാണ് അമേരിക്ക കരുതുന്നത്. ആക്രമണങ്ങള്‍ ഇനിയും ഉണ്ടാകാതിരിക്കാന്‍ നിലവിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടാനുള്ള അനുകൂല അന്തരീക്ഷം സൃഷ്ടിക്കേണ്ടതുണ്ട്. പുനര്‍നിര്‍മാണം സംബന്ധിച്ച പ്രഖ്യാപനങ്ങള്‍ ഉടന്‍ ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

Content Highlights: Blinken promises US support to rebuild Gaza