കാബൂള്‍: വ്യാഴാഴ്ച അഫ്ഗാനിസ്താനിലുണ്ടായ സ്ഫോടനത്തില്‍ തലസ്ഥാനമായ കാബൂളിലെ വൈദ്യുതി ലൈനുകള്‍ നശിച്ചു. സ്ഫോടനത്തിന്റെ കാരണം ഇതുവരെ വ്യക്തമല്ല.  വൈദ്യുതബന്ധം തകരാറിലായതോടെ രാജ്യ തലസ്ഥാനം ഇരുട്ടിലായി. അഫ്ഗാനിസ്ഥാന്റെ നിയന്ത്രണം പിടിച്ചെടുത്ത് മാസങ്ങള്‍ക്ക് ശേഷവും രാജ്യത്ത് ഭരണസ്ഥിരത കൈവരിക്കാനുള്ള താലിബാന്റെ ശ്രമങ്ങള്‍ക്ക് കൂടുതല്‍ പ്രഹരമേല്‍പ്പിക്കുന്നതാണ് തുടര്‍ച്ചയായുണ്ടാകുന്ന ഇത്തരം സ്ഫോടനങ്ങള്‍. 

സ്‌ഫോടനത്തിന് പിന്നാലെ കാബൂളിലും മറ്റ് ചില പ്രവിശ്യകളിലും വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെടുകയായിരുന്നു. വൈകുന്നേരം 6:00 മണിയോടെ 4.5 ദശലക്ഷത്തിലധികം ആളുകള്‍ താമസിക്കുന്ന കാബൂള്‍ നഗരം ഇരുട്ടിലായി.

എന്നാല്‍ ഇത് കരുതിക്കൂട്ടിയുള്ള ആക്രമണമാണെങ്കില്‍ മുന്‍ സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ താലിബാന്റെ പയറ്റിയ തന്ത്രങ്ങള്‍ അവര്‍ക്കെതിരേ തന്നെ പ്രയോഗിക്കുകയാണെന്ന് വേണം കരുതാന്‍.

'കുറച്ചുമുമ്പ്, കാബൂള്‍ പ്രവിശ്യയിലെ ഖാല മുറാദ് ബേഗ് പ്രദേശത്ത് നടന്ന സ്ഫോടനത്തില്‍ ഒരു വൈദ്യുത തൂണ്‍ തകര്‍ന്നു. 220 കെവി വൈദ്യുതി ലൈന്‍ തകര്‍ന്നതിനാല്‍ വൈദ്യുത ബന്ധം വിച്ഛേദിക്കപ്പെട്ടു,'- ബ്രേഷ്ന പവര്‍ കമ്പനി ഉപഭോക്താക്കള്‍ക്കയച്ച സന്ദേശത്തിൽ പറഞ്ഞു.

അഫ്ഗാനിസ്താന്‍ പ്രധാനമായും അയല്‍രാജ്യങ്ങളായ ഉസ്ബക്കിസ്താനില്‍ നിന്നും താജിക്കിസ്താനിൽ നിന്നും ഇറക്കുമതി ചെയ്യുന്ന വൈദ്യുതോര്‍ജത്തെയാണ് ആശ്രയിക്കുന്നത്.

യുഎസ് പിന്തുണയുള്ള മുന്‍ സര്‍ക്കാരിനെതിരേ താലിബാന്‍ നടത്തിയ 20 വര്‍ഷത്തെ പോരാട്ടത്തില്‍ പതിവായി വൈദ്യുത സ്‌റ്റേഷനുകള്‍ ആക്രമിക്കുന്നതായിരുന്നു രീതി. ഒരു ആക്രമണമാണ് വൈദ്യുത ബന്ധം തകരാന്‍ കാരണമായതെങ്കില്‍ അവരുടെ തന്ത്രം അവര്‍ക്കു നേരെ തന്നെ എതിരാളികള്‍ പ്രയോഗിക്കുന്നു എന്ന് വേണം കരുതാന്‍. 

Content Highlights: Blast in Kabul leads to a black out in Afghan capital