ന്യൂ മെക്സിക്കോ: ബ്രിട്ടീഷ് ശതകോടീശ്വരനായ റിച്ചാര്‍ഡ് ബ്രാന്‍സണ്‍ ബഹിരാകാശത്തേക്ക് പറന്നു. പ്രാദേശിക സമയം ഇന്ന് രാവിലെ 8:40ന് ആണ് അദ്ദേഹം അമേരിക്കയിലെ ന്യൂ മെക്സിക്കോയില്‍ നിന്ന് യാത്രതിരിച്ചത്. ബഹിരാകാശ ടൂറിസം രംഗത്ത് വലിയ നാഴികല്ലായി തന്റെ യാത്ര മാറും എന്നാണ് ബ്രാന്‍സണ്‍ വിലയിരുത്തുന്നത്. ബ്രാന്‍സണ്‍, രണ്ട് പൈലറ്റുമാര്‍ എന്നിവരുള്‍പ്പെടെ ആറ് യാത്രക്കാരാണ് ബഹിരാകാശത്തേക്ക് പുറപ്പെട്ടത്. റോക്കറ്റ് എഞ്ചിന്‍ വിച്ഛേദിക്കപ്പെടുന്നതിന് പിന്നാലെ യാത്രക്കാര്‍ക്ക് വാഹനത്തിന്റെ 17 ജനാകളിലൂടെ ഭൂമിയുടെ ഗോളാകൃതി കാണുവാനും ഒപ്പം ബഹിരാകാശത്തെ ഭാരമില്ലായ്മ നേരിട്ട് അനുഭവിക്കാനും സാധിക്കും. 80 കിലോമീറ്ററോളം (50 മൈല്‍) ഉയരത്തിലായിരിക്കും ഈ സമയം യാത്രക്കാര്‍. 55 മൈല്‍ ഉയരത്തില്‍ എത്തിയ ശേഷമാണ് മടക്കം.

ബഹിരാകാശത്തേക്ക് പോകുവാന്‍ ഇന്ന് വളരെ നല്ലൊരു ദിവസമാണ് എന്ന അടിക്കുറുപ്പോടെ, തന്റെ സഹയാത്രികരെ കാണുന്നതിനായി സ്പേസ് പോര്‍ട്ടിലേക്ക് എത്തുന്ന വീഡിയോ അദ്ദേഹം പങ്കുവെച്ചിരുന്നു. ആമസോണ്‍ സ്ഥാപകനായ ജെഫ് ബെസോസിന് മുന്‍പ് താന്‍ ബഹിരാകാശത്തേക്ക് പറക്കുമെന്ന് നേരത്തെ തന്നെ ബ്രാന്‍സണ്‍ വ്യക്തമാക്കിയിരുന്നു. മുന്‍പ് സ്പേസ് എക്സ് സ്ഥാപകനായ ഇലോണ്‍ മസ്‌കിനൊപ്പമുള്ള ചിത്രവും ബ്രാന്‍സണ്‍ പങ്കുവെച്ചിരുന്നു. മുന്‍പ് ചില ടൂറിസ്റ്റുകള്‍ അന്താരാഷ്ട്ര സ്പേസ് സ്റ്റേഷനിലേക്ക് യാത്ര ചെയ്തിരുന്നുവെങ്കിലും അത് റഷ്യന്‍ റോക്കറ്റുകളിലായിരുന്നു.

Richard Branson
റിച്ചാര്‍ഡ് ബ്രാന്‍സണ്‍ | Photo - AFP

വിനോദ സഞ്ചാരികളെ ബഹിരാകാശത്തെത്തിക്കുന്ന വെര്‍ജിന്‍ ഗാലക്റ്റിക്കിന്റെ പദ്ധതിയുടെ ഭാഗമാകാന്‍ 600-ലധികം പേര്‍ ഇതുവരെ സന്നദ്ധത അറിയിച്ചിട്ടുണ്ട്. 1.86 കോടി രൂപയാണ് (2.5 ലക്ഷം ഡോളര്‍) സീറ്റ് ഒന്നിന് വില. വിനോദയാത്രാ പദ്ധതിക്കുമുമ്പേ കൂടുതല്‍ പരീക്ഷണപ്പറക്കലുകള്‍ കമ്പനി നടത്തും. താന്‍തന്നെ യാത്ര നടത്തി സുരക്ഷ തെളിയിക്കേണ്ടതുണ്ടെന്ന് ബ്രാന്‍സണ്‍ നേരത്തേ പ്രതികരിച്ചിരുന്നു. കുട്ടിക്കാലം മുതല്‍ തന്നെ ബഹിരാകാശ യാത്ര തന്റെ സ്വപ്നമാണെന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചിരുന്നു. 2004ല്‍ ആണ് അദ്ദേഹം വെര്‍ജിന്‍ ഗാലക്റ്റിക്ക് സ്ഥാപിച്ചത്. ഇന്നത്തേതിന് സമാനമായ രണ്ട് യാത്രകള്‍ കൂടി വെര്‍ജിന്‍ ഗാലക്റ്റിക്കിന്റെ പദ്ധതിയിലുണ്ട്.

2022 മുതല്‍ വാണിജ്യ അടിസ്ഥാനത്തില്‍ ബഹിരാകാശ യാത്ര ആരംഭിക്കാനാണ് കമ്പനിയുടെ പദ്ധതി. അറുപതോളം രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കായി 600ല്‍പ്പരം ടിക്കറ്റുകള്‍ ഇതുവരെ വില്‍പ്പന നടത്തിയിട്ടുണ്ട്. യാത്ര പൂര്‍ത്തിയാക്കി മടങ്ങിയെത്തിയ ശേഷം ഈ മേഖലയിലേക്ക് കൂടുതല്‍ പേരെ ആകര്‍ഷിക്കുന്ന പ്രഖ്യാപനം താന്‍ നടത്തുമെന്നാണ് ബ്രാന്‍സണ്‍ നല്‍കിയിരിക്കുന്ന വാഗ്ദാനം. യാത്ര എട്ട് മൈല്‍ പിന്നിടുമ്പോള്‍ സ്പേസ് പ്ലെയിന്‍ വേര്‍പ്പെടും. റോക്കറ്റ് എഞ്ചിന്‍ ഉപയോഗിച്ചാണ് പിന്നീടുള്ള യാത്ര. ഭൂമിയില്‍ നിന്ന് യാത്ര പുറപ്പെട്ട് ഒരു മണിക്കൂറിനുള്ളില്‍ മടക്കം. ഭൂമിയുടെ ഭ്രമണപഥത്തില്‍ എത്താതെയുള്ള യാത്രയാണ് ഇത്. ഇന്ത്യന്‍ സമയം വൈകുന്നേരം 6:30ന് ആരംഭിക്കേണ്ടിയിരുന്ന യാത്ര പ്രതികൂല കാലാവസ്ഥയെ തുടര്‍ന്നാണ് രാത്രി എട്ട് മണിയിലേക്ക് മാറ്റിയത്.

സംഘത്തില്‍ ഇന്ത്യന്‍ വംശജയും

റിച്ചാര്‍ഡ് ബ്രാന്‍സണ്‍ ഉള്‍പ്പെടെ ആറ് പേര്‍ അടങ്ങുന്ന സംഘത്തില്‍ ഒരാള്‍ ഇന്ത്യന്‍ വംശജയാണ്. ഇന്ത്യന്‍ വംശജയായ ശിരിഷ ബാന്‍ഡ്ലയാണ് സംഘത്തിലുള്ളത്. ആന്ധ്രയിലെ ഗുണ്ടൂരിലാണ് 34കാരിയായ ശിരിഷ ജനിച്ചത്. കല്‍പ്പന ചൗള, സുനിത വില്യംസ് എന്നിവര്‍ക്ക് ശേഷം ബഹിരാകാശ യാത്ര നടത്തുന്ന മൂന്നാമത്തെ ഇന്ത്യന്‍ വംശജയാണ് ശിരിഷ.