വാഷിങ്ടണ്‍: ലോകത്തെ അതിസമ്പന്നനും മൈക്രോസോഫ്റ്റ് സഹ സ്ഥാപകനുമായ ബില്‍ ഗേറ്റ്‌സിന്റെ മകള്‍ ജെന്നിഫര്‍ ഗേറ്റ്‌സിന്റെ വിവാഹം നിശ്ചയിച്ചു. ഈജിപ്ത്യന്‍ ലക്ഷപ്രഭുവും അശ്വാഭ്യാസ താരവുമായ നയേല്‍ നാസറാണ് വരന്‍. ഏറെകാലമായി ഇരുവരും പ്രണയത്തിലായിരുന്നു.

ഇന്‍സ്റ്റാഗ്രാമിലൂടെ ഇരുവരുടെയും ചിത്രങ്ങള്‍ സഹിതം പങ്കുവെച്ച് ജെന്നിഫര്‍ ഗേറ്റ്‌സ് തന്നെയാണ് വിവാഹകാര്യം എല്ലാവരെയും അറിയിച്ചത്. ഇന്‍സ്റ്റാഗ്രാമില്‍ ഇതിനോടകം വൈറലായ ജെന്നിഫറിന്റെ ഈ പോസ്റ്റിന് ഇതുവരെ 48000ത്തോളം ലൈക്കുകളും ആശംസയര്‍പ്പിച്ച് നൂറുകണക്കിന് കമന്റുകളും ലഭിച്ചുകഴിഞ്ഞു. 

ജെന്നിഫറിന്റെ അച്ഛന്‍ ബില്‍ ഗേറ്റ്‌സും അമ്മ മെലിന്‍ഡ ഗേറ്റ്‌സും മകളുടെ പോസ്റ്റിന് താഴെ അഭിനന്ദനമറിയിച്ച് കമന്റ് ചെയ്തിട്ടുണ്ട്. ലോകത്തേ ഏറ്റവും ഭാഗ്യവാന്‍ താനാണെന്ന അടിക്കുറിപ്പോടെ നയേല്‍ നാസറും ഇന്‍സ്റ്റാഗ്രാമിലൂടെ വിവാഹകാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുണ്ട്. 

സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ ഒന്നിച്ചുള്ള പഠനകാലം മുതല്‍ ഇരുവരും പ്രണയത്തിലായിരുന്നു. നയേല്‍ നാസര്‍ അമേരിക്കയിലെ ഷിക്കാഗോയില്‍ ജനിച്ച് കുവൈറ്റില്‍ പഠിച്ച് വളര്‍ന്നയാളാണ്. 2020 ടോക്യോ ഒളിമ്പിക്‌സില്‍ ഈജിപ്തിനെ പ്രതിനിധീകരിച്ച് അശ്വാഭ്യാസത്തില്‍ നാസര്‍ മത്സരിക്കുന്നുമുണ്ട്. നയേലിന് സമാനമായി ജെന്നിഫര്‍ ഗേറ്റ്‌സിനും പ്രൊഫഷണല്‍ അശ്വാഭ്യാസത്തില്‍ ഏറെ താല്‍പര്യമുണ്ട്.

content highlights; Bill Gates's daughter Jennifer engaged to boyfriend Nayel Nassar