വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്‍റ്  ജോ ബൈഡന്‍ താല്‍ക്കാലികമായി പ്രസിഡന്‍റ് സ്ഥാനം വൈസ്‌ പ്രസിഡന്‍റ് കമല ഹാരിസിന് കൈമാറും. ചികിത്സയുടെ ഭാഗമായി അനസ്‌തേഷ്യയ്ക്ക് വിധേയനാകുന്നതിനാലാണ് ബൈഡന്‍ കമല ഹാരിസിന് അധികാരം കൈമാറുന്നത്. ഇതോടെ അല്‍പനേരത്തേക്കെങ്കിലും അമേരിക്കയുടെ ഭരണാധികാരിയാകുന്ന ആദ്യ വനിതയായി കമല ഹാരിസ് മാറും.

അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും പ്രായം കൂടിയ പ്രസിഡന്റായ ബൈഡന്‍ കുടല്‍ സംബന്ധമായ പരിശോധനയായ 
കൊളെനോസ്‌കോപി നടത്താന്‍ വേണ്ടിയാണ് അനസ്‌തേഷ്യക്ക് വിധേയനാകുന്നത്. വാഷിങ്ടണ്‍ നഗരത്തിന് പുറത്തുള്ള വാള്‍ട്ടര്‍ റീഡ് മെഡിക്കല്‍ സെന്ററില്‍ വെച്ചാണ്‌ ബൈഡന്‍ പരിശോധനയ്ക്ക് വിധേയനാകുക.

പ്രസിഡന്റിന് നിലവില്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ ഒന്നും ഇല്ലെന്നും സ്ഥിരം പരിശോധനകളുടെ ഭാഗമായാണ് ആശുപത്രിയില്‍ അഡ്മിറ്റാവുന്നതെന്നും വൈറ്റ്ഹൗസ് വൃത്തങ്ങള്‍ വ്യക്തമാക്കി. ബൈഡന്‍ അന്‌സ്‌തേഷ്യയിലുള്ള സമയത്താകും കമല ഹാരിസ് അമേരിക്കയുടെ പരമാധികാര സ്ഥാനത്തിരിക്കുക. ഈ സമയം അമേരിക്കയുടെ സായുധ സേനയുടെയും ആണവായുധങ്ങളുടെയും നിയന്ത്രണങ്ങള്‍ ഉള്‍പ്പടെയുള്ള അധികാരങ്ങള്‍ കമലയ്ക്കായിരിക്കും.

57 കാരിയായ കമല ഹാരിസാണ് അമേരിക്കയുടെ ചരിത്രത്തിലെ ആദ്യത്തെ വനിത വൈസ് പ്രസിഡന്‍റ്. ഈ സ്ഥാനത്ത് എത്തുന്ന ആദ്യത്തെ ഇന്ത്യന്‍ വംശജയും കമല തന്നെ. നേരത്തെ മുന്‍ പ്രസിഡന്റ് ജോര്‍ജ് ബുഷിന്റെ കാലയളവിലും അമേരിക്കയില്‍ സമാനമായ അധികാര കൈമാറ്റം ഉണ്ടായിരുന്നു. 77 കാരനായ ബൈഡന്റെ ആരോഗ്യസ്ഥിതിയുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങള്‍ തിരഞ്ഞെടുപ്പ് സമയത്തും തുടര്‍ന്നും അമേരിക്കയില്‍ പ്രചരിച്ചിരുന്നു.

Content Highlights: Biden To Transfer Power To Kamala Harris Briefly During A Colonoscopy