ജോ ബൈഡൻ |ഫോട്ടോ:AFP
ന്യൂയോര്‍ക്ക്: കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ ആശങ്കയ്ക്കുള്ള കാരണമാണെങ്കിലും പരിഭ്രാന്തിക്കുള്ള കാരണമല്ലെന്ന് യുഎസ് പ്രസിഡന്റ് ജോ ബെഡന്‍. ആളുകള്‍ വാക്‌സിന്‍ എടുക്കുകയും മാസ്‌ക് ധരിക്കുകയും ചെയ്യുകയാണെങ്കില്‍ ഇപ്പോള്‍ ലോക്ക്ഡൗണിന്റെ ആവശ്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ദക്ഷിണാഫ്രിക്കയില്‍ ആദ്യമായി കണ്ടെത്തിയ ഒമിക്രോണ്‍ വകഭേദം വടക്കേ അമേരിക്കയിലും സ്ഥിരീകരിച്ചതിന് പിന്നാലെയായിരുന്നു ബൈഡന്റെ പ്രതികരണം. ഒമിക്രോണ്‍ ഭീഷണിയുടെ പശ്ചാത്തലത്തില്‍ ഉന്നത ആരോഗ്യ ഉദ്യോഗസ്ഥര്‍ വാക്‌സിന്‍ നിര്‍മാതാക്കളുമായി കൂടിയാലോചനകള്‍ നടത്തിവരുന്നുണ്ടെന്നും ബൈഡന്‍ അറിയിച്ചു.
ഇതിനിടെ യുഎസിന്റെ അയല്‍രാജ്യമായ കാനഡയില്‍ രണ്ടു പേരില്‍ ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചിട്ടുണ്ട്. അടുത്തിടെ നൈജീരിയയില്‍ നിന്നെത്തിയവരാണ് ഇവര്‍. ദക്ഷിണാഫ്രിക്കയ്ക്കും മറ്റ് ഏഴ് രാജ്യങ്ങള്‍ക്കും യുഎസ് ഏര്‍പ്പെടുത്തിയ യാത്രാ വിലക്ക് തിങ്കളാഴ്ച മുതല്‍ പ്രാബല്യത്തില്‍ വന്നു. ആളുകള്‍ക്ക് വാക്‌സിനേഷനുള്ള സമയം അനുവദിക്കുക എന്നതാണ് യാത്രാ നിയന്ത്രണത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് ബൈഡന്‍ പറഞ്ഞു.
നിലവില്‍ ഒമിക്രോണ്‍ വകഭേദം യുഎസില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെങ്കിലും രാജ്യത്ത് ഇതിനോടകം തന്നെ വൈറസ് ഉണ്ടാകാമെന്ന് യുഎസ് മുഖ്യ ആരോഗ്യ ഉപദേഷ്ടാവ് ഡോ. ആന്റണി ഫൗസി മുന്നറിയിപ്പ് നല്‍കി. ഒമിക്രോണ്‍ ആശങ്കകള്‍ ഉയര്‍ത്തുന്ന സാഹചര്യത്തില്‍ യുഎസിലും യുകെയിലും 18 വയസിന് മുകളിലുള്ളവര്‍ക്ക് ബൂസ്റ്റര്‍ ഡോസുകള്‍ വര്‍ധിപ്പിക്കാനുള്ള നടപടികളും തുടങ്ങിയിട്ടുണ്ട്.
ഒമിക്രോണുമായി ബന്ധപ്പെട്ട മരണങ്ങളൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി. ഒമിക്രോണ്‍ മുന്‍കാല വകഭേദങ്ങളേക്കാള്‍ ഗുരുതരമാണോ എന്നകാര്യത്തിലും വാക്സിനുകളുടെ ഫലപ്രാപ്തി സംബന്ധിച്ചും കൂടുതല്‍ ഗവേഷണം ആവശ്യമാണെന്നും ഡബ്ല്യു.എച്ച്.ഒ.കൂട്ടിച്ചേര്‍ത്തു.
പുതിയ വകഭേദമായ ഒമിക്രോണ്‍ ഇന്ത്യയില്‍ ഇതുവരെ ആരിലും സ്ഥിരീകരിച്ചിട്ടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കി. യാത്രാനിയന്ത്രണവും കര്‍ക്കശപരിശോധനകളും ഉള്‍പ്പെടെയുള്ള ജാഗ്രതാ നടപടികള്‍ തുടരുകയാണെന്നും സർക്കാർ അറിയിച്ചു.
ഒമിക്രോണിനെതിരേ എല്ലാവരും അതിജാഗ്രത പുലര്‍ത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി മുന്നറിയിപ്പ് നല്‍കി. ഈ പ്രതിസന്ധിഘട്ടത്തില്‍ എല്ലാവരുടെയും ആരോഗ്യത്തിനാണ് മുന്‍ഗണന. രാജ്യം 100 കോടിയിലധികം കോവിഡ് വാക്‌സിന്‍ ഡോസുകള്‍ നല്‍കി. 150 കോടി വാക്‌സിന്‍ എന്ന നിലയിലേക്ക് അതിവേഗം നീങ്ങുകയാണെന്നും മോദി പറഞ്ഞു.
Content Highlights : US Won't Consider Lockdown over Omicron Threat says President Biden
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..