വാഷിങ്ടണ്‍: പലസ്തീന്‍-ഇസ്രായേല്‍ സംഘര്‍ഷത്തില്‍ യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ മനുഷ്യവകാശ പ്രതിബദ്ധത ചോദ്യം ചെയ്ത് സ്വന്തം പാര്‍ട്ടിയില്‍ നിന്ന് വിമര്‍ശനം. സംഘര്‍ഷത്തില്‍ നിന്ന് പിന്തിരിയാന്‍ ഇസ്രായേലിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നതിന് കൂടുതലെന്തെങ്കിലും ചെയ്യണമെന്നും ഡെമോക്രാറ്റ് പാര്‍ട്ടിയില്‍ നിന്ന് ആവശ്യമുയര്‍ന്നു.

സംഘര്‍ഷത്തില്‍ ഇസ്രായേലിനെ പ്രീണിപ്പിക്കുകയും മനുഷ്യാവകാശങ്ങളെ അവഗണിക്കുകയും ചെയ്ത വൈറ്റ്ഹൗസ് നടപടിക്കെതിരേയും ഡെമോക്രാറ്റുകളുടെ വിമര്‍ശനമുയര്‍ന്നു. 

കിഴക്കന്‍ ജറുസലേമിന്റെ അയല്‍പ്പക്ക പ്രദേശത്ത് നിന്ന് പലസ്തീന്‍ കുടുംബങ്ങളെ ഇസ്രായേല്‍ ആസൂത്രണം ചെയ്ത് കുടിയൊഴിപ്പിക്കുന്നതിനെ ബൈഡന്‍ ശക്തമായി എതിര്‍ക്കുന്നില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.

ഇതിനിടെ ബൈഡന്‍ ഇസ്രായേല്‍ പ്രസിഡന്റ് ബെഞ്ചമിന്‍ നെതന്യാഹുവിനേയും പലസ്തീന്‍ പ്രസിഡന്റ് മഹ്‌മൂദ് അബ്ബാസിനേയും ഫോണിൽ വിളിച്ച് സ്ഥിതിഗതികളിലെ ആശങ്കയറിയിച്ചു. മാധ്യമ സ്ഥാപനങ്ങളുടെ ഓഫീസുകള്‍ സ്ഥിതി ചെയ്തിരുന്ന കെട്ടിടം തകര്‍ത്തതിനെ തുടര്‍ന്ന് മാധ്യമപ്രവര്‍ത്തകരുടെ സുരക്ഷ സംബന്ധിച്ചും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു.

എന്നാല്‍ ഇതിനേക്കാള്‍ കൂടുതല്‍ ഇടപെടലുകള്‍ നടത്തണമെന്നാണ് ഡെമോക്രാറ്റുകള്‍ ആവശ്യപ്പെടുന്നത്. ഇസ്രായേലിന് പ്രതിരോധിക്കാന്‍ അവകാശമുണ്ടെന്ന് ബൈഡന്‍ പ്രസ്താവന ഇറക്കിയതിന് പിന്നാലെയാണ് യുഎസ് ജനപ്രതിനിധി സഭയില്‍ ഡെമോക്രാറ്റ് അംഗങ്ങള്‍ രൂക്ഷ വിമര്‍ശനമുയര്‍ത്തിയത്. പലസ്തീനികള്‍ക്ക് അതിജീവിക്കാന്‍ അവകാശമുണ്ടോയെന്നായിരുന്നു ന്യൂയോര്‍ക്കിനെ പ്രതിനിധീകരിക്കുന്ന ഒരു ഡെമോക്രാറ്റിന്റെ മറുപടി. ട്വിറ്ററിലൂടെയും അംഗങ്ങള്‍ വിമര്‍ശനമുയര്‍ത്തി. മാധ്യമ സ്ഥാപനങ്ങള്‍ക്ക് നേരെയുണ്ടായ ആക്രമണങ്ങള്‍ക്കെതിരെയും അവര്‍ രംഗത്തെത്തി.

ഗാസയില്‍ ഇസ്രായേല്‍ ഇന്ന് നടത്തിയ വ്യോമാക്രമണത്തില്‍ മാത്രം 33 പേര്‍ കൊല്ലപ്പെട്ടു. സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ യുഎന്‍ രക്ഷാസമിതിയും ഇന്ന് ചേരുന്നുണ്ട്. തിങ്കളാഴ്ച ആരംഭിച്ച സംഘര്‍ഷത്തില്‍ ഇതുവരെയായി ഗാസയില്‍ 181 പേരാണ് കൊല്ലപ്പെട്ടത്. ഇതില്‍ 52 കുട്ടികളും 31 സ്ത്രീകളും ഉള്‍പ്പെടുന്നു.  1225 പേര്‍ കൊല്ലപ്പെട്ടതായി ഹമാസ് നിയന്ത്രണത്തിലുള്ള ഗാസ ആരോഗ്യ മന്ത്രാലയം അറിയിച്ചു. അതേ സമയം കൊല്ലപ്പെട്ടവരില്‍ ഡസന്‍ കണക്കിന് ഹമാസ് തീവ്രവാദികളുണ്ടെന്ന് ഇസ്രായേല്‍ പറഞ്ഞു. ഹമാസിന്റെ ആക്രമണത്തില്‍ രണ്ടു കുട്ടികളടക്കം തങ്ങളുടെ പത്ത് പൗരന്‍മാര്‍ കൊല്ലപ്പെട്ടെന്നും ഇസ്രായേല്‍ വ്യക്തമാക്കി.