ന്യൂഡല്‍ഹി: ഭൂട്ടാന്റെ പ്രദേശം കൈയേറി ചൈന ഗ്രാമം സ്ഥാപിച്ചു എന്ന റിപ്പോര്‍ട്ടു നിഷേധിച്ച് ഭൂട്ടാന്‍. ഭൂട്ടാനില്‍ രണ്ടു കിലോ മീറ്റര്‍ ഉള്ളിലായി ചൈന ഒരു ഗ്രാമംസൃഷ്ടിച്ചെന്നായിരുന്നു റിപ്പോര്‍ട്ട്. 

എന്നാല്‍, ഭൂട്ടാനില്‍ ചൈനീസ് ഗ്രാമങ്ങളില്ലെന്ന്‌ ഇന്ത്യയിലെ ഭൂട്ടാന്‍ അംബാസഡര്‍ മേജര്‍ ജനറല്‍ വെട്‌സോപ് നംഗ്യെല്‍ എന്‍ഡിടിവിയോട് പറഞ്ഞു. എന്നാല്‍ അതിര്‍ത്തി വിഷയങ്ങള്‍ സംബന്ധിച്ച് പ്രതികരിക്കാനും അദ്ദേഹം തയ്യാറായില്ല. എന്നാല്‍ ചൈനയും ഭൂട്ടാനും തമ്മില്‍ അതിര്‍ത്തി സംബന്ധമായ ചര്‍ച്ചകള്‍ നടത്തിയിരുന്നുവെന്നും കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നടപടികള്‍ സാവധാനത്തിലായെന്നും അദ്ദേഹം വ്യക്തമാക്കി. 

2017-ല്‍ ഇന്ത്യയുടെയും ചൈനയുടെയും സൈനികര്‍ ദിവസങ്ങളോളം മുഖാമുഖം നിന്ന ഡോക്ലാമിന് ഒമ്പതു കിലോ മീറ്റര്‍ അടുത്തുള്ള ചൈനീസ് ഗ്രാമത്തിന്റെ ചിത്രം ചൈനയുടെ ഔദ്യോഗികമാധ്യമമായ സി.ജി.ടി.എന്നിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ഷെന്‍ ഷിവി വ്യാഴാഴ്ച സാമൂഹിക മാധ്യമത്തില്‍ പോസ്റ്റു ചെയ്തിരുന്നു.

ഡോക്ലാം പ്രദേശത്തിനു സമീപത്തെ പുതിയ കുടിലുകളുടെ ചിത്രം എന്ന തലക്കെട്ട് ട്വീറ്റില്‍നിന്ന് ഏറെ താമസിയാതെ നീക്കുകയും ചെയ്തു. ഭൂട്ടാന്റെ ഭാഗത്ത് രണ്ടു കിലോ മീറ്റര്‍ ഉള്ളിലേക്കുവരെ ചൈനീസ് ഗ്രാമമായ പാംഗ്ഡ വ്യാപിച്ചുകിടക്കുന്നുണ്ട്. ഇന്ത്യയും ഭൂട്ടാനുമായുള്ള അതിര്‍ത്തി ഇല്ലാതാക്കാനുള്ള ചൈനയുടെ ശ്രമമാണിതെന്നാണ് വിലയിരുത്തപ്പെട്ടത്. 

ചൈനീസ് ഗ്രാമവുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടിനെ ഭൂട്ടാന്‍ തളളിയത് വിചിത്രമെന്നും അസത്യമെന്നുമാണ് അന്താരാഷ്ട്ര നിരീക്ഷകനായ നഥാന്‍ റൂസര്‍ അഭിപ്രായപ്പെട്ടത്. 

Content Highlights:Bhutan denies the reports of Chinese village