ജെറുസലേം: ഇസ്രയേലില്‍ ബെഞ്ചമിന്‍ നെതന്യാഹുവിന്റെ നേതൃത്വത്തില്‍ 12 വര്‍ഷമായി തുടരുന്ന ഭരണത്തിന് അന്ത്യം. പുതിയ കൂട്ടുകക്ഷി സര്‍ക്കാരിന് പാര്‍ലമെന്റിന്റെ അംഗീകാരം. തീവ്രദേശീയവാദിയായ നാഫ്തലി ബെനറ്റ് ആണ് പുതിയ പ്രാധാനമന്ത്രി. നെതന്യാഹുവിന്റെ മുന്‍ അനുയായിയും വലതുപക്ഷ പാര്‍ട്ടി യമിനയുടെ നേതാവുമാണ് നാഫ്തലി ബെനറ്റ്.

അടിയന്തിര കെനെസ്സെറ്റ് ചേര്‍ന്നാണ് വിശ്വാസ വോട്ടെടുപ്പ് നടത്തിയത്. നാഫ്തലി ബെനറ്റും മറ്റൊരു പ്രതിപക്ഷ കക്ഷി നേതാവായ യെയിര്‍ ലാപിഡും തമ്മിലുണ്ടാക്കിയ കരാര്‍ പ്രകാരം പ്രധാനമന്ത്രിപദത്തിലെ ആദ്യ ഊഴം നാഫ്തലിക്ക് ആയിരിക്കും. 2023 സെപ്റ്റംബര്‍ വരെ ആയിരിക്കും നാഫ്തലിയുടെ കാലാവധി. അതിനു ശേഷമുള്ള രണ്ടുവര്‍ഷം ലാപിഡ് ഭരിക്കും. 

വിശ്വാസ വോട്ടെടുപ്പിനു മുന്‍പുതന്നെ എല്ലാവര്‍ക്കും നന്ദി പറഞ്ഞുകൊണ്ട് ഫെയ്സ്ബുക്കിലും ട്വിറ്ററിലും നെതന്യാഹു പോസ്റ്റുകള്‍ ഇട്ടിരുന്നു. ഇസ്രയേലിന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കാലം പ്രധാനമന്ത്രി ആയ ആളാണ് നെതന്യാഹു. അധികാരത്തില്‍നിന്ന് പുറത്തുപോകുന്നതോടെ അഴിമതി ഉള്‍പ്പെടെ നിരവധി കേസുകളില്‍ നെതന്യാഹു വിചാരണ നേരിടേണ്ടി വന്നേക്കും.

Content Highlights: Benjamin Netanyahu Ousted, Naftali Bennett Is Israel's New PM