രാജ്യങ്ങളെ കെണിയിലാക്കി വലയിലാക്കുന്ന ചൈനീസ് തന്ത്രം; ബിആർഐയും 'കടക്കെണി നയതന്ത്ര'വും


നന്ദു ശേഖര്‍

പ്രതീകാത്മക ചിത്രം | ചിത്രം: AFP

ലോകത്തിലെ തന്നെ ഏറ്റവും വലിയ സാമ്പത്തികശക്തിയായി വളരുക എന്നതും ലോക നേതൃത്വത്തിലെത്തുക എന്നതുമാണ് ചെെനയുടെ ഏറ്റവും വലിയ സ്വപ്നം. അമേരിക്കയുടെ ആഗോള നേതൃത്വത്തിന് വിരാമമിട്ട് ലോകത്തിലെ ഒന്നാമത്തെ വലിയ സാമ്പത്തിക ശക്തിയായി ഉയരുക എന്ന ലക്ഷ്യം മുന്നിൽ കണ്ടുകൊണ്ടുതന്നെയാണ് ചെെനയുടെ ഓരോ നീക്കവും. ഇത് മുൻനിർത്തി വിഭാവനം ചെയ്ത അവരുടെ ഏറ്റവും വലിയ പദ്ധതികളിലൊന്നാണ് 'ബെൽറ്റ് ആന്റ് റോഡ് ഇനിഷ്യേറ്റീവ്'.

ചെെനയുടെയും പ്രസിഡന്റ് ഷി ജിൻപിങിന്റെയും സ്വപ്ന പദ്ധതിയാണ് ബെൽറ്റ് ആന്റ് റോഡ് പദ്ധതി. രണ്ടാം നൂറ്റാണ്ട് മുതൽ 18-ാം നൂറ്റാണ്ട് വരെ നിലനിന്നിരുന്ന ലോകത്തിലെ ഏറ്റവും പുരാതനമായ വ്യാപാര പാതയായ സിൽക്ക് റോഡ് അഥവാ പട്ടുപാതയുടെ ആധുനിക രൂപമാണ് ബെൽറ്റ് ആൻഡ് റോഡ് ഇനിഷ്യേറ്റീവ് അഥവാ ബിആർഐ.

എന്താണ് ബിആർഐ?

2013-ൽ ചെെനീസ് പ്രസിഡന്റ് ഷീ ജിൻപിങാണ് ബെൽറ്റ് ആൻഡ് റോഡ് പദ്ധതി പ്രഖ്യാപിക്കുന്നത്. ആദ്യം 'ഒരു ബെൽറ്റ്, ഒരു റോഡ്' എന്നായിരുന്നു പദ്ധതി അറിയപ്പെട്ടിരുന്നത്. 2016-ലാണ് ബെൽറ്റ് ആൻഡ് റോഡ് ഇനിഷ്യേറ്റീവ് എന്ന പേര് പദ്ധതിക്ക് ചെെന നൽകുന്നത്. ചൈനയുടെ ചരിത്രത്തിൽ തന്റെ പേര് ഊട്ടിഉറപ്പിക്കുക എന്ന ലക്ഷ്യത്തോടെയുള്ള ഷി ജിൻപിങ്ങിന്റെ മുൻനിര പദ്ധതിയാണിത്.

ചെെനയുടെ ചരിത്രത്തിൽ തന്നെ ഏറ്റവും വലിയ പദ്ധതിയാണ് ബിആർഐ. എഷ്യ, യൂറോപ്പ്, ആഫ്രിക്ക എന്നീ ഭൂഖണ്ഡങ്ങളിലെ നിരവധി രാജ്യങ്ങളെ ചെെനയുമായി ബന്ധിപ്പിക്കുന്ന മെച്ചപ്പെട്ട ഭൂഗർഭ, സമുദ്ര വ്യാപാര മാർഗങ്ങളുടെ ഒരു ശൃംഖലയാണ് ബെൽറ്റ് ആൻഡ് റോഡ് ഇനിഷ്യേറ്റീവ്. ഒരു ട്രില്യൺ ഡോളറാണ് ഈ പദ്ധതിക്കായി അവർ തങ്ങളുടെ ബഡ്ജറ്റിൽ മാറ്റിവെച്ചത്.

Belt and road
ബെൽറ്റ് ആൻഡ് റോഡ് ഇനിഷ്യേറ്റീവ് | ചിത്രം: twitter.com/EIA_News

പല രാജ്യങ്ങളും വളരെ ദർശനാത്മകമായ നിലപാടെന്നായിരുന്നു ഈ പദ്ധതിയെക്കുറിച്ച് അഭിപ്രായപ്പെട്ടതെങ്കിലും പദ്ധതിയുടെ ഭാ​ഗമായി ചെെന നടത്തുന്ന പ്രവർത്തനങ്ങൾക്ക് കടുത്ത വിമർശനങ്ങളും ഉണ്ടായി. ചില രാജ്യങ്ങളിൽ ചൈന പാഴാക്കുന്ന നിക്ഷേപവും ഈ അധികച്ചിലവുകൾ നൽകുന്ന ഭാരവും പരിസ്ഥിതി നാശവുമൊക്കെ ലോകത്തെമ്പാടും കടുത്ത വിമർശങ്ങള്‍ക്ക് ഇടായാക്കുന്നുണ്ട്. ലോകമെമ്പാടുമുള്ള ചെെനയുടെ പല പ്രമുഖ പദ്ധതികളും പാതി പൂർത്തിയായ അവസ്ഥയിൽ നിലച്ചിരിക്കുകയാണിപ്പോള്‍.

ഈ ബൃഹത്തായ ഉദ്യമം ഒന്നുകിൽ ചൈനയെ ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തികശക്തിയാക്കുമെന്നും അല്ലെങ്കിൽ അവരുടെ ഭാവി തന്നെ തകർത്തേക്കാമെന്നുമാണ് രാജ്യത്തിനകത്തും പുറത്തുമുള്ള നിരവധി വിദ​ഗ്ദർ അഭിപ്രായപ്പെടുന്നത്. പദ്ധതിയുടെ നടത്തിപ്പിനായി ഏതറ്റം വരെയും പോകുമെന്ന ചെെനീസ് നിലപാടാണ് ഇത്തരമൊരു സംശയത്തിന് പിന്നിൽ. ബെൽറ്റ് ആന്റ് റോഡ് പദ്ധതിയിൽ രാജ്യങ്ങളെ വരുതിയിൽ നിർത്താനുള്ള ചെെനയുടെ 'കടക്കെണി നയതന്ത്രം' അത്തരമൊരു നടപടിയാണ്.

ഡെറ്റ്-ട്രാപ്പ് ഡിപ്ലൊമസി അഥവാ 'കടക്കെണി നയതന്ത്രം'

രണ്ട് രാജ്യങ്ങൾ തമ്മിലുളള ഉഭയക്ഷി ബന്ധം ചൂഷണംചെയ്ത് ഒരു രാജ്യം മറ്റൊരു രാജ്യത്തിന് തിരിച്ചടക്കാൻ കഴിയാത്ത രീതിയിലുള്ള ഭീമമായ തുക വായ്പകൾ നൽകുന്നു. ഇങ്ങനെ ആ രാജ്യത്തെ തങ്ങളുടെ അധീനതയിലാക്കുന്ന നയതന്ത്ര രീതിയെയാണ് ഡെറ്റ്-ട്രാപ്പ് ഡിപ്ലൊമസി അഥവാ 'കടക്കെണി നയതന്ത്രം' എന്ന് അറിയപ്പെടുന്നത്. ചെെനീസ് കടക്കെണിയെന്നും ഇതിനെ മാധ്യമങ്ങൾ വിശേഷിപ്പിക്കാറുണ്ട്.

'ഡെറ്റ്-ട്രാപ്പ് നയതന്ത്രം' എന്ന പദം ചൈനയുടെ വിമർശകർ ചില വികസ്വര രാജ്യങ്ങളുമായുള്ള ചെെനയുടെ വായ്പാ രീതികൾ വിവരിക്കുന്നതിന് മാത്രമായി ഉപയോ​ഗിക്കുന്ന പദമാണ്. 'കടക്കെണി നയതന്ത്ര'ത്തിന് ഉദാഹരണമായി പറയാവുന്ന ഒന്നാണ് ചെെനയുടെ ശ്രീലങ്കയിലുള്ള ഇടപെടൽ.

Colombo port
പ്രതീകാത്മക ചിത്രം | ചിത്രം: AFP

ശ്രീലങ്കയുടെയും മോണ്ടിനെഗ്രോയുടെയും അനുഭവം

ശ്രീലങ്കയുടെ പ്രസിഡന്റായിരുന്ന മഹീന്ദ രാജപക്സെ രാജ്യത്ത് നടന്നിരുന്ന തുറമുഖ പദ്ധതിയുടെ നിർമാണത്തിന് സഹായമഭ്യർത്ഥിച്ച് വായ്പകൾക്കും മറ്റുമായി സുഹൃദ് രാജ്യമായ ചെെനയെ സമീപിക്കുന്നു. ഓരോ തവണയും ചൈന അനുകൂലമായി മാത്രം പ്രതികരിച്ചു. തുറമുഖം പ്രവർത്തിക്കില്ലെന്ന് സാധ്യതാ പഠനങ്ങളൊക്കെ മുന്നറിയിപ്പ് നല്‍കിയെങ്കിലും ചെെന ശ്രീലങ്കയ്ക്ക് വായ്പകൾ നൽകിക്കൊണ്ടിരുന്നു. രാജപക്സെയുടെ കീഴിൽ ശ്രീലങ്കയുടെ കടം റോക്കറ്റുപോലെ കുതിക്കുമ്പോഴായിരുന്നു ഇത്. ഇന്ത്യ ഉൾപ്പടെയുള്ള രാജ്യങ്ങൾ സഹായിക്കാനാകില്ലെന്ന നിലപാടെടുത്തു.

ബീജിങ്ങിലെ സർക്കാർ ഉടമസ്ഥതയിലുള്ള 'ചൈന ഹാർബർ എഞ്ചിനീയറിങ്' കമ്പനിയുമായി ചേർന്നുള്ള, വർഷങ്ങളോളം നീണ്ട നിർമ്മാണ പ്രവർത്തനങ്ങള്‍ക്കു ശേഷം പ്രവർത്തനമാരംഭിച്ച ഹംബന്തോട്ട തുറമുഖ വികസന പദ്ധതി വിദ​ഗ്ദർ പ്രവചിച്ചതുപോലെതന്നെ വലിയ പരാജയമായി മാറുകയായിരുന്നു. പതിനായിരക്കണക്കിന് കപ്പലുകൾ കടന്നുപോകുന്ന കപ്പൽ പാതകളുള്ള മേഖലയിൽ ഹംബന്തോട്ട തുറമുഖത്തിലേക്ക് 2012-ൽ ആകെ എത്തിയത് 34 കപ്പലുകൾ മാത്രമായിരുന്നു.

പദ്ധതിയുടെ പരാജയത്തോടെ ചെെനയിൽ നിന്ന് എടുത്ത വായ്പകൾ തിരിച്ചടയ്ക്കാൻ പറ്റാത്ത അവസ്ഥയിലേക്ക് ശ്രീലങ്ക എത്തി. 2015-ൽ രാജപക്‌സെ തിരഞ്ഞെടുപ്പ് പരാജയത്തെത്തുടർന്ന് അധികാരമൊഴിഞ്ഞു. ശ്രീലങ്കയിൽ പുതിയ സർക്കാരും അധികാരമേറ്റു. എന്നാൽ ശ്രീലങ്കയിലെ പുതിയ സർക്കാർ രാജപക്‌സെ എടുത്ത കടം അടയ്ക്കാൻ പാടുപെട്ടു. ചൈനക്കാരുമായി മാസങ്ങൾ നീണ്ട ചർച്ചകൾക്കുശേഷം കടുത്ത സമ്മർദ്ദത്തെ തുടർന്ന് 99 വർഷത്തേക്ക് തുറമുഖവും 15,000 ഏക്കർ ഭൂമിയും ശ്രീലങ്കൻ സർക്കാർ ചെെനയ്ക്ക് കൈമാറി. അങ്ങനെ തന്തപ്രധാനമായ മേഖലയിലുള്ള ആ തുറമുഖം ചൈനയുടേതായി മാറുകയായിരുന്നു. ഇന്ത്യ ഉൾപ്പടെയുള്ള രാജ്യങ്ങൾക്ക് വലിയ തലവേദനയാണ് ഇത് സൃഷ്ടിച്ചത്.

Construction
പ്രതീകാത്മക ചിത്രം | ചിത്രം: AFP

മറ്റൊരു ഉ​ദാഹരണം തെക്കൻ യൂറോപ്യൻ രാജ്യമായ മോണ്ടിനെഗ്രോ ആണ്. 2014-ൽ 944 മില്യൺ ഡോളറാണ് ഒരു ഹൈവേ നിർമ്മിക്കാനായി മോണ്ടിനെഗ്രോയ്ക്ക് ചൈന വായ്പ നൽകിയത്. മോണ്ടെനെഗ്രോ തിരിച്ചടവിൽ വീഴ്ച വരുത്തിയാൽ മോണ്ടെനെഗ്രിൻ ഭൂമി ജാമ്യവസ്തുവായി കണക്കാക്കി ചെെനയ്ക്ക് പൂർണമായ നിർമാണപ്രവർത്തനങ്ങളിലും മറ്റും ഏർപ്പെടാനുമുള്ള അവകാശം കരാർ വ്യവസ്ഥയിൽ പറയുന്നു. തിരിച്ചടയ്ക്കാനാകാത്ത സാഹചര്യത്തിൽ സ്വത്തുക്കൾ പിടിച്ചെടുക്കാനുള്ള വ്യവസ്ഥതന്നെയാണ് ഇത് എന്നതാണ് സത്യം.

ചൈനയ്ക്ക് യൂറോപ്പിലേക്ക് നേരിട്ട് പ്രവേശനം നൽകുമെന്നതാണ് ഇതിന്റെ പ്രത്യേകത. ഏതെങ്കിലും നിയമപരമായ തർക്കമുണ്ടെങ്കിൽ ചൈനയിലെ തന്നെ ഒരു കോടതിക്ക് കീഴിൽ മാത്രമേ കേസ് നടത്താൻ സാധിക്കുകയുള്ളുവെന്നും കരാർ വ്യവസ്ഥ ചെയ്യുന്നു. നിലവിൽ, മോണ്ടെനെഗ്രോയുടെ കടം അതിന്റെ ജിഡിപിയുടെ 97 ശതമാനത്തിലധികമാണ്. അതിന്റെ അഞ്ചിലൊന്നും ചെെനയ്ക്ക് നൽകാനുള്ളതാണ്. 2021 ജൂലായിൽ വായ്പ തിരിച്ചടവിന്റെ ആദ്യ ​ഗഡുവായ 33 മില്യൺ ഡോളർ നൽകാനായെങ്കിലും വരുംവർഷങ്ങളിൽ ഇത് തുടരാനാകുമോ എന്നുള്ള നിരവധി മാനങ്ങളുള്ള ചോദ്യമാണ്.

ബിആർഐ എന്ന 'കടക്കെണി നയതന്ത്രം'

ചൈനയുടെ 'കടക്കെണി നയതന്ത്രം' വെറും മാധ്യമങ്ങളുടെ സൃഷ്ടി മാത്രമല്ല എത്തതിന്റെ ഉത്തമ ഉ​ദാഹരണമാണ് ഈ രണ്ട് സംഭവങ്ങൾ. ഇതുപോലെ നിരവധി രാജ്യങ്ങളാണ് ഇപ്പോൾ ചെെനയുടെ കടക്കെണി ഭീഷണിയിലുള്ളത്. പല രാജ്യങ്ങളിലും കടക്കെണി നയതന്ത്രം പരോക്ഷമായാണ് ചെെന നടപ്പിലാക്കുന്നതെങ്കിലും ചില രാജ്യങ്ങളിൽ അത് വളരെ പ്രകടമാണ്. ഇത് ചെെനയുടെ സ്വപ്ന പദ്ധതിയായ ബെൽറ്റ് ആൻഡ് റോഡ് ഇനിഷ്യേറ്റീവുമായി ഇഴചേർന്നുകിടക്കുന്നു.

2013-ൽ പദ്ധതി പ്രഖ്യാപിച്ചതിനു ശേഷം ഏകദേശം 163 രാജ്യങ്ങളിൽ റോഡ്, പാലങ്ങൾ, തുറമുഖങ്ങൾ, ആശുപത്രികൾ എന്നിവ നിർമ്മിക്കുന്നതിനായി ചൈന 843 ബില്യൺ ഡോളറിലധികം നിക്ഷേപിച്ചിട്ടുള്ളതായാണ് പല രാജ്യാന്തര മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഈ രീതിയിലാണ് മുന്നോട്ട് പോകുന്നതെങ്കിൽ വരും വർഷങ്ങളിൽ എന്തായാലും ചെെന കൂടുതൽ ആർജവത്തോടെ 'കടക്കെണി നയതന്ത്രം' നടപ്പിലാക്കുകയും ലോകത്തിന്റെ തന്ത്രപ്രധാന ഭാഗങ്ങളായി കരുതുന്ന മേഖലകൾ പിടിച്ചെടുക്കുകയും സ്വാധീനമുറപ്പിക്കുകയും ചെയ്യുന്നത് നമുക്ക് കാണേണ്ടിവന്നേക്കും.

Content Highlights: Belt road initiative and chinas debt trap diplomacy how china traps developing countries

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
ma baby pamplany

2 min

'മാര്‍പാപ്പ പറയുന്നത് 300 രൂപ തരുന്നവരുടെ കൂടെനില്‍ക്കാനല്ല'; തലശ്ശേരി ബിഷപ്പിനെതിരെ എം.എ. ബേബി

Mar 21, 2023


താമരശ്ശേരി ബിഷപ്പ് റെമിജിയോസ് ഇഞ്ചനാനിയില്‍

1 min

സിപിഎമ്മും കോൺഗ്രസും അവഗണിച്ചു; മാർ പാംപ്ലാനിയെ പിന്തുണച്ച് താമരശ്ശേരി ബിഷപ്പ്, പിണറായിക്ക് വിമർശം

Mar 20, 2023


ജോസഫ് പാംപ്ലാനി

2 min

'റബ്ബറിന്റെ വില എം.വി ഗോവിന്ദനു നിസാരമായിരിക്കും,BJP കര്‍ഷകരെ സഹായിച്ചാല്‍ അവര്‍ക്കൊപ്പം നില്‍ക്കും'

Mar 19, 2023

Most Commented