ബ്രസ്സല്‍സ്: ഓണ്‍ലൈന്‍ ലേലത്തില്‍ ഒരു പ്രാവിന് ലഭിച്ചത് 1.6 ദശലക്ഷം യൂറോ (ഏകദേശം 14 കോടി 15 ലക്ഷത്തിലധികം രൂപ).ന്യൂ കിം എന്ന പെണ്‍ പ്രാവിനാണ് ഇത്രയും തുക ലഭിച്ചത്. ഇതോടെ ലോകത്ത് ഏറ്റവുമധികം തുകയ്ക്ക് വിറ്റുപോയ പ്രാവായി ന്യൂ കിം. 

പേര് വെളിപ്പെടുത്താത്ത ചൈനീസ് പൗരനാണ് പ്രാവിനെ വാങ്ങിയതെന്ന് ഓണ്‍ലൈന്‍ ലേലവ്യാപാരസംഘാടകരായ പീജിയന്‍ പാരഡൈസ് വ്യക്തമാക്കി. കഴിഞ്ഞ കൊല്ലം 1.25 ദശലക്ഷം യൂറോയ്ക്ക് വിറ്റു പോയ ആണ്‍പ്രാവിന്റെ റെക്കോഡാണ് ഈ വില്‍പനയിലൂടെ തകര്‍ന്നതെന്ന് പിഐപിഎ ചെയര്‍മാന്‍ നിക്കോളാസ് ഗൈസല്‍ബ്രെച്ച് പറഞ്ഞു.

വെറും 200 യൂറോയ്ക്കാണ് ന്യൂ കിമ്മിന്റെ ലേലം ആരംഭിച്ചത്. വിവിധ പറക്കല്‍ പന്തയങ്ങളിലെ ചാമ്പ്യനാണ് ന്യൂ കിം. രണ്ട് വയസ് പ്രായമുള്ള കിമ്മിനെ ബ്രീഡ് ചെയ്യുന്നതിനാണ് ചെനീസ് സ്വദേശി വാങ്ങിയതെന്ന് പിഐപിഎ അറിയിച്ചു. 

ചൈനയിലെ പറക്കല്‍ പന്തയങ്ങളില്‍  യൂറോപ്പില്‍ നിന്നുള്ള പക്ഷികളാണ് ഏറെയും വിജയികളാവാറുള്ളത്. ഇത്തരം പന്തയങ്ങള്‍ക്കുള്ള സമ്മാനത്തുക വലുതായതിനാല്‍ യൂറോപ്പില്‍ നിന്നുള്ള പക്ഷികള്‍ക്ക് ആവശ്യക്കാര്‍ അധികമാണ്. ഗള്‍ഫ്-ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്ന് പക്ഷികള്‍ക്ക് ആവശ്യക്കാര്‍ അധികമായതിനാലാണ് വില്‍പനത്തുക വര്‍ധിക്കുന്നതെന്ന് ഓണ്‍ലൈന്‍ വ്യാപാരികള്‍ പറയുന്നു. 

പന്തയത്തില്‍ പങ്കെടുക്കുന്ന പക്ഷികള്‍ക്ക് നൂറ് കണക്കിന് കിലോമീറ്റര്‍ പറക്കാനുള്ള കഴിവുണ്ട്. കൂടാതെ സ്വന്തമിടങ്ങളിലേക്ക് മടങ്ങിയെത്താനും ഇവയ്ക്കാവും. ആന്റ് റെപ്പിന് സമീപത്തുള്ള ഗാസ്റ്റണും മകന്‍ കുര്‍ട്ട് വാന്‍ ഡി വൗവറുമാണ് ന്യൂ കിമ്മിന്റെ പരിശീലകര്‍. ഞായറാഴ്ച നടന്ന ഓണ്‍ലൈന്‍ വില്‍പനയില്‍ ഇവരുടെ മുഴുവന്‍ പക്ഷികളെയും വിറ്റിരുന്നു.

Content Highlights: Belgian Racing Pigeon "New Kim" Sold For Record 1.9 Million Dollars