കീവിൽ റഷ്യൻസൈനികരുമായുണ്ടായ ഏറ്റുമുട്ടലിനുശേഷം പൊട്ടാത്ത ഷെല്ലുകൾ ശേഖരിക്കുന്ന യുക്രൈൻ പട്ടാളക്കാർ
കീവ്: റഷ്യക്ക് ഒപ്പം ചേര്‍ന്ന് യുക്രൈനെ ആക്രമിക്കാന്‍ ബെലാറുസ് സേനയും. റഷ്ന്‍ അധിനിവേശത്തിന് ഒപ്പം തിങ്കളാഴ്ച മുതല്‍ ബെലാറുസും പങ്കാളികളാകുമെന്ന് വൈറ്റ് ഹൗസ് വെളിപ്പെടുത്തിയതായി വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. സേനയെ വിന്യസിക്കാന്‍ ബെലാറുസ് തീരുമാനിച്ചു. ഈ മാസം ആദ്യം റഷ്യക്ക് ഒപ്പം സംയുക്ത സൈനിക അഭ്യാസത്തില്‍ ബെലാറുസ് പങ്കാളികളായിരുന്നു. റഷ്യക്ക് യുക്രൈനെ ആക്രമിക്കാന്‍ പുറത്ത് നിന്നുള്ള സഹായമാണ് ഇതുവരെ ബെലാറുസ് ചെയ്തിരുന്നത്.
നേരിട്ട് യുദ്ധത്തില്‍ പങ്കെടുത്ത് റഷ്യയെ സഹായിക്കാന്‍ യുക്രൈനില്‍ തങ്ങളുടെ സേനയെ ബെലാറുസ് വിന്യസിക്കും. നിലവില്‍ യുക്രൈന്‍ തലസ്ഥാനമായ കീവ് റഷ്യന്‍ സേന പൂര്‍ണമായും വളഞ്ഞ് കഴിഞ്ഞു. ഇവിടേക്ക് ബെലാറുസിന്റെ പാരാട്രൂപ്പേഴ്‌സിനെ അയക്കാനാണ് തീരുമാനം. റഷ്യയുടെ സഖ്യകക്ഷിയായ ബെലാറുസ് യുക്രൈനിന്റെ വടക്കന്‍ അതിര്‍ത്തി പങ്കിടുന്ന രാജ്യമാണ്. അതേസയം റഷ്യക്കൊപ്പം ചേര്‍ന്ന് തങ്ങളുടെ രാജ്യത്തെ ആക്രമിക്കില്ലെന്ന് ബെലാറുസ് നേരത്തെ ഉറപ്പ് നല്‍കിയിരുന്നു.
ബെലാറുസ് സേന ഒരിക്കലും യുദ്ധത്തിന്റെ ഭാഗമാകില്ലെന്ന് പ്രസിഡന്റ് അലക്‌സാണ്ടര്‍ ലൂക്കാഷെങ്കോ തനിക്ക് ഫോണ്‍ സംഭാഷണത്തില്‍ ഉറപ്പ് നല്‍കിയിരുന്നുവെന്ന് യുക്രൈന്‍ പ്രസിഡന്റ് വ്‌ലോദിമിര്‍ സെലന്‍സ്‌കി കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ ഈ ഉറപ്പ് വെറും പാഴ്വാക്കാകുകയാണെന്നാണ് പുതിയ നീക്കത്തില്‍ നിന്ന് മനസ്സിലാക്കാന്‍ കഴിയുന്നത്.യുക്രൈനുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് അറിയിച്ച് പുതിന്‍ തന്റെ സംഘത്തെ കഴിഞ്ഞ ദിവസം ബെലാറുസിലേക്ക് അയച്ചിരുന്നു. എന്നാല്‍ ബെലാറുസില്‍ ചര്‍ച്ചയ്ക്ക് തയ്യാറല്ലെന്നാണ് യുക്രൈന്‍ ആദ്യം അറിയിച്ചത്.
പിന്നീട് നിലപാട് മയപ്പെടുത്തിയ സെലന്‍സ്‌കി ബെലാറുസ് അതിര്‍ത്തിയില്‍ വെച്ച് ചര്‍ച്ചയാകാമെന്ന് സമ്മതിച്ചു. ചര്‍ച്ചയ്ക്ക് ഉപാധികളൊന്നും മുന്നോട്ട് വയ്ക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. യുക്രൈനിലേക്ക് മിസൈല്‍ വരാത്ത ഏതേ രാജ്യത്തെ വെച്ച് ചര്‍ച്ച ചെയ്യാനും തയ്യാറാണെന്നും പക്ഷേ ആദ്യം റഷ്യ ഇപ്പോള്‍ യുക്രൈനില്‍ നടത്തുന്ന ആക്രമണം നിര്‍ത്തണം എന്ന് മാത്രമാണ് യുക്രൈന് ആവശ്യപ്പെടാനുള്ളതെന്നും സെലന്‍സ്‌കി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
Content Highlights: belarus to join russia in attacking ukraine
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..