File Photo: PTI
ദാവോസ്: ഗോതമ്പ് കയറ്റുമതിക്ക് നിരോധനം ഏര്‍പ്പെടുത്തിയ ഇന്ത്യയുടെ നടപടി പുനഃപരിശോധിക്കണമെന്ന് അന്താരാഷ്ട്ര നാണയ നിധി (ഐ.എം.എഫ്.) മേധാവി ക്രിസ്റ്റലീന ജോര്‍ജിയേവ. അന്താരാഷ്ട്ര ഭക്ഷ്യസുരക്ഷയിലും ആഗോള സന്തുലനത്തിലും ഇന്ത്യ സുപ്രധാന പങ്കുവഹിക്കുന്ന സാഹചര്യത്തില്‍ ഇക്കാര്യം പരിഗണിക്കണമെന്ന് ഇന്ത്യയോട് അപേക്ഷിക്കുകയാണെന്നും അവര്‍ പറഞ്ഞു.
135 കോടി ജനങ്ങള്‍ക്ക് ഭക്ഷണം നല്കേണ്ടതുണ്ടെന്ന കാര്യവും ഉഷ്ണതരംഗം കാര്ഷികോല്പാദനത്തില് കുറവുണ്ടാക്കിയിട്ടുണ്ടെന്ന വസ്തുതയും ഇരിക്കെത്തന്നെ ഇന്ത്യയോട് അപേക്ഷിക്കുകയാണ്, കൂടുതല്‍ കൂടുതല്‍ രാജ്യങ്ങള്‍ കയറ്റുമതിയില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്ന സാഹചര്യത്തില്‍ ഇന്ത്യ തീരുമാനം പുനഃപരിശോധിക്കണം. അല്ലെങ്കില്‍, പ്രതിസന്ധിയെ നേരിടാന്‍ സജ്ജരല്ലാത്ത ആഗോളസമൂഹം പ്രതിസന്ധിയിലാകും- ക്രിസ്റ്റലീന ജോര്‍ജിയേവ പറഞ്ഞു.
യുക്രൈന്, റഷ്യ എന്നീ രാജ്യങ്ങളില്‍നിന്നുള്ള ഗോതമ്പ് കയറ്റുമതിയെ യുദ്ധം ഗുരുതരമായ വിധത്തില്‍ ബാധിച്ചു. ഇന്ത്യയ്ക്ക് എത്രത്തോളം ഗോതമ്പ് നല്‍കാനാവും എന്നത്, ക്ഷാമം കൂടുതലായി ബാധിക്കുന്ന ഈജിപ്ത്, ലെബനന് പോലുള്ള രാജ്യങ്ങളെ സംബന്ധിച്ച് സുപ്രധാനമായിരിക്കും. പട്ടിണി മാത്രമല്ല, സാമൂഹ്യപ്രശ്നങ്ങള്‍ക്കും ആഗോള അസ്ഥിരതയ്ക്കും ധാന്യലഭ്യതക്കുറവ് കാരണമാകുമെന്നും അവര്‍ ചൂണ്ടിക്കാട്ടി.
മേയ് 13 മുതലാണ് ഇന്ത്യ ഗോതമ്പ് കയറ്റുമതിക്ക് നിരോധനം ഏര്‍പ്പെടുത്തിയത്. ഇന്ത്യ കയറ്റുമതി ചെയ്യുന്ന ഗോതമ്പ്, ചില രാജ്യങ്ങള്‍ വാങ്ങിക്കൂട്ടി പൂഴ്ത്തിവെക്കുകയാണെന്നും ഇത് ആഭ്യന്തര വിപണിയില്‍ ഗോതമ്പ്, ആട്ട എന്നിവയുടെ വിലകുതിച്ചുയരാന്‍ കാരണമാകുമെന്നും ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. റഷ്യ-യുക്രൈന് യുദ്ധവും പ്രതികൂല കാലാവസ്ഥയും ആഗോളതലത്തില്‍ ഗോതമ്പുത്പാദനത്തെ ബാധിച്ച സാഹചര്യത്തിലായിരുന്നു നടപടി.
ഫെബ്രുവരിയില്‍ യുദ്ധം ആരംഭിച്ചപ്പോള്‍ ഗോതമ്പ് ലഭ്യത കുറഞ്ഞതോടെ ലോകത്തെ രണ്ടാമത്തെ വലിയ ഗോതമ്പുത്പാദകരായ ഇന്ത്യയെ ലോകരാഷ്ട്രങ്ങള്‍ കൂടുതല്‍ ആശ്രയിച്ചിരുന്നു. ചൈനയാണ് ഗോതമ്പുത്പാദനത്തില്‍ മുന്നിലുള്ളത്. പ്രധാന ഗോതമ്പ് ഉത്പാദകരായ റഷ്യയും യുക്രൈനും യുദ്ധത്തിലായത് ആഗോളതലത്തില്‍ ലഭ്യത കുറയാന്‍ കാരണമായി. അതോടെ ഇന്ത്യയില്‍നിന്നുള്ള കയറ്റുമതി വന്‍തോതില്‍ ഉയര്‍ന്നിരുന്നു.
കൂടാതെ, ഗോതമ്പുത്പാദനം പ്രധാനമായി നടക്കുന്ന വടക്ക്, വടക്ക്-പടിഞ്ഞാറന്‍ മേഖലയില്‍ ചൂട് കൂടുന്നത് ഇക്കൊല്ലത്തെ വിളവ് കുറയാന്‍ കാരണമായി. പിന്നാലെ രാജ്യത്ത് ഗോതമ്പിന്റെയും ആട്ടയുടെയും വില വന്‍തോതില്‍ ഉയര്‍ന്നു. കേരളമുള്‍പ്പെടുന്ന തെക്കന്‍ മേഖലയില്‍ ഒരു വര്‍ഷത്തിനിടെ ആട്ടയുടെ വില 33 ശതമാനമാണ് വര്‍ധിച്ചത്. മറ്റു മേഖലകളിലും വില പത്തുശതമാനത്തോളം വര്‍ധിച്ചതായും ഭക്ഷ്യമന്ത്രാലയത്തിന്റെ പഠനം പറയുന്നു.
ഗോതമ്പ് കയറ്റുമതിയില്‍ നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും ഉത്തരവിനുമുമ്പ് ഏര്‍പ്പെട്ട പ്രധാന കയറ്റുമതി കരാറുകള്‍ നടപ്പാക്കുന്നുണ്ട്. ആവശ്യം വരുകയാണെങ്കില്‍ അയല്‍രാജ്യങ്ങള്‍ക്കും ഭക്ഷ്യസുരക്ഷാവെല്ലുവിളി നേരിടുന്ന മറ്റ് രാജ്യങ്ങള്‍ക്കും ഗോതമ്പ് തുടര്‍ന്നും കയറ്റുമതി ചെയ്യുമെന്നും ഇന്ത്യ വ്യക്തമാക്കിയിരുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..