'കാലങ്ങളായുള്ള കാത്തിരിപ്പിന് ശേഷം ആ വാന്‍ തട്ടിയെടുത്ത് പോകുന്നതു പോലെയാണ് ആ ചിരി...' എന്നാണ് പ്രദേശത്തെ ചപ്പുചവറുകള്‍ ശേഖരിച്ച് കൊണ്ടു പോകുന്ന വാഹനത്തിന്റെ മുകളില്‍ കയറി യാത്ര ചെയ്ത കരടിയുടെ ചിത്രത്തിന് താഴെ ഒരാളുടെ കമന്റ്. പെന്‍സില്‍വാനിയയിലെ കിഡ്ഡര്‍ ടൗണ്‍ഷിപ്പ് പോലീസാണ് 'പരാതി നല്‍കാനായി വണ്ടി കയറി സ്റ്റേഷനിലെത്തിയ' കരടിയുടെ ചിത്രങ്ങള്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തത്.  

മാലിന്യങ്ങളുടെ അളവ് കുറഞ്ഞതിനാല്‍ മറ്റെവിടെയോ കൂടുതല്‍ കിട്ടാനിടയുണ്ടെന്ന് കരുതിയാവണം കരടി വാനില്‍ കയറിയതെന്നും ഈയിടെയായി കരടികളുടെ പരാതി അധികമായിട്ടുണ്ടെന്നും പോലീസുദ്യോഗസ്ഥനായ വിന്‍സെന്റ് മുറോ ഹാസ്യരൂപേണ പറഞ്ഞു. പ്രദേശത്ത് കരടികളുടെ സാന്നിധ്യം കൂടിയതിനെ സൂചിപ്പിച്ചായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. 

കിഡ്ഡര്‍ ടൗണ്‍ഷിപ്പ് പോലീസ് വകുപ്പ് പോസ്റ്റ് ചെയ്ത വാനിന്റെ മുകളില്‍ യാത്ര ചെയ്യുന്ന കരടിയുടെ ചിത്രങ്ങള്‍ വൈറലാവുക മാത്രമല്ല ആയിരക്കണക്കിനാളുകളാണ്‌ പോസ്റ്റിനോട് പ്രതികരിച്ചത്. പോസ്റ്റ് ചെയ്ത ചിത്രങ്ങളുടെ ഹൈലറ്റ് ചിരിക്കുന്ന പോലെയുള്ള കരടിയുടെ ഭാവമാണ്. കമന്റുകളേറെയും ചിരിയെ കുറിച്ചാണ്. അതാണ് പോസ്റ്റ് വൈറലാവാനുള്ള പ്രധാന കാരണം. 14,000 ലധികം പേരാണ് പോസ്റ്റ് ഷെയര്‍ ചെയ്തത്.

Bear Complaint this morning. He managed to come right to the police station on the garbage truck...

Posted by Kidder Township Police on Wednesday, September 30, 2020

 

മാലിന്യം നീക്കം ചെയ്യുന്ന കമ്പനി ചിരിക്കുന്ന കരടിയുടെ ചിത്രം ലോഗോയാക്കണമെന്നും കരടി വലിയ സന്തുഷ്ടനാണെന്നും തുടങ്ങി അതിരസകരമായ കമന്റുകളാണ് പോസ്റ്റിന് ലഭിച്ചത്. എങ്ങനെയാണ് കരടി വാനിന്റെ മുകളില്‍ കയറിക്കൂടിയതെന്നറിയില്ലെങ്കിലും ഒരു മരത്തിന് സമീപം നിര്‍ത്തിക്കൊടുത്തതോടെ കരടി മരത്തിലൂടെ വാനിന്റെ മുകളില്‍ നിന്ന് സുരക്ഷിതമായി നിലത്തിറങ്ങിയതായി പോലീസ് അറിയിച്ചു. 

 

Content Highlights: Bear Rides To Police Station On Garbage Truck  Pics Are Viral