ലണ്ടന്‍: ലോക്ക്ഡൗണ്‍ കാലത്ത് സൂം മീറ്റിങ്ങുകളിലും ഇന്റര്‍വ്യൂകളിലും പാന്റ്‌സ് ധരിക്കാത്ത അവതാരകരുടേയും അതിഥികളുടേയും ചില താരങ്ങളുടേയും ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. എന്നാലിപ്പോള്‍. പാന്റ്‌സ് ധരിക്കാതെ, ഷോട്‌സ് ധരിച്ച് വാര്‍ത്ത വായിക്കുന്ന ഒരു വാര്‍ത്താ അവതാരകനാണ് സമൂഹമാധ്യമങ്ങളിലെ സംസാര വിഷയം. ബിബിസി വാര്‍ത്താ ആവതാരകനായ ഷോണ്‍ ലെ ഷോര്‍ട്ട്‌സ് ധരിച്ച് തത്സമയ ടെലിവിഷന്‍ പരിപാടിയില്‍ പങ്കെടുക്കുന്ന ദൃശ്യങ്ങള്‍ ഇപ്പോള്‍ വൈറലാണ്. 

അവതാരകനായ ഷോണ്‍ ലെ ജാക്കറ്റും ടൈയും ധരിച്ചിട്ടുണ്ടെങ്കിലും പാന്റിന് പകരം ഷേര്‍ട്ട്‌സാണ് ധരിച്ചിരിക്കുന്നത്. ഇസ്രായലിനേക്കുറിച്ചുള്ള വാര്‍ത്ത വായിക്കുന്ന വേളയില്‍ സ്റ്റുഡിയോയുടെ വൈഡ് ആങ്കിള്‍ ഷോട്ട്‌സിലാണ് ഷോണ്‍ ലെയുടെ ദൃശ്യം പതിഞ്ഞിരിക്കുന്നത്. ഗുരുതരമായ വിഷയം ചര്‍ച്ചചെയ്യുന്നതിനിടയില്‍ സ്യൂട്ടും ഷോര്‍ട്ട്‌സും ധരിച്ച അവതാരകന്റെ ദൃശ്യങ്ങള്‍ വളരെപ്പെട്ടന്നാണ് വൈറലായത്. ഗാര്‍ഡിയന്‍ ന്യൂസ് യൂട്യൂബില്‍ അപ്ലോഡുചെയ്ത വീഡിയോ രണ്ട് ദിവസത്തിനുള്ളില്‍ ലക്ഷക്കണക്കിന് ആളുകളാണ് കണ്ടത്. 

വീഡിയോയും ചിത്രങ്ങളും ട്വിറ്ററില്‍ പ്രത്യക്ഷപ്പെട്ടതിന് പിന്നാലെ രസകരമായ കമന്റുകളാണ് ഉപയോക്താക്കള്‍ കുറിച്ചത്. 'ഇത് ഒരു സൂം കോള്‍ അല്ലെന്ന് ബിബിസി ന്യൂസ് റീഡര്‍ ഷോണ്‍ ലേയോട് ആരെങ്കിലും പറയാന്‍ മറന്നോ?'എന്നാണ് ഒരു ട്വിറ്റര്‍ ഉപയോക്താവ് ചോദിച്ചത്. ഷോണ്‍ ലെ ഷോട്‌സ് മാത്രം ധരിച്ച് വാര്‍ത്ത വായിച്ച ദിവസം ഈ വര്‍ഷം യു.കെയില്‍ രേഖപ്പെടുത്തിയ ഏറ്റവും ചൂട് കൂടിയ ദിവസമായിരുന്നതിനാല്‍ ഷോണ്‍ ലേയെ അനുകൂലിച്ചും ചിലര്‍ രംഗത്തെത്തി. 'കാലാവസ്ഥയ്ക്ക് അനുയോജ്യമായ വസ്ത്രധാരണം' എന്നാണ് മറ്റൊരാള്‍ പറഞ്ഞത്.

Content Highlights: BBC Anchor Caught On Air Wearing Shorts Under Desk, Viral Video Leaves Twitter in Splits