ഗോതാബയ രാജപക്സെ | Photo: AP
കൊളംബോ: ശ്രീലങ്കന്‍ പ്രസിഡന്റ് ഗോതാബയ രാജപക്സെയെ രാജ്യം വിടാന്‍ സഹായിച്ചത് ഇന്ത്യയാണെന്ന മാധ്യമറിപ്പോര്‍ട്ടുകള്‍ തള്ളി ലങ്കയിലെ ഇന്ത്യന്‍ ഹൈക്കമ്മിഷന്. ഇത്തരത്തിലുള്ള മാധ്യമ റിപ്പോര്‍ട്ടുകള്‍ അടിസ്ഥാനമില്ലാത്തവയും ഊഹാപോഹങ്ങളുമാണെന്നും ഹൈക്കമ്മിഷന് അറിയിച്ചു. പ്രസിഡന്റ് സ്ഥാനം രാജിവെക്കുന്നതിന് മുന്നോടിയായി രാജപക്സെ ലങ്ക വിട്ടിരുന്നു. ഈ സാഹചര്യത്തിലാണ് ഹൈക്കമ്മീഷന്റെ പ്രതികരണം.
ഗോതാബയ രാജപക്സെയ്ക്ക് ശ്രീലങ്കയ്ക്ക് പുറത്തേക്ക് കടക്കാന്‍ ആവശ്യമായ സഹായം ചെയ്തത് ഇന്ത്യയാണെന്ന അടിസ്ഥാനരഹിതവും ഊഹാപോഹം നിറഞ്ഞതുമായ മാധ്യമ റിപ്പോര്‍ട്ടുകള്‍ ഇന്ത്യന്‍ ഹൈക്കമ്മിഷന് നിസ്സംശയം തള്ളിക്കളയുന്നു. ജനാധിപത്യപരവും ഭരണഘടനാപരവുമായ മാര്‍ഗങ്ങളിലൂടെ പുരോഗതിയിലേക്കും സമൃദ്ധിയിലേക്കും മുന്നേറാനുള്ള ശ്രീലങ്കന്‍ ജനതയുടെ അഭിലാഷത്തിന് തുടര്‍ന്നും ഇന്ത്യ പിന്തുണ നല്‍കുമെന്നും ഇന്ത്യന്‍ ഹൈക്കമ്മിഷന് ട്വീറ്റ് ചെയ്തു.
Also Read
ഗോതാബയ രാജപക്സെയും ഭാര്യയും രണ്ട് അംഗരക്ഷകരും മാലദീപിലേക്ക് പോയതായി ശ്രീലങ്കന്‍ അധികൃതര്‍ ബുധനാഴ്ച സ്ഥിരീകരിച്ചിരുന്നു. ലങ്കന്‍ പ്രതിരോധമന്ത്രാലയത്തിന്റെ സമ്പൂര്‍ണ അനുമതിക്കു ശേഷമായിരുന്നു ഇവരുടെ യാത്ര. 13-ാം തീയതി അതിരാവിലെ കടുനായകെ അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്നാണ് ഇവര്‍ മാലദ്വീപിലേക്ക് പോയത്.
പ്രസിഡന്റിന്റെ എക്സിക്യുട്ടീവ് അധികാരങ്ങള്‍ ഉപയോഗപ്പെടുത്തിയാണ് രാജപക്സെ മാലദ്വീപിലേക്ക് പോയതെന്ന് ലങ്കന്‍ വ്യോമസേനയും പ്രസ്താവനയില്‍ അറിയിച്ചിട്ടുണ്ട്. ലങ്കയില്‍നിന്ന് പുറപ്പെട്ട രാജപക്സെയും സംഘവും മാലദ്വീപിലെ വേലന വിമാനത്താവളത്തില്‍ ഇറങ്ങി. രാജപക്സെ രാജ്യംവിട്ടതായി ശ്രീലങ്കന്‍ പ്രധാനമന്ത്രിയുടെ ഓഫീസും സ്ഥിരീകരിച്ചിട്ടുണ്ട്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..