ബ്രിഡ്ജ്ടൗണ്‍: കോളനി ഭരണത്തിന്റെ ശേഷിപ്പുകള്‍ പൂര്‍ണമായും തുടച്ചുമാറ്റിക്കൊണ്ട് ലോകത്തെ ഏറ്റവും പുതിയ റിപ്പബ്ലിക്കായി കരീബിയന്‍ ദ്വീപുരാജ്യം ബാര്‍ബഡോസ്. രാജ്യത്തിന്റെ പരമാധികാരിസ്ഥാനത്തുനിന്ന് (head of state) എലിസബത്ത് രാജ്ഞി-II യെ ഔദ്യോഗികമായി നീക്കം ചെയ്യുകയും രാജ്യത്തിന്റെ പ്രഥമ പ്രസിഡന്റായി സാന്ദ്രാ മേസണ്‍ അധികാരമേല്‍ക്കുകയും ചെയ്തു. 

നൂറ്റാണ്ടുകള്‍ നീണ്ട ബ്രിട്ടീഷ് ആധിപത്യത്തിന് അവസാന സല്യൂട്ട് നല്‍കി നല്‍കി സലാം പറഞ്ഞ ബാര്‍ബഡോസ്, ബ്രിട്ടന്റെ റോയല്‍ സ്റ്റാന്റേഡ് പതാക താഴ്ത്തുകയും സ്വന്തം പതാക ഉയര്‍ത്തുകയും ചെയ്തു.

barbados
സാന്ദ്രാ മേസണ്‍ അധികാരമേല്‍ക്കുന്നു| Photo: AFP 

തലസ്ഥാനമായ ബ്രിഡ്ജ്ടൗണില്‍ അര്‍ധരാത്രിയിലായിരുന്നു ചടങ്ങുകള്‍. ബാര്‍ബഡോസ് പാര്‍ലമെന്റിന്റെ ഇരു സഭകളും സംയുക്തമായി സമ്മേളിക്കുകയും സാന്ദ്രാ മേസണെ രാജ്യത്തിന്റെ പ്രസിഡന്റായി തിരഞ്ഞെടുത്ത വിവരം സ്പീക്കര്‍ ആര്‍തര്‍ ഹോളണ്ട് പ്രഖ്യാപിക്കുകയും ചെയ്തു. കഴിഞ്ഞ മാസമാണ് സാന്ദ്രയെ പ്രസിഡന്റായി തിരഞ്ഞെടുത്തത്. 

പ്രസിഡന്റ് പദത്തിലേക്കുള്ള സാന്ദ്രയുടെ വരവിനെ നിര്‍ണായകനിമിഷമെന്നാണ് പ്രധാനമന്ത്രി മിയ ആമര്‍ വിശേഷിപ്പിച്ചത്. പ്രിന്‍സ് ഓഫ് വെയില്‍സ് ആയ ചാള്‍സും ബാര്‍ബേഡിയന്‍ ഗായിക റിഹാനയും ഉള്‍പ്പെടെയുള്ളവര്‍ ചടങ്ങില്‍ പങ്കെടുത്തു. ബാര്‍ബഡോസിന്റെ 55-ാം സ്വാതന്ത്ര്യദിന (നവംബര്‍ 30) വാര്‍ഷികത്തിലാണ് രാജ്യം റിപ്പബ്ലിക്കായി മാറിയത്. 

barbados
ചടങ്ങില്‍ പങ്കെടുക്കാനെത്തിയ ഗായിക റിഹാന| Photo: AFP 

1625-ലാണ് ബാര്‍ബഡോസിന്റ തീരത്ത് ആദ്യ ഇംഗീഷ് കപ്പല്‍ എത്തുന്നത്. ദീര്‍ഘകാല പാരതന്ത്ര്യത്തിനു ശേഷം 1966 നവംബര്‍ 30-ന് ബാര്‍ബഡോസ് സ്വാതന്ത്ര്യം നേടി. ഒരുകാലത്ത് ബാര്‍ബഡോസ് അടിമക്കച്ചവടത്തിന്റെ കേന്ദ്രമായിരുന്നു. ബാര്‍ബഡോസിനെ അടിമസമൂഹമാക്കി മാറ്റിയത് ബ്രിട്ടീഷുകാരാണെന്നാണ് പറയപ്പെടുന്നത്. 1627-നും 1833നും ഇടയില്‍ ഇംഗ്ലീഷ് യജമാനന്മാരുടെ കരിമ്പുതോട്ടങ്ങളില്‍ ജോലി ചെയ്യാനായി ആറുലക്ഷത്തോളം ആഫ്രിക്കന്‍ അടിമകളെ ബാര്‍ബഡോസില്‍ എത്തിച്ചിരുന്നെന്നാണ് കണക്കുകള്‍. 

barbados
പ്രിന്‍സ് ഓഫ് വെയില്‍സ് ചാള്‍സ് ചടങ്ങില്‍| Photo: AFP 

റിപ്പബ്ലിക് ആയി മാറിയെങ്കിലും പതാകയോ ദേശീയ ഗാനമോ പ്രതിജ്ഞയോ മാറ്റാന്‍ ബാര്‍ബഡോസ് ഉദ്ദേശിക്കുന്നില്ലെന്നാണ് വിവരം. അതേസമയം റോയല്‍, ക്രൗണ്‍ തുടങ്ങിയ വിശേഷണങ്ങള്‍ ഔദ്യോഗിക പരാമര്‍ശങ്ങളില്‍ നിന്ന് ഒഴിവാക്കും. ഇതോടെ റോയല്‍ ബാര്‍ബഡോസ് പോലീസ് ഫോഴ്സിന്റെ പേര്  ബാര്‍ബഡോസ് പോലീസ് ഫോഴ്സ് എന്നായി മാറും.

 

content highlights: barbados becomes republic