ധാക്ക: മത തീവ്രവാദത്തെ വിമര്‍ശിച്ച യുഎസ് ബ്ലോഗറെ കൊലപ്പെടുത്തിയ കേസില്‍ അഞ്ച് തീവ്രവാദ ഗ്രൂപ്പ് അംഗങ്ങള്‍ക്ക് ബംഗ്ലാദേശ് കോടതി വധ ശിക്ഷ വിധിച്ചു.

ബംഗ്ലാദേശ് വംശജനായ അവിജിത് റോയ് എന്ന യുഎസ് പൗരനെ ആറു വര്‍ഷം മുമ്പാണ് കൊലപ്പെടുത്തിയത്. 2015 ഫെബ്രുവരിയില്‍ ധാക്ക പുസ്തക മേള കഴിഞ്ഞ് ഭാര്യയോടൊപ്പം നാട്ടിലേക്ക് മടങ്ങുന്നതിനിടെ അക്രമികള്‍ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.  ഭാര്യയും സഹബ്ലോഗറുമായ റാഫിദ അഹമ്മദിന് തലയക്ക് പരിക്കേല്‍ക്കുകയും ഒരു വിരല്‍ നഷ്ടപ്പെടുകയും ചെയ്തു. പ്രതികള്‍ക്കെതിരായ ആരോപണങ്ങള്‍ സംശയമില്ലാതെ തന്നെ തെളിയിക്കപ്പെട്ടു.

അക്രമികളില്‍ ഒരാളെ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചിട്ടുണ്ട്. മറ്റു അഞ്ചു പേരേയും വധശിക്ഷയ്ക്ക് വിധിച്ചു. ആറ് പേരും അല്‍ ഖ്വയ്ദയുമായി ബന്ധമുള്ള അന്‍സാറുല്ലാ ബംഗ്ലാ ടീമിലെ അംഗങ്ങളാണ്. ബ്ലോഗര്‍മാരുടേതടക്കം ഒരു ഡസനിലധികം പേരുടെ കൊലപാതകങ്ങളില്‍ ഇവര്‍ക്ക് പങ്കുള്ളതായാണ് വിവരം.

2013 നും 2016 നും ഇടയില്‍ ബ്ലോഗര്‍മാരെയും സാമൂഹ്യ പ്രവര്‍ത്തകരെയും മതന്യൂനപക്ഷങ്ങളെയും ലക്ഷ്യമിട്ട് ഇവര്‍ ആക്രമണങ്ങള്‍ നടത്തിയിട്ടുണ്ട്.

Content Highlights; Bangladesh Court Sentences 5 To Death For Killing US Blogger Avijit Roy