കേപ്ടൗണ്‍: മുന്നില്‍ പുള്ളിപ്പലി, എന്തുചെയ്യണമെന്നറിയാതെ കുഞ്ഞ് കൃഷ്ണമൃഗം. പക്ഷേ, പുള്ളിപ്പുലിയെ നേരിട്ട് ഒന്ന് രക്ഷപ്പെടാന്‍ തന്നെയായിരുന്നു ആ കൃഷ്ണമൃഗത്തിന്റെ തീരുമാനം. അതിനായി പലവഴികളും നോക്കി. ഒടുവില്‍ ആദ്യതവണ ഓടിരക്ഷപ്പെട്ടു. പക്ഷേ, മണിക്കൂറുകള്‍ക്കകം പുള്ളിപ്പുലിയുടെ ഇരയായി മാറുകയും ചെയ്തു.
സാമൂഹികമാധ്യമങ്ങളില്‍ ഏറെ പ്രചരിച്ച ഒരു വീഡിയോയുടെ ചുരുക്കമാണ് മുകളില്‍വിവരിച്ചത്. ദക്ഷിണാഫ്രിക്കയിലെ ക്രഗര്‍ ദേശീയ പാര്‍ക്കില്‍നിന്ന് ആന്‍ഡ്രേ ഫൂരിയാണ് ഈ വീഡിയോ പകര്‍ത്തിയത്. ഏറെ കൗതുകകരമായ വീഡിയോ ഇതിനോടകം തന്നെ അന്താരാഷ്ട്ര മാധ്യമങ്ങളടക്കം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ശത്രുവിനെ കണ്ടാലും എതിരാളികളെ കണ്ടാലും ഓടിപ്പോവുകയെന്നതാണ് കൃഷ്ണമൃഗത്തിന്റെ സ്വഭാവം. പക്ഷേ, ഒരു പുള്ളിപ്പുലിയുടെ മുന്നില്‍ അകപ്പെട്ടിട്ടും ഓടിമാറാന്‍ കഴിയാതിരുന്നതോടെ അതിനോട് ഒന്നു മുട്ടിനോക്കാനായിരുന്നു ഈ കൃഷ്ണമൃഗത്തിന്റെ തീരുമാനം. വീഡിയോയുടെ ആദ്യനിമിഷങ്ങള്‍ രസകരമാണെങ്കിലും അവസാനം വിജയം പുള്ളിപ്പുലിക്ക് തന്നെയായിരുന്നു. കൃഷ്ണമൃഗത്തെ പിന്തുടര്‍ന്ന പുള്ളിപ്പുലി അതിനെ അനായാസമായി കീഴ്‌പ്പെടുത്തുകയും കടിച്ചുകൊണ്ടുപോവുകയും ചെയ്തു.
Content Highlights: baby nyla charges leopard video from kruger national park south africa