കാന്‍ബെറ: ഇന്തോ-പസഫിക്ക് മേഖലയില്‍ ചൈനയെ പ്രതിരോധിക്കുക എന്ന ലക്ഷ്യത്തോടെ പുതിയ ത്രിരാഷ്ട്ര ഉടമ്പടി പ്രഖ്യാപിക്കുന്നതിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിളിച്ച് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി. മേഖലയില്‍ വര്‍ദ്ധിച്ചുവരുന്ന ചൈനയുടെ ആധിപത്യത്തെ പ്രതിരോധിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി അമേരിക്ക, യുകെ, ഓസ്ട്രേലിയ എന്നീ രാജ്യങ്ങള്‍ ചേർന്ന് പുതിയ സുരക്ഷാ സഖ്യം രൂപീകരിക്കാനുള്ള കരാര്‍ ഒപ്പുവയ്ക്കുന്നതിന് മുന്‍പാണ് ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍ മോദിയെ വിളിച്ച് ഉടമ്പടി സംബന്ധിച്ച വിവരങ്ങള്‍ ധരിപ്പിച്ചത്.

തങ്ങളുടെ നീക്കം ഇന്തോ-പസഫിക്കില്‍ സ്ഥിരത കൊണ്ടുവരുകയും താല്‍പര്യങ്ങള്‍ സംരക്ഷിക്കുകയും ചെയ്യുമെന്ന് പുതിയ സുരക്ഷാ സംരംഭത്തെക്കുറിച്ച് പ്രഖ്യാപിച്ചുകൊണ്ട് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍, യുകെ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍, ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍ എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു. 

AUKUS (ഓസ്‌ട്രേലിയ, യുകെ, യുഎസ്) എന്ന് വിളിക്കുന്ന ഈ ഉടമ്പടിയുടെ ഭാഗമായി വരുന്ന 18 മാസങ്ങളില്‍ മൂന്ന് രാജ്യങ്ങളും വിവിധ മേഖലകളില്‍ സഹകരിക്കും. സഖ്യത്തിന്‍റെ ഭാഗമായി അണുവായുധ ശേഷിയുള്ള എട്ട് അന്തര്‍വാഹിനികള്‍ ഓസ്‌ട്രേലിയയില്‍ നിര്‍മിക്കും. മേഖല കേന്ദ്രീകരിച്ച് പുതിയ സുരക്ഷാ ഉടമ്പടി വരുന്നത് ഇന്ത്യയ്ക്കും ഗുണകരമാണെന്നാണ് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്.

ത്രിരാഷ്ട്ര സഖ്യത്തെക്കുറിച്ച് നേരത്തെ അറിയിക്കാത്തതില്‍ ഫ്രാന്‍സ് കടുത്ത അതൃപ്തി  പ്രകടിപ്പിച്ചിരുന്നു. ഓസ്‌ട്രേലിയ 'പിന്നില്‍നിന്ന് കുത്തി' എന്നാണ് ഫ്രാന്‍സ് വിദേശകാര്യ മന്ത്രി ഈ സംഭവത്തില്‍ പ്രതികരിച്ചത്. AUKUS ഉടമ്പടി വന്നതോടെ 2016ല്‍ ഓസ്ട്രേലിയയുമായി ഒപ്പുവച്ച ഏകദേശം 65 ബില്യണ്‍ ഡോളറിന്റെ അന്തര്‍വാഹിനി കരാറിന് തിരശ്ശീല വീണതില്‍ പ്രകോപിതരാണ് ഫ്രാന്‍സ്. 

ഫ്രാന്‍സിന്റെ ബാരാക്കുഡ ആണവോര്‍ജ്ജ അന്തര്‍വാഹിനികളുടെ മാതൃകയില്‍ 12 അന്തര്‍വാഹിനികള്‍ നിര്‍മ്മിക്കാന്‍ ഓസ്ട്രേലിയ ഫ്രാന്‍സിന്റെ ഭാഗിക ഉടമസ്ഥതയിലുള്ള നേവല്‍ ഗ്രൂപ്പിനെ തിരഞ്ഞെടുക്കുകയായിരുന്നു. ഏകദേശം 31 ബില്യണ്‍ യൂറോ ആയിരുന്നു 2016ല്‍ പ്രഖ്യാപിക്കപ്പെട്ട ഈ പദ്ധതിയുടെ കരാർ തുക.

Content Highlights: Australian Prime Minister called Narendra Nodi to discuss about AUKUS alliance against china