മരണമുണ്ടാക്കുന്ന വേദന ആഴമുള്ളതാണ്. കോവിഡ് മഹാമാരി അത് കൂടുതല്‍ തീവ്രമാക്കി. ഉറ്റബന്ധുക്കളുടെ മരണസമയത്ത് അവര്‍ക്ക് അന്തിമോപചാരം അര്‍പ്പിക്കാന്‍ പോലും പറ്റാത്ത സാഹചര്യമാണ് ഈ മഹാമാരി സൃഷ്ടിച്ചത്. തനിക്ക് ഏറ്റവും പ്രിയപ്പെട്ട ആന്റി മരിച്ചപ്പോള്‍ ഓസ്‌ട്രേലിയയില്‍നിന്നുള്ള ബെന്‍ജമിന്‍ ജാക്‌സണ്‍ എന്ന കര്‍ഷകന്‍ നല്‍കിയ വ്യത്യസ്തമായ ആദരവാണ് സാമൂഹികമാധ്യമങ്ങളുടെ ഹൃദയം പിടിച്ചു പറ്റിയിരിക്കുന്നത്. കോവിഡ് 19 കാരണം ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിനാല്‍ ജാക്‌സണ് ബ്രിസ്‌ബെയിനിനു തന്റെ ആന്റിയുടെ മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിഞ്ഞില്ല. ലോക്ഡൗണ്‍ കാരണം ജാക്‌സണ്‍ ന്യൂ സൗത്ത് വെയില്‍സില്‍ കുടുങ്ങിപ്പോകുകയായിരുന്നു. ആന്റി രണ്ടുവര്‍ഷമായി അര്‍ബുദരോഗത്തിനു ചികിത്സയിലായിരുന്നു. 

ഹൃദയത്തിന്റെ ആകൃതിയില്‍ ആടുകളെ നിരത്തിയാണ് അദ്ദേഹം തന്റെ ആന്റിയോടുള്ള ആദരവ് പ്രകടിപ്പിച്ചത്. പാടത്താണ് അദ്ദേഹം ആടുകളെ അണി നിരത്തിയത്. വീഡിയോ പങ്കുവെച്ച് ജാക്‌സണ്‍ ഫെയ്‌സ്ബുക്കില്‍ ഇങ്ങനെ കുറിച്ചു- 'ഇത് എന്റെ ആന്റി ഡെബ്ബിനു വേണ്ടി ഞാനുണ്ടാക്കിയതാണ്. ആന്റി ഇന്നലെ ഞങ്ങളോട് അന്ത്യയാത്ര പറഞ്ഞു. മുകളിലിരുന്ന് താഴേക്ക് നോക്കി ആന്റി ഇത് കാണുന്നുണ്ടാകും. അവര്‍ക്കുവേണ്ടി തയ്യാറാക്കിയ 'ഷീപ് ആര്‍ട്ട്'ആണിത്. 

ആന്റിക്ക് ഏറെ പ്രിയപ്പെട്ട ഗാനം വീഡിയോയ്ക്ക് പശ്ചാത്തലസംഗീതമായും നല്‍കിയാണ് ജാക്‌സണ്‍ വീഡിയോ നിര്‍മിച്ചത്. 

ആയിരക്കണക്കിനു വരുന്ന ആടുകളെ എങ്ങിനെയാണ് ഹൃദയത്തിന്റെ ആകൃതിയില്‍ നിറുത്തിയതെന്നാണ് വീഡിയോ കാണുമ്പോള്‍ ആശ്ചര്യപ്പെടുത്തുന്ന കാര്യം. ആദ്യം ഹൃദയത്തിന്റെ ആകൃതിയില്‍ രൂപരേഖ തയ്യാറാക്കിയശേഷം അതിനുമുകളിലൂടെ ധാന്യങ്ങള്‍ വിതറുകയായിരുന്നു. തുടര്‍ന്ന് ഡ്രോണ്‍ ഉപയോഗിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തി. മൂന്നോ നാലോ തവണ ശ്രമിച്ചതിനുശേഷമാണ് വീഡിയോയില്‍ കാണുന്ന ദൃശ്യങ്ങള്‍ ലഭിച്ചതെന്ന് ദ ഗാര്‍ഡിയനു നല്‍കിയ അഭിമുഖത്തില്‍ ജാക്‌സണ്‍ പറഞ്ഞു. 

വീഡിയോ എഡിറ്റ് ചെയ്ത് അവസാനം കണ്ടപ്പോള്‍ താന്‍ കരഞ്ഞുപോയെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുമ്പ് താന്‍ സമാനമായ രീതിയില്‍ ഷീപ് ആര്‍ട്ട് ചെയ്തിട്ടുണ്ടെന്നും അത് ആന്റിക്ക് വളരെ ഇഷ്ടമായിരുന്നെന്നും അതിനാല്‍ പുതിയ വീഡിയോ എന്തുകൊണ്ടും അവര്‍ക്ക് ശ്രദ്ധാജ്ഞലിയാണെന്നും ജാക്‌സണ്‍ പറഞ്ഞു.

എന്തായാലും ജാക്‌സന്റെ കഠിനാധ്വാനത്തെയും വീഡിയോയെയും പുകഴ്ത്തി നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. വീഡിയോ മനോഹരമായിരിക്കുന്നുവെന്നും ആന്റി ഇത് കണ്ട് സന്തോഷിക്കുമെന്നും ഒട്ടേറെപ്പേര്‍ അഭിപ്രായപ്പെട്ടു.

Content Highlights: australian farmer pays tribute to aunt with a heart made of sheep