സിഡ്നി: കൊതുകുകളെ വന്ധ്യംകരിച്ച് ഡങ്കി,സിക്ക പോലുള്ള കൊതുക്ജന്യ രോഗങ്ങളെ തടയാമെന്ന് ശാസ്ത്രജ്ഞർ. ഓസ്ട്രേലിയയിലെ സി.എസ്.ഐ.ആര്‍.ഒയും ജയിംസ് കുക്ക് സര്‍വകലാശാലയും ചേര്‍ന്ന് നടത്തിയ ഗവേഷണത്തിലാണ് കൊതുക് വഴി പകരുന്ന നിരവധി രോഗങ്ങളെ പ്രതിരോധിക്കാൻ പുതിയ രീതി കണ്ടെത്തിയത്. 

ലബോറട്ടറികളിൽ ആൺകൊതുകുകളെ വളർത്തി ഇവയിലേക്ക് പ്രത്യുൽപാദനശേഷി നശിപ്പിക്കുന്ന വോല്‍ബാച്ചി എന്ന ബാക്ടീരിയയെ കടത്തി വിടുകയാണ് ആദ്യം ചെയ്യുന്നത്. പിന്നീട് ഈ കൊതുകുകളെ ഡങ്കിയും സിക്കയുമൊക്കെ  പരത്തുന്ന ഈഡിസ് ഈജിപ്തി കൊതുകുകള്‍ ധാരാളമായുള്ള സ്ഥലത്തേക്ക് തുറന്നു വിടുന്നു. ഇവ പെണ്‍ കൊതുകുകളുമായി ഇണചേരുകയും പെണ്‍കൊതുകുകള്‍ മുട്ട ഇടുകയും ചെയ്യുന്നു. എന്നാൽ വോൽബാച്ചി ബാക്ടീരിയകൾ ആൺകൊതുകുകളുടെ പ്രത്യുത്പാദനശേഷി നശിപ്പിച്ചതിനാൽ മുട്ടകൾ വിരിയില്ല. അങ്ങനെ കൊതുകുകളുടെ എണ്ണം ക്രമേണ കുറയുകയും ചെയ്യുമെന്നതാണ് കണ്ടെത്തല്‍.  

ജയിംസ് കുക്ക് സര്‍വകലാശാല ക്വീന്‍സ് ലാന്‍ഡിലെ ഇന്നിസ്ഫെയ്ല്‍ പട്ടണത്തിലാണ് ആദ്യ പരീക്ഷണം നടത്തിയത്. 20 മില്യൺ കൊതുകുളയാണ് ഇത്തരത്തിൽ വന്ധ്യംകരിച്ച് തുറന്ന് വിട്ടത്. കൊതുക് വന്ധ്യകരണം മുമ്പും പരീക്ഷിച്ചിട്ടുണ്ടെങ്കിലും പലപ്രദമായിരുന്നില്ല. നിരവധി കൊതുകുകളില്‍ ഒരേസമയം ബാക്ടീരിയ കടത്തി വിടുകയാണ് ചെയ്യുന്നത്. ഇതിന് ആവശ്യമായ സാങ്കേതിക വിദ്യയും സര്‍വകലാശാല വികസിപ്പിച്ചെടുത്തിട്ടുണ്ട്.

ഡെങ്കിപ്പനി, സിക്ക തുടങ്ങിയ കൊതുക് പടര്‍ത്തുന്ന മാരക രോഗങ്ങള്‍ ഇതിലൂടെ പ്രതിരോധിക്കാന്‍ സാധിക്കുമെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്. ഈഡിസ് ഈജിപ്തി, അനോഫിലിസ്, ക്യൂലക്‌സ് എന്നീ കൊതുകുകള്‍ 17 മാരകമായ രോഗങ്ങള്‍ പടര്‍ത്തുന്നുണ്ടെന്നാണ് കണ്ടെത്തല്‍.

content highlight: Australian experiment wipes out over 80% of disease-carrying mosquitoes