സിഡ്‌നി: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഓസ്‌ട്രേലിയയില്‍ ഏര്‍പ്പെടുത്തിയ കര്‍ശന ലോക്ഡൗണിനെതിരെ വ്യാപക പ്രതിഷേധം. സിഡ്‌നിയില്‍ ആയിരകണക്കിന് ആളുകള്‍ തെരുവിലിറങ്ങി. മെല്‍ബണിലും ബ്രിസ്‌ബേണിലും പ്രതിഷേധമുണ്ടായി.

'സ്വാതന്ത്ര്യം' എന്ന് മുദ്രാവാക്യം മുഴക്കി കൊണ്ടാണ് സിഡ്‌നിയില്‍ പ്രതിഷേധക്കാര്‍ തെരുവിലിറങ്ങിയത്. 57 പേരെ അറസ്റ്റ് ചെയ്തു. കോവിഡ് ഡെല്‍റ്റ വകഭേദം വ്യാപിച്ചതിനെ തുടര്‍ന്നാണ് ഓസ്‌ട്രേലിയയില്‍ വീണ്ടും ലോക്ഡൗണ്‍ പ്രഖ്യാപിച്ചത്.

അതേ സമയം രാജ്യത്ത് വാക്‌സിനേഷന്‍ നിരക്ക് വളരെ പിന്നിലാണ്. 14 ശതമാനത്തില്‍ താഴെ പേര്‍ മാത്രമാണ് ഇതുവരെ പ്രതിരോധ കുത്തിവെപ്പെടുത്തത്.

സിഡ്‌നി നഗരം കഴിഞ്ഞ നാലാഴ്ചയായി അടച്ചിട്ടിരിക്കുകയാണ്. എന്നാല്‍ കോവിഡ് കേസുകളില്‍ കുറവുമില്ല. സിഡ്‌നിയില്‍ റോഡുകള്‍ തടഞ്ഞാണ് പ്രതിഷേധം അരങ്ങേറിയത്. ഉദ്യോഗസ്ഥര്‍ക്ക് നേരെ കുപ്പിയേറുമുണ്ടായി.