തായ്‌പേയിടോ: റോഹിംഗ്യന്‍ അഭയാര്‍ഥി വിഷയത്തില്‍ പ്രതികരണവുമായി നൊബേല്‍ സമ്മാനജേതാവും മ്യാന്‍മര്‍ പരമാധികാരിയുമായ  ആങ് സാന്‍ സ്യൂചി. എല്ലാവിധത്തിലുമുള്ള മനുഷ്യാവകാശ ലംഘനങ്ങളെയും അപലപിക്കുന്നെന്ന് തായ്‌പേയ്‌ടോവില്‍ നടത്തിയ ലൈവ് ടി വി പ്രസംഗത്തില്‍ സ്യൂചി പറഞ്ഞു. നൊബേല്‍ സമ്മാനജേതാവു കൂടിയായ സ്യൂചി, സ്വന്തം രാജ്യത്തു നടക്കുന്ന കടുത്ത മനുഷ്യാവകാശ ലംഘനത്തില്‍ പ്രതികരിക്കാന്‍ തയ്യാറാകാത്തതില്‍ രൂക്ഷ വിമര്‍ശനം ഉയര്‍ന്നിരുന്നു.

റോഹിംഗ്യന്‍ വിഷയത്തിനു ശേഷം ഇതാദ്യമായാണ് സ്യൂചി രാജ്യത്തെ അഭിസംബോധന ചെയ്യുന്നത്. മ്യാന്‍മറിലെ മുസ്ലിം ന്യൂനപക്ഷമാണ് റോഹിംഗ്യകള്‍. രാജ്യത്ത് കടുത്ത മനുഷ്യാവകാശലംഘനങ്ങള്‍ നേരിടുന്നതിനെ തുടര്‍ന്ന് റോഹിംഗ്യകള്‍ സമീപരാജ്യങ്ങളിലേക്ക് പലായനം ചെയ്യുകയാണ്.

സമാധാനത്തോടും നിയമവാഴ്ചയോടും മ്യാന്‍മര്‍ പ്രതിബദ്ധത പുലര്‍ത്തുമെന്നും സ്യൂചി പറഞ്ഞു. റോഹിംഗ്യന്‍ പ്രശ്നവുമായി ബന്ധപ്പെട്ട് അന്താരാഷ്ട്ര ഇടപെടലുകളെ മ്യാന്‍മര്‍ ഭയക്കുന്നില്ലെന്നും സ്ഥായിയായ പരിഹാരത്തിനാണ് ശ്രമിക്കുന്നതെന്നും അവര്‍ പറഞ്ഞു.

പ്രശ്‌നപരിഹാരത്തിന് ഡോ. കോഫി അന്നന്റെ നേതൃത്വത്തിലുള്ള കമ്മീഷനെ ക്ഷണിച്ചിട്ടുണ്ട്. പലായനം ചെയ്തവര്‍ക്ക് തിരികെ വരാനുള്ള പരിശോധനാ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.  പ്രാദേശിക വിശ്വാസങ്ങളുടെയോ വംശീയമായ വിശ്വാസങ്ങളുടെയോ പേരില്‍ മ്യാന്‍മര്‍ വിഭജിക്കപ്പെടണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. വെറുപ്പും ഭയവുമാണ് ഏറ്റവും വലിയ വിപത്തെന്നും അവര്‍ പറഞ്ഞു.

സങ്കീര്‍ണതകള്‍ നിറഞ്ഞ രാജ്യമാണ് മ്യാന്‍മര്‍. ആളുകള്‍ ആഗ്രഹിക്കുന്നത് പ്രശ്‌നങ്ങളില്‍നിന്ന് ഏറ്റവും ചുരുങ്ങിയ സമയത്തിനുള്ളില്‍ ഞങ്ങള്‍ പുറത്തുവരണമെന്നാണ്.  എഴുപതുവര്‍ഷത്തോളം നീണ്ടുനിന്ന ആഭ്യന്തരകലഹത്തിനൊടുവിലാണ് ഞങ്ങള്‍ക്കു ശേഷമാണ് സമാധാനവും സ്ഥിരതയും കൈവരിക്കാനായതെന്നും അതവര്‍ പ്രസംഗത്തില്‍ കൂട്ടിച്ചേര്‍ത്തു.