കാബൂള്‍: അഫ്ഗാനിസ്ഥാനിലെ കാബൂള്‍ യൂണിവേഴ്‌സിറ്റിയിലുണ്ടായ ഭീകരാക്രമണത്തില്‍ നിരവധി വിദ്യാര്‍ഥികള്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ആക്രമണത്തില്‍ 19 പേര്‍ മരിച്ചതായും 22 പേര്‍ക്ക് പരിക്കേറ്റതായും വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. സുരക്ഷാ സേനയുമായി മണിക്കൂറുകള്‍ നീണ്ടുനിന്ന ഏറ്റുമുട്ടലുണ്ടായതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
തിങ്കളാഴ്ച രാവിലെ 11.30 ഓടെയായിരുന്നു ആക്രമണം. യൂണിവേഴ്‌സിറ്റി ഗേറ്റിലാണ് ആദ്യം ആക്രമണമുണ്ടായത്. ഇവിടെ സ്‌ഫോടനം നടത്തുകയും പിന്നീട് കാമ്പസില്‍ കടന്ന ഭീകരര്‍ വിദ്യാര്‍ഥികള്‍ക്കുനേരെ വെടിയുതിര്‍ക്കുകയുമായിരുന്നു. പിന്നീട് ഇവര്‍ ഏതാനും വിദ്യാര്‍ഥികളെയും അധ്യാപകരെയും ബന്ധികളാക്കി. പോലീസുമായി മണിക്കൂറുകള്‍ നീണ്ട ഏറ്റുമുട്ടലിനൊടുവിലാണ് ഇവരെ മോചിപ്പിച്ചത്.
മൂന്നു ഭീകരരാണ് ആക്രമണം നടത്തിയത്. ഇവരില്‍ ഒരാള്‍ ചാവേറായി പൊട്ടിത്തെറിക്കുകയായിരുന്നു. ഏറ്റുമുട്ടലില്‍ മറ്റു രണ്ടുപേര്‍ കൊല്ലപ്പെട്ടതായും സര്‍ക്കാര്‍ വക്താവ് താരിഖ് അരിയാന്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.
Content Highlights: Attack At Kabul University: 19 killed and 22 wounded