തായ്‌പേയ്(തായ്‌വാന്‍): കിഴക്കന്‍ തായ്‌വാനിലെ തുരങ്കത്തിനുള്ളില്‍ തീവണ്ടി പാളം തെറ്റി 36 പേരോളം മരിച്ചതായി റിപ്പോര്‍ട്ട്. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. തുരങ്കത്തിനുള്ളില്‍ ഇപ്പോഴും കുടുങ്ങിക്കിടക്കുന്ന യാത്രികരെ രക്ഷിക്കാനായുള്ള രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. 

പരിക്കേറ്റവര്‍ക്ക് വൈദ്യസഹായം എത്തിക്കാനായി ആശുപത്രികള്‍ക്ക് നിര്‍ദേശം നല്‍കിയതായി പ്രസിഡന്റ് സായ് ഇങ് വെന്നിന്റെ ഓഫീസ് അറിയിച്ചു. തുരങ്കത്തില്‍ കുടുങ്ങിയ ആളുകളെ രക്ഷിക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നതെന്നും അധികൃതര്‍ പറഞ്ഞു.

തായ്‌വാന്‍ സമയം രാവിലെ 9.30 ഓടെ തായ്‌വാനിലെ കിഴക്കന്‍ റെയില്‍വേ ലൈനിലായിരുന്നു അപകടം. 61 യാത്രക്കാരെ രക്ഷാപ്രവര്‍ത്തകര്‍ ആശുപത്രിയിലെത്തിച്ചിട്ടുണ്ട്. 72 യാത്രക്കാരോളം തുരങ്കത്തില്‍ കുടുങ്ങി കിടക്കുന്നതായാണ് വിവരം. തായ്‌പേയില്‍ നിന്ന് തായ്തുങ് നഗരത്തിലേക്ക് പോകുകയായിരുന്ന ട്രെയിനില്‍ 350 ഓളം യാത്രക്കാര്‍ ഉണ്ടായിരുന്നതായാണ് വിവരം.

Content Highlights: At Least 36 Dead, Dozens Injured After Train Derails In Taiwan